ധ്യാന്‍ചന്ദ് പുരസ്കാരം മൂന്നു പേര്‍ക്ക്; അഞ്ച് പേര്‍ക്ക് ദ്രോണാചാര്യ

ന്യൂഡല്‍ഹി: കായിക രംഗത്തെ സമഗ്ര സംഭാവനക്കുള്ള 2015ലെ ധ്യാന്‍ചന്ദ്, പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മൂന്ന് പേര്‍ക്ക് ധ്യാന്‍ചന്ദും അഞ്ച് പേര്‍ക്ക് ദ്രോണാചാര്യയും നല്‍കാനുള്ള ശിപാര്‍ശകള്‍ കേന്ദ്ര കായിക മന്ത്രാലയം അംഗീകരിച്ചു. മലയാളിയായ ടി.പി.പി നായര്‍ (വോളിബാള്‍), റോമിയോ ജയിംസ് (ഹോക്കി), ശിവ് പ്രകാശ് മിശ്ര (ടെന്നിസ്), എന്നിവര്‍ക്കാണ് ധ്യാന്‍ചന്ദ് പുരസ്കാരം നല്‍കുക.

നവല്‍ സിങ് (അത് ലറ്റിക്സ്^പാരാ സ്പോര്‍ട്സ്), അനൂപ് സിങ് (ഗുസ്തി), ഹര്‍ബന്‍ സിങ് (അത് ലറ്റിക്സ്), സ്വതന്ത്രര്‍ രാജ് സിങ് (ബോക്സിങ്), നിഹാര്‍ അമീന്‍ (നീന്തല്‍) എന്നിവര്‍ക്കാണ് ദ്രോണാചാര്യ പുരസ്കാരം. ആഗസ്റ്റ് 17ന് മുന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സഫര്‍ ഇക്ബാല്‍ അധ്യക്ഷനായ സമിതി 60 പേരുടെ പട്ടികയില്‍ നിന്നാണ് മൂന്നു പേരെ ധ്യാന്‍ചന്ദ് പുരസ്കാരത്തിന് ശിപാര്‍ശ ചെയ്തത്. ദേശീയ കായിക ദിനമായ ആഗസ്റ്റ് 29ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി പുരസ്കാരങ്ങള്‍ സമ്മാനിക്കും.

ഇന്ത്യന്‍ വോളിബാള്‍ ടീം മുന്‍ ക്യാപ്റ്റനായിരുന്ന ടി.പി പത്മനാഭന്‍ നായര്‍ കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയാണ്. രണ്ടു തവണ ഏഷ്യന്‍ ഗെയിംസ് വോളിബാള്‍ മെഡല്‍ നേടിയ താരമാണ്. 1958ല്‍ വെങ്കലവും 1962ല്‍ വെള്ളിയുമാണ് നേടിയത്. റോമിയോ ജയിംസ് ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ഗോള്‍ കീപ്പറാണ്. 1982 ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടി. റോമിയോ പരിശീലിപ്പിച്ച ടീം 1994 ഹിരോഷിമ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയിരുന്നു. ഡേവിസ് കപ്പ് മുന്‍ ക്യാപ്റ്റന്‍ ആയിരുന്ന ശിവ് പ്രകാശ് മിശ്ര, ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാണ്.

എണ്‍പത്തി ഒന്നാം വയസ്സില്‍ ആദ്യ ആദരം

വൈകിയെത്തിയ ആനന്ദം -ടി.പി.പി. നായര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.