ജമ്മു: ഏപ്രിൽ 22നുണ്ടായ പഹൽഗാം ഭീകരാക്രമണത്തിൽ രണ്ട് ഭീകര സംഘടനകളെയും ആറു വ്യക്തികളെയും ഉൾപ്പെടുത്തി എൻ.ഐ.എ കുറ്റപത്രം. ലശ്കറെ ത്വയ്യിബ, ദ റെസിസ്റ്റൻസ് ഫ്രണ്ട് എന്നിവയാണ് സംഘടനകൾ. സംഭവത്തിന്റെ ഗൂഢാലോചനയിൽ പാകിസ്താനുള്ള പങ്ക് കുറ്റപത്രത്തിൽ എടുത്തുപറയുന്നുണ്ട്.
ഭീകരാക്രമണത്തിൽ 25 ടൂറിസ്റ്റുകളും പ്രദേശവാസിയായ ഒരാളുമാണ് കൊല്ലപ്പെട്ടത്. 1597 പേജുള്ള കുറ്റപത്രം ജമ്മു എൻ.ഐ.എ പ്രത്യേക കോടതിയിലാണ് സമർപ്പിച്ചത്. ഭീകരവാദിയെന്ന് കരുതുന്ന സാജിദ് ജാട്ടിന് പുറമെ, ജൂലൈ 29ന് ശ്രീനഗറിലെ ദചിഗാമിൽ നടന്ന സൈന്യത്തിന്റെ ഓപറേഷൻ മഹാദേവിൽ കൊല്ലപ്പെട്ട മൂന്ന് പാക് ഭീകരരുടെ പേരുകൾ കുറ്റപത്രത്തിലുണ്ട്.
ഫൈസൽ ജാട്ട് എന്ന സുലൈമാൻ ഷാ, ഹബീബ് താഹിർ എന്ന ജിബ്രാൻ, ഹംസ അഫ്ഗാനി എന്നിവരാണിത്. ഇന്ത്യക്കെതിരായി യുദ്ധം ചെയ്തു എന്ന കുറ്റം പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. എട്ടു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം സമർപ്പിച്ചത്.
കുറ്റപത്രത്തിൽ പറയുന്ന രണ്ടുപേരെ (പർവായിസ് അഹ്മദ്, ബഷീർ അഹ്മദ് ജോതർ) എൻ.ഐ.എ ജൂൺ 22ന് അറസ്റ്റ് ചെയ്തിരുന്നു. ഭീകരർക്ക് താമസ സൗകര്യമൊരുക്കി എന്നതാണ് ഇവർക്കെതിരായ കുറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.