കുറ്റ്യാടി: പത്രത്തിൽവന്ന മത്സര പരസ്യത്തിൽ പങ്കെടുത്ത് ജയിച്ച് രണ്ടു പവൻ സ്വ൪ണനാണയത്തിന് അ൪ഹനായ യുവാവിന് സമ്മാനമായി ലഭിച്ചത് അറക്കപ്പൊടി. പോരാത്തതിന് പോസ്റ്റൽ ചാ൪ജിനത്തിൽ 2100 രൂപ നഷ്ടപ്പെടുകയും ചെയ്തു. പ്ളംബിങ് ജോലിക്കാരൻ അടുക്കത്ത് നെരയങ്കോട്ട് ശുഹൈബാണ് അജ്ഞാത സംഘത്തിൻെറ തട്ടിപ്പിനിരയായത്. കഴിഞ്ഞ ഓണത്തിനാണ് പ്രമുഖ മലയാള പത്രത്തിൽ മത്സരത്തിൻെറ പരസ്യം വന്നത്. ഒന്നാം സമ്മാനം ആൾട്ടോ കാ൪, രണ്ടാം സമ്മാനം സ്വ൪ണാഭരണം എന്നിങ്ങനെയായിരുന്നത്രെ പ്രഖ്യാപനമുണ്ടായിരുന്നത്.
ഒരു സിനിമാ നടൻെറ പാതിമുറിച്ച പടം കൊടുത്ത് ആരാണെന്ന് എസ്.എം.എസ് ചെയ്യാനായിരുന്നു നി൪ദേശം. അതുപ്രകാരം സുരേഷ്ഗോപി എന്ന് ഉത്തരമയച്ച ശുഹൈബിന് രണ്ടു പവൻ സ്വ൪ണം സമ്മാനം ലഭിച്ചതായി അറിയിപ്പു വന്നു. 08083404656 എന്ന നമ്പറിൽനിന്ന് വിളിച്ചാണ് തൻെറ വിലാസം വാങ്ങിയതെന്ന് ശുഹൈബ് പറഞ്ഞു. ഇന്നലെ തട്ടിപ്പിനിരയായ ശേഷം വിളിച്ചപ്പോൾ ഫോണെടുത്തില്ലത്രെ.
എക്സ്പ്രസ് വി.പി പാ൪സലായി വന്ന പെട്ടിക്കു പുറത്ത് ആയു൪വേദിക് മെഡിസിൻ എന്ന് രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ പേര് ഹിന്ദിയിലാണ് എഴുതിയിരുന്നത്. മരച്ചട്ട കൊണ്ടുണ്ടാക്കിയ പെട്ടിക്ക് ചോക്കുപെട്ടിയേക്കാൾ വലുപ്പമുണ്ട്. മൂന്നു സഞ്ചികളാണുണ്ടായിരുന്നത്. അതിൽ രണ്ടിൽ മരപ്പൊടിയും, ഒന്ന് കാലിയുമായിരുന്നു. ഇത്തരം തട്ടിപ്പ് സ്ഥിരമാണെന്ന് പോസ്റ്റൽ അധികൃത൪ പറയുന്നു. അടുത്ത കാലത്ത് 500 രൂപക്ക് വി.പി.പിയായി സ്വ൪ണകമ്മൽ സമ്മാനമായി പ്രഖ്യാപിച്ച് മുക്കുപണ്ടമാണ് ഒരാൾക്ക് അയച്ചതെന്നും പറയുന്നു. തട്ടിപ്പ് മുൻകൂട്ടി മനസ്സിലാക്കുന്ന ചില൪ പാ൪സൽ തിരിച്ചയക്കാറാണ് പതിവത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.