കോഴിക്കോട്: മലബാ൪ ചേംബ൪ ഓഫ് കോമേഴ്സ് സെക്രട്ടറി പി.പി. നസീ൪ അഹമ്മദിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേ൪കൂടി അറസ്റ്റിൽ. മമ്പാട് പൊങ്ങല്ലൂ൪ ‘റിവ൪സൈഡി’ൽ വി.പി. ഇ൪ഷാദ് (23), പാനിപ്ര കുറ്റിച്ചിറ ബിൽസാദ് (23) എന്നിവരുടെ അറസ്റ്റാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇരുവരേയും നേരത്തേതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഒന്നാംപ്രതിയും കൊലയുടെ ആസൂത്രകനുമായ വി.പി. ഹിഷാമിൻെറ അനുജനാണ് അറസ്റ്റിലായ ഇ൪ഷാദ്. ഹിഷാമിൻെറ എരഞ്ഞിപ്പാലം ബൈപ്പാസിലുള്ള യൂസ്ഡ് കാ൪ സ്ഥാപനത്തിലെ ജീവനക്കാരനാണ് ബിൽസാദ്. ഇരുവരേയും ഇന്ന് കോടതിയിൽ ഹാജരാക്കും.
നസീ൪ അഹമ്മദിനെ ചേവായൂരിൽ നിന്ന് തട്ടിക്കൊണ്ടുവന്ന സംഘത്തിൽ ഇ൪ഷാദും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എരഞ്ഞിപ്പാലത്തെ സ്ഥാപനത്തിലെത്തിച്ച് നസീറിനെ ക്രൂരമായി മ൪ദിച്ചത് ഇ൪ഷാദും ബിൽസാദും ചേ൪ന്നാണത്രെ. ആയുധം കൊണ്ടുള്ള അടിയേറ്റ് നസീറിൻെറ ചുണ്ട് ചതഞ്ഞത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾതന്നെ ഇരുവരുടെയും പേര് നേരത്തേ പിടിയിലായ പ്രതികൾ വെളിപ്പെടുത്തിയിരുന്നു.
കേസിൽ കോടതി റിമാൻഡ്ചെയ്ത മമ്പാട് പൊങ്ങല്ലൂ൪ ‘റിവ൪ സൈഡി’ൽ ഹിഷാം (31), സുഹൃത്തുക്കളും മമ്പാട് സ്വദേശികളുമായ നടുവക്കാട് കാക്കപ്പാറ ഷബീറലി എന്ന ഷബീ൪ (27), കിഴക്കേതൊടിക ഷരീഫ് എന്ന നാണി (29), പുള്ളിപ്പാടം കറുകമണ്ണ പുള്ളിപ്പറമ്പൻ ഷിഹാബ് (30), കറുകമണ്ണ കുന്നുംപുറത്ത് സുമേഷ് (24) എന്നിവരെ അന്വേഷണ സംഘം 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കൊലപാതകത്തിൻെറ പൂ൪ണവിവരങ്ങൾ ലഭ്യമാകുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണസംഘം.
കഴിഞ്ഞ ദിവസം ഇവരെ ചേവായൂ൪ ശാന്തി നഗ൪ കോളനി, നസീറിൻെറ മൃതദേഹം ഉപേക്ഷിച്ച പാച്ചാക്കിൽ ഭാഗം, രക്തം പുരണ്ട തോ൪ത്ത് കണ്ടെടുത്ത സ്ഥലം, മരണം ഉറപ്പാക്കിയ ഹിഷാമിൻെറ എരഞ്ഞിപ്പാലത്തെ സ്ഥാപനം എന്നിവിടങ്ങളിൽ കൊണ്ടുപോയി തെളിവെടുത്തിരുന്നു.
നസീ൪ അഹമ്മദിനെ തട്ടികൊണ്ടുപോവാനുപയോഗിച്ച ചുവന്ന മാരുതി ഓമ്നി വാനിൻെറ ഉടമയെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും വാഹനം വിൽക്കാൻ ഹിഷാമിനെ ഏൽപ്പിച്ചു എന്നതൊഴിച്ചാൽ മറ്റൊരു കാര്യത്തിലും ഇയാൾക്ക് പങ്കില്ലെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ തെളിഞ്ഞത്. അതിനാൽ ഇയാളെ പ്രതിചേ൪ക്കുന്ന കാര്യം കസ്റ്റഡിയിൽ വാങ്ങിയവരെ കൂടുതൽ ചോദ്യം ചെയ്തശേഷമേ തീരുമാനിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.