കോഴിക്കോട്: മലബാ൪ ചേംബ൪ ഓഫ് കോമേഴ്സ് സെക്രട്ടറിയും കല്ലായി ‘ഇലക്ട്രോ ഏജൻസീസ്’ ഉടമയുമായ നസീ൪ അഹമ്മദ് കൊല്ലപ്പെട്ട സംഭവത്തിൽ 40ഓളം പേരെ പൊലീസ് ചോദ്യംചെയ്തു. നസീറിൻെറ ഇൻഡിക കാറ് കണ്ടെടുത്തതിനു സമീപമുള്ള ചേവായൂ൪ ശാന്തിനഗ൪ കോളനി നിവാസികൾ, നസീറിൻെറ അയൽവാസികൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരിൽനിന്നാണ് പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നത്.
സംഭവ സ്ഥലത്ത് നാട്ടുകാ൪ കണ്ടതായി പറയുന്ന ചുവന്ന മാരുതിവാനും ആറംഗ സംഘത്തെയും ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ, വാനിനെക്കുറിച്ചോ അതിലുണ്ടായിരുന്നവരെ കുറിച്ചോ പൊലീസിനിതുവരെ കൃത്യമായ വിവരം ലഭിച്ചിട്ടില്ല.
വെള്ളിയാഴ്ച രാത്രി കൊല്ലപ്പെട്ട നസീറിൻെറ മൃതദേഹം ശനിയാഴ്ച രാവിലെ മലാപ്പറമ്പിനടുത്ത പാച്ചാക്കിൽ ഭാഗത്താണ് കണ്ടെത്തിയത്.
നസീ൪ അടുത്തിടെ റിയൽ എസ്റ്റേറ്റ് വ്യാപാരത്തിലേക്ക് കടന്നതിനാൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വെസ്റ്റ് കല്ലായ് സ്വദേശിയായ നസീ൪ എങ്ങനെ രാത്രി ചേവായൂരിലെത്തി എന്നതുസംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്. വെള്ളിയാഴ്ച രാത്രി 12.20ന് ശാന്തിനഗ൪ കോളനിക്കടുത്തുള്ള റോഡിൽനിന്ന് നിലവിളി കേട്ടെന്നും ഇതേസമയം കോളനിറോഡിൻെറ കവാടത്തിൽ ആറുപേ൪ നിൽക്കുന്നതായും പിന്നീട് ചുവന്ന മാരുതിവാൻ അമിതവേഗത്തിൽ ഓടിച്ചുപോയതായും നാട്ടുകാ൪ നൽകിയ മൊഴിയാണ് പൊലീസിനുലഭിച്ച ഏറ്റവും വലിയ തെളിവ്. അതിനാൽ ഈ വാൻ കണ്ടെത്തിയാൽ നി൪ണായക വിവരങ്ങൾ കിട്ടുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്. ഇതിനായി കോഴിക്കോട്ടെ വിവിധ ആ൪.ടി. ഓഫിസുകളിൽ റജിസ്റ്റ൪ ചെയ്ത ചുവന്ന മാരുതിവാനുകളെ സംബന്ധിച്ച് കണ്ണൂ൪, വയനാട് ജില്ലകളിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
നസീറിൻെറ ഫോണിലേക്ക് വെള്ളിയാഴ്ച വന്ന കോളുകളും ഇതിനകം പരിശോധിച്ചു. കൊലപാതകം നടന്നദിവസം ചേവായൂരിലെ മൊബൈൽ ഫോൺ ടവറുകളിലേക്ക് വന്നതും പോയതുമായ കോൾ വിവരങ്ങളെടുക്കാൻ പൊലീസ് തീരുമാനിച്ചെങ്കിലും ഞായറാഴ്ചയായതിനാൽ ഇന്നലെ സാധ്യമായില്ല. ഇവ ഇന്ന് പരിശോധിക്കും. സംഭവദിവസം താമരശേരിചുരം കടന്നുപോയ കാറുകളെ സംബന്ധിച്ച വിവരം പെട്രോൾ ബങ്കുകൾ കേന്ദ്രീകരിച്ചും എടുക്കുന്നുണ്ട്.
സിറ്റി പൊലീസ് കമീഷണ൪ ജി. സ്പ൪ജൻകുമാറിൻെറ മേൽനോട്ടത്തിൽ അസി. കമീഷണ൪ പ്രിൻസ് എബ്രഹാം, സി.ഐമാരായ പ്രകാശ് പടന്നയിൽ, പി.കെ. സന്തോഷ്, പ്രേമദാസൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സ്ക്വാഡുകളായാണ് അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.