ബാലാമണിയമ്മയുടെ കവിത നശിപ്പിച്ചതായി വെളിപ്പെടുത്തല്‍

കോഴിക്കോട്:  മലയാള സാഹിത്യ തറവാട്ടിലെ വല്യമ്മയായിരുന്ന നാലപ്പാട്ട് ബാലാമണിയമ്മയുടെ കവിത, തനിക്ക് ആശയപരമായി യോജിക്കാൻ കഴിയാത്തതിനാൽ പത്രാധിപ൪ നശിപ്പിച്ചതായി വെളിപ്പെടുത്തൽ. ബാലാമണിയമ്മയുടെ ഭ൪ത്താവും മാതൃഭൂമി പത്രാധിപരുമായിരുന്ന വി.എം. നായരാണ് കവിത നശിപ്പിച്ചത്. പുണെയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ‘പ്രവാസി ശബ്ദം’ മാസികയുടെ പുതിയ ലക്കത്തിൽ കവി ബാലചന്ദ്രൻ ചുള്ളിക്കാടാണ് വിവാദമായേക്കാവുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
‘ശമഭാവത്തിൻെറ ശുഭ്രദേവത’ എന്ന തലക്കെട്ടിൽ ചുള്ളിക്കാട് എഴുതിയ ലേഖനത്തിൽ, ബാലാമണിയമ്മ എറണാകുളത്ത് താമസിക്കുമ്പോൾ അവരുമായി നടത്തിയ സംഭാഷണങ്ങൾ ഓ൪ത്തെടുക്കുകയാണ്. പലകാര്യങ്ങൾ സംസാരിക്കുന്നതിനിടെ ചുള്ളിക്കാട്  വി.എം. നായരെക്കുറിച്ച് ചോദിച്ചു. അദ്ദേഹം ലൗകികനായിരുന്നുവെന്നും ജ്ഞാനമാ൪ഗത്തിൽ താൽപര്യമില്ലായിരുന്നുവെന്നും അവ൪ പറഞ്ഞു.
‘അമ്മയുടെ കവിതകളൊക്കെ വായിച്ച് അഭിപ്രായം പറയുമായിരുന്നോ?’-ചുള്ളിക്കാട് ചോദിച്ചു.
‘എൻെറ കവിതകളൊക്കെ ഇഷ്ടമായിരുന്നു’
‘വിമ൪ശിച്ചിട്ടുണ്ടോ?’. ഒരു നിമിഷം അമ്മ നിശ്ശബ്ദയായി. കണ്ണുകളിലൂടെ ഒരു മേഖച്ഛായ കടന്നുപോയതു പോലെ. പിന്നെ ശാന്തമായ സ്വരത്തിൽ പറഞ്ഞു. ‘കശ്മീ൪ കശ്മീരികൾക്ക് വിട്ടുകൊടുക്കണം എന്ന അ൪ഥത്തിൽ ഞാനൊരു കവിതയെഴുതിയിരുന്നു. പതിവുപോലെ  മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കാൻ കൊടുത്തു. ആ കവിത രാജ്യദ്രോഹമാണെന്നു പറഞ്ഞ് അദ്ദേഹം അതു നശിപ്പിച്ചുകളഞ്ഞു’
‘അപ്പോൾ ദേഷ്യം വന്നോ? ’
 ‘ഇല്ല’
‘സങ്കടം വന്നോ?’
‘ഇല്ല’
‘അദ്ദേഹം ചെയ്തത് തെറ്റാണെന്ന് തോന്നിയിലല്ലേ?
‘ഇല്ല. ഞാൻ എൻെറ ശരി എഴുതി. അദ്ദേഹം പത്രാധിപ൪ എന്ന നിലയിൽ അദ്ദേഹത്തിൻെറ ശരി ചെയ്തു’
‘ആ കവിത ഓ൪മയുണ്ടോ?’
‘ഇല്ല’
‘അമ്മ ചെയ്തത് രാജ്യദ്രോഹമാണെന്ന് സ്വയം തോന്നിയിട്ടുണ്ടോ, പിന്നീട്?’
‘അതില്ല. ഒരു കുടുംബാംഗം ഭാഗം ചോദിച്ചാൽ കൊടുക്കണം. അതാണ് നീതി. അതാണ് ധ൪മം. നീതിയും ധ൪മവുമൊക്കെ രാജ്യത്തെക്കാൾ വലുതാണെന്ന് അമ്മാവൻ പഠിപ്പിച്ചിട്ടുണ്ട്’
 കശ്മീ൪ പ്രശ്നത്തിൽ സമാനമായ നിലപാട് ബാലാമണിയമ്മയുടെ മകൾ കൂടിയായ  കമലാ സുരയ്യയും സ്വീകരിച്ചിരുന്നു.
ഇടതുപക്ഷ കവിയായ പ്രഭാവ൪മ്മയുടെ ‘ശ്യാമ മാധവം’ എന്ന ഖണ്ഡകാവ്യം, ഇടക്കുവെച്ച് നി൪ത്തിവെച്ച പത്രാധിപരുടെ നടപടി കേരളത്തിൽ വിവാദമായത് ഈയിടെയാണ്. ടി.പി. ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട് കവിയുടെയും വാരികയുടെയും നിലപാടുകൾ ഭിന്നമായതോടെയാണ് പത്രാധിപ൪ കവിത നി൪ത്തിവെക്കാൻ തീരുമാനിച്ചത്. കവി കൊലപാതകികൾക്കൊപ്പം നിൽക്കുമ്പോൾ അദ്ദേഹത്തിൻെറ കവിത പ്രസിദ്ധീകരിക്കുന്നതിൽ അ൪ഥമില്ലെ ന്നായിരുന്നു ഇതുസംബന്ധിച്ച് പത്രാധിപരുടെ വിശദീകരണം. ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച പുതിയ ച൪ച്ചകൾക്ക് പ്രസ്തുത നടപടി തുടക്കം കുറിക്കുകയുണ്ടായി. ഇപ്പോൾ ചുള്ളിക്കാടിൻെറ വെളിപ്പെടുത്തലും സാംസ്കാരിക രംഗത്ത് പുതിയ ച൪ച്ചകൾക്ക് വഴിതുറന്നേക്കും.

ചുള്ളിക്കാടിന്റെ ലേഖനത്തിന്റെ പൂ൪ണരൂപം താഴെ കൊടുക്കുന്നു

ശമഭാവത്തിന്റെ ശുഭ്രദേവത

ബാലാമണിയമ്മ എറണാകുളത്ത് താമസമാക്കിയപ്പോൾ വല്ലപ്പോഴും അവരെ കാണാൻ പോവുക എൻെറ പതിവായിരുന്നു. തൂവെള്ള ഖദ൪വസ്ത്രം ധരിച്ച് ശമഭാവത്തിൻെറ ശുഭ്രദേവതയായി ആയമ്മ കട്ടിലിൽ ഇരിക്കും. നീല ഞരമ്പുകൾ പിടച്ച ശോഷിച്ച കൈയിൽ തൊട്ട് ഞാൻ അടുത്തിരിക്കും. പഴയ കാര്യങ്ങൾ ചോദിച്ചറിയും. അമ്മാവനായ നാലപ്പാട്ടു നാരായണമേനോനെക്കുറിച്ചാണ് എപ്പോഴും വാചാലയാവുക. അമ്മാവനാണു ഗുരു. എല്ലാം പഠിപ്പിച്ചുതന്നത് അമ്മാവനാണ്.
ഭാഷകളും പുരാണങ്ങളും കാവ്യങ്ങളും ധ൪മശാസ്ത്രങ്ങളും തത്ത്വചിന്തയും ചരിത്രവും എല്ലാം. വല്യ ആളായിരുന്നു. മനസ്സ് വിശാലമായിരുന്നു. വാക്കുകളിൽ ഒരു മഹാപുരുഷൻെറ രൂപം തെളിഞ്ഞു തെളിഞ്ഞുവരും. അന്തരീക്ഷത്തിൽ നവോത്ഥാനചൈതന്യം നിറയും.
ഒരു ദിവസം ഞാൻ ചോദിച്ചു:
""അമ്മമ്മ എന്തേ വി.എം. നായരെക്കുറിച്ച് ഒന്നും പറയാത്തത്?''
അമ്മമ്മ നിഴലില്ലാതെ പുഞ്ചിരിച്ചു. ""ആൾ എങ്ങനെയായിരുന്നു?'' ഞാൻ വീല്‍ും ചോദിച്ചു.
തണുത്ത ശബ്ദത്തിൽ അമ്മമ്മ പറഞ്ഞു:
""അദ്ദേഹം ലൗകികനായിരുന്നു. ജ്ഞാനമാ൪ഗത്തിൽ താൽപര്യം ഇല്ലായിരുന്നു.''
""അമ്മമ്മയുടെ കവിതകളൊക്കെ വായിച്ച് അഭിപ്രായം പറയുമായിരുന്നോ?''
""എൻെറ കവിതകളൊക്കെ ഇഷ്ടമായിരുന്നു.''
""വിമ൪ശിച്ചിട്ടുൽോ?''
ഒരു നിമിഷം അമ്മമ്മ നിശ്ശബ്ദയായി. കണ്ണുകളിലൂടെ ഒരു മേഘച്ഛായ കടന്നുപോയ പോലെ. പിന്നെ, ശാന്തമായ സ്വരത്തിൽ പറഞ്ഞു:
""കാശ്മീ൪ കാശ്മീരികൾക്ക് വിട്ടുകൊടുക്കണം എന്ന അ൪ഥത്തിൽ ഞാൻ ഒരു കവിത എഴുതി. പതിവുപോലെ മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കാൻ കൊടുത്തു. ആ കവിത രാജ്യദ്രോഹമാണെന്നു പറഞ്ഞ് അദ്ദേഹം അത് നശിപ്പിച്ചുകളഞ്ഞു.''
""അപ്പോൾ ദേഷ്യം വന്നോ?''
""ഇല്ല.''
""സങ്കടം വന്നോ?''
""ഇല്ല.''
""അദ്ദേഹം ചെയ്തത് തെറ്റാണെന്ന് തോന്നിയില്ലേ?''
""ഇല്ല. ഞാൻ എൻെറ ശരി എഴുതി. അദ്ദേഹം പത്രാധിപ൪ എന്ന നിലയിൽ അദ്ദേഹത്തിൻെറ ശരി ചെയ്തു.''
""ആ കവിത ഓ൪മയുൽോ?''
""ഇല്ല.''
""അമ്മമ്മ ചെയ്തത് രാജ്യദ്രോഹമാണെന്ന് സ്വയം തോന്നിയിട്ടുൽോ പിന്നീട്?''
""അതില്ല. ഒരു കുടുംബാംഗം ഭാഗം ചോദിച്ചാൽ കൊടുക്കണം. അതാണു നീതി. അതാണു ധ൪മം. നീതിയും ധ൪മവുമൊക്കെ രാജ്യത്തേക്കാൾ വലുതാണെന്ന് അമ്മാവൻ പഠിപ്പിച്ചിട്ടുല്‍്.''
ഒരു ദിവസം ബാലാമണിയമ്മ മരിച്ചു. ഞാൻ അമ്മമ്മയെ അവസാനമായി കാണാൻ ചെന്നു. ക്ഷോഭമോ ദു$ഖമോ വിലാപമോ ഇല്ലാത്ത പരമശാന്തമായ മരണവീട്. തറയിൽ കൊഴിഞ്ഞുവീണ പിച്ചകപ്പൂവുപോലെ അമ്മമ്മ. ഇവിടെ മരണം ജീവിതത്തിൻെറ സ്വാഭാവികമായ പൂ൪ത്തീകരണമായി. മരണം നീതിയും ധ൪മവുമായി. ആ നിമിഷങ്ങളിൽനിന്ന് ഞാൻ നേടിയ അറിവ് എൻെറ ജന്മത്തിലെ അപൂ൪വമായ അനുഗ്രഹമായി.










 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.