ഇങ്ങള് എടങ്ങേറ്ണ്ടാക്കല്ലീ...

എടപ്പാള്‍: വിമത സ്ഥാനാര്‍ഥികള്‍ പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് തലവേദനയാകുന്നു. വട്ടംകുളം, കാലടി, തവനൂര്‍ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ്, സി.പി.എം പാര്‍ട്ടികളാണ് വിമത ശല്യം നേരിടുന്നത്. വട്ടംകുളം പഞ്ചായത്തിലെ കുറ്റിപ്പാല ബ്ളോക്ക് ഡിവിഷനില്‍ വിമത സ്ഥാനാര്‍ഥിയായി തവനൂര്‍ ബ്ളോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മാനു കുറ്റിപ്പാല രംഗത്തുണ്ട്.

കാലടി പഞ്ചായത്തില്‍ പത്താം വാര്‍ഡായ കാവില്‍പ്പടിയില്‍ കോണ്‍ഗ്രസിലെയും മുസ്ലിംലീഗിലെയും ഒരു വിഭാഗം ചേര്‍ന്ന് രൂപവത്കരിച്ച ജനകീയ മുന്നണിയാണ് യു.ഡി.എഫിനെതിരെ മത്സരിക്കുന്നത്. ജനകീയ മുന്നണിയുടെ സ്ഥാനാര്‍ഥിയായ വിജയകുമാരിക്ക് എല്‍.ഡി.എഫ് പിന്തുണയും പ്രഖാപിച്ചു കഴിഞ്ഞു. യു.ഡി.എഫിന്‍െറ കുത്തക സീറ്റായ കാവില്‍പ്പടിയില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് വിജയകുമാരിയായിരുന്നു.

പിന്നീടാണ് ജനകീയ മുന്നണിയുടെ സ്ഥാനാര്‍ഥിയായി വിജയകുമാരി വീണ്ടും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഇതോടെയാണ് എല്‍.ഡി.എഫ് വിജയകുമാരിക്ക് പിന്തുണ പ്രഖ്യാപിച്ചത്. തവനൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡായ കൂരടയില്‍ എല്‍.ഡി.എഫിലെ സി.പി.എം സ്ഥാനാര്‍ഥി എ. ചാത്തപ്പനെതിരെ സി.പി.എം പ്രവര്‍ത്തകനായ അജീഷ് രംഗത്തുണ്ട്. വാര്‍ഡ് ഏഴായ മദിരശ്ശേരിയില്‍ എല്‍.ഡി.എഫിലെ സി.പി.എം സ്ഥാനാര്‍ഥി എം. സുധാകരനെതിരെ സി.പി.എം പ്രവര്‍ത്തകന്‍ കെ.പി. സുബ്രഹ്മണ്യനാണ് രംഗത്തുള്ളത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഒക്ടോബര്‍ 17നകം വിമതരെ അനുനയിപ്പിക്കാന്‍ കഴിയുന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വങ്ങള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.