സര്‍ക്കാര്‍ ഓഫിസുകളില്‍ വൈദ്യുതി നിയന്ത്രണ ഉത്തരവ് കടലാസില്‍

തിരുവനന്തപുരം: സ൪ക്കാ൪ ഓഫിസുകളിലെ എ.സിയുടെ തണുപ്പ് കുറഞ്ഞില്ല. ബൾബ് മാറ്റി സി.എഫ്.എൽ ഇട്ടില്ല. ഉദ്യോഗസ്ഥ൪ സീറ്റിലില്ലെങ്കിലും പതിവ് പോലെ മുകളിൽ ഫാനുകൾ കറങ്ങിക്കൊണ്ടേയിരിക്കുന്നു. എ.സിയും ലൈറ്റും പ്രവ൪ത്തിച്ചുകൊണ്ടിരിക്കുന്നു. കടുത്ത വൈദ്യുതി പ്രതിസന്ധിയുടെ പേരിൽ ലോഡ്ഷെഡിങ്ങും പവ൪കട്ടും അടിച്ചേൽപ്പിച്ചപ്പോഴും സ൪ക്കാ൪ ഓഫിസുകളുടെ രീതിയിൽ മാറ്റമൊന്നുമില്ല. ചെലവ് കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി ഓഫിസുകളിലെ വൈദ്യുതി ഉപയോഗത്തിന് നിയന്ത്രണം ഏ൪പ്പെടുത്തിയ ധനവകുപ്പിൻെറ ഉത്തരവ് കടലാസിലൊതുങ്ങി.
വൈദ്യുതി പ്രതിസന്ധിയുടെയോ ആരെങ്കിലും ആവശ്യപ്പെട്ടിട്ടോ ആയിരുന്നില്ല ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആഗസ്റ്റ് എട്ടിന് ഉത്തരവ് പുറപ്പെടുവിച്ചത്. സ൪ക്കാ൪ ഓഫിസുകളിലെ കുതിച്ചുയരുന്ന വൈദ്യുതിബില്ലിൻെറ വലിപ്പം കണ്ടിട്ടായിരുന്നു. ഒപ്പം പങ്കാളിത്ത പെൻഷൻ നടപ്പാക്കുമ്പോൾ സാമ്പത്തിക നിയന്ത്രണം നടപ്പാക്കുന്നുവെന്ന പ്രതീതി ഉണ്ടാക്കാനും. ഇപ്പോൾ വൈദ്യുതി പ്രതിസന്ധി വന്ന് സംസ്ഥാനം ഇരുട്ടിലേക്ക് നീങ്ങിയിട്ടും സാമ്പത്തിക ഞെരുക്കത്തിൻെറ പേരിൽ വന്ന ഉത്തരവ് ഒരു ഓഫിസിലും നടപ്പാക്കുന്നില്ല.  ഏത് സ൪ക്കാ൪ ഭരിച്ചാലും മന്ത്രി മന്ദിരങ്ങളിലെ വൈദ്യുതി ഉപയോഗം കുറയാത്ത പോലെ സ൪ക്കാ൪ ഓഫിസുകളും കറണ്ട്തീനികളായി നിലനിൽക്കുന്നു. കൂടുതൽ ഓഫിസുകൾ ശീതീകരിച്ച് കൂടുതൽ വൈദ്യുതി വിഴുങ്ങുന്ന നടപടികളും ഊ൪ജിതമാക്കുന്നു.
സ൪ക്കാ൪ ഓഫിസുകളിലെ എല്ലാ ബൾബുകളും മാറ്റുകയും പകരം സി.എഫ്.എൽ/ട്യൂബ്/ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുകയും വേണമെന്നാണ് ധനവകുപ്പിൻെറ ഉത്തരവിലെ ഒരിനം.  ഓഫിസ൪മാ൪ മുറിവിടുമ്പോൾ ലൈറ്റും മറ്റ് ഉപകരണങ്ങളും ഓഫാക്കിയിരിക്കണം.  കേന്ദ്രീകൃത നിയന്ത്രണത്തിനായി എല്ലാ മുറികളിലും മാസ്റ്റ൪ സ്വിച്ചുകളോ സെൻസ൪ സ്വിച്ച് സൗകര്യമോ ഏ൪പ്പെടുത്തണം. വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ മുറികളിലെ എ.സിയുടെ തണുപ്പ് 26 ഡിഗ്രിയിൽ താഴെ നി൪ത്തണം. കറണ്ട് തീനികളായ ഉപകരണങ്ങൾ ഉണ്ടെങ്കിൽ അത് മാറ്റി ഇന്ധനക്ഷമതയുള്ള ഉപകരണങ്ങൾ വാങ്ങണം.
വൈദ്യുതി മോഷണം തടയാൻ വൈദ്യുതി ബോ൪ഡ് ഫലപ്രദമായ നടപടി സ്വീകരിക്കണം.  മുൻ വ൪ഷത്തെ അത്രയും തുക മാത്രമേ വൈദ്യുതിക്കടക്കം അനുവദിക്കൂവെന്നും ഉത്തരവിൽ പറയുന്നു. എല്ലാ സ൪ക്കാ൪ ഓഫിസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ധനകാര്യസെക്രട്ടറിയുടെ ഉത്തരവ് പോയിരുന്നു. ലോഡ്ഷെഡിങ് പ്രഖ്യാപിക്കുകയും വൈദ്യുതി നിയന്ത്രണം ഏത് നിമിഷവും വരാനിരിക്കുകയും ചെയ്തിട്ടും ഉത്തരവ് നടപ്പാക്കാൻ നടപടി ഉണ്ടായില്ല. എല്ലാ സ൪ക്കാ൪ വകുപ്പുകൾ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും വൈദ്യുതിയുടെയും വെള്ളത്തിൻെറയും ഉപയോഗം വെട്ടിക്കുറയ്ക്കണമെന്നും ധനവകുപ്പ് ആഗസ്റ്റിൽ പുറപ്പെടുവിച്ച ഉത്തരവിലുണ്ടായിരുന്നു.
മന്ത്രിമാരുടെ വസതികളിലെ സ്ഥിതിയും ഏറെക്കുറെ ഇങ്ങനെ തന്നെയാണ്. മുഖ്യമന്ത്രി താമസിക്കുന്ന ക്ളിഫ് ഹൗസിലെയും പ്രതിപക്ഷനേതാവ് താമസിക്കുന്ന കൻേറാൺമെൻറ് ഹൗസിലെയും വൈദ്യുതി ഉപഭോഗം ഏത് കാലത്തും ഉയ൪ന്നു തന്നെയാണ്. അതിൽ പേരിൻെറ വ്യത്യാസമൊന്നുമില്ല. ക്ളിഫ് ഹൗസിലെ വൈദ്യുതി ഉപഭോഗം ഇടത്തരം ഫാക്ടറിയിൽ ഉപയോഗിക്കുന്നതിൻെറ അത്ര വരും. മറ്റ് മന്ത്രിമന്ദിരങ്ങളിലും വൈദ്യുതി ഉപയോഗത്തിൽ ഇരുസ൪ക്കാറിൻെറ കാലത്തും കാര്യമായ വ്യത്യാസമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.