കലാമണ്ഡലം രംഗകലാ മ്യൂസിയം ദക്ഷിണേന്ത്യന്‍ കലയുടെ പ്രതീകമാകും -പ്രധാനമന്ത്രി

തൃശൂ൪: ഇന്ത്യയുടെ ബഹുസ്വരതയെയും സംസ്കാരങ്ങളുടെ സമന്വയത്തെയും ശക്തിപ്പെടുത്തും വിധം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സമ്പന്നമായ കലകളെ സംരക്ഷിച്ച് പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രമായി കലാമണ്ഡലത്തിലെ രംഗകലാ മ്യൂസിയം മാറുമെന്ന് പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് പ്രസ്താവിച്ചു. അനുഷ്ഠാന, നാടൻ, ശാസ്ത്രീയമേഖലകളിലായി വിന്യസിച്ചിരിക്കുന്ന ദക്ഷിണേന്ത്യൻ കലാരൂപങ്ങളെയും സംസ്കാരങ്ങളെയും ഫലപ്രദമായി മുന്നോട്ടുനയിക്കാൻ മ്യൂസിയത്തിന് കഴിയും. എട്ടുകോടി രൂപ ചെലവിൽ നി൪മിക്കുന്ന രാജ്യത്തെ ആദ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മ്യൂസിയത്തിന് കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യം, സംഗീതം, നൃത്തം, കല തുടങ്ങിയ മേഖലകളെ പരിപോഷിപ്പിക്കുന്നതിന് രബീന്ദ്രനാഥ ടാഗോറും വള്ളത്തോളും നൽകിയ സേവനങ്ങളെ പ്രധാനമന്ത്രി പ്രകീ൪ത്തിച്ചു.  രംഗകലാ മ്യൂസിയത്തിൽ ഗവേഷണത്തിനും കലാപ്രദ൪ശനത്തിനും ഒരുക്കുന്ന ഓഡിറ്റോറിയം, സ്റ്റുഡിയോകൾ, ആ൪ക്കൈവ്സ്, ഡിജിറ്റൽ ലൈബ്രറി തുടങ്ങിയ സംവിധാനങ്ങളെ പേരെടുത്തു പറഞ്ഞ് അദ്ദേഹം വിശദീകരിച്ചു.
14 വിഭാഗങ്ങളിൽ നൂറോളം വിദ്യാ൪ഥികൾ കലാമണ്ഡലത്തിൽ ഗുരുകുല സമ്പ്രദായത്തിൽ പഠനം തുടരുന്നു എന്നറിയാൻ കഴിഞ്ഞതിലെ സന്തോഷം 10 മിനിറ്റ് നീണ്ട പ്രസംഗത്തിൽ ഡോ. മൻമോഹൻസിങ് പ്രകടിപ്പിച്ചു. കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ തുടങ്ങിയ കലാരൂപങ്ങൾക്ക് കലാമണ്ഡലം നൽകുന്ന പ്രോത്സാഹനത്തിലൂടെ ഇവ സാംസ്കാരിക നവോത്ഥാനശ്രമങ്ങളുടെ പ്രതീകമാകുകയും അന്ത൪ദേശീയ പ്രശസ്തിയാ൪ജിക്കുകയും ചെയ്തതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
യുനസ്കോയുടെ പ്രത്യേക പട്ടികയിൽ കേരളത്തിൽ നിന്നുള്ള കൂടിയാട്ടവും മുടിയേറ്റും ഇടംനേടിയ കാര്യം പ്രധാനമന്ത്രി അനുസ്മരിച്ചു. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം, ക്രൈസ്തവ, ജൂതദേവാലയങ്ങൾ കേരളത്തിലാണെന്നത് ഈ പ്രദേശം നൂറ്റാണ്ടുകളായി പിന്തുടരുന്ന മഹനീയ പാരമ്പര്യത്തെയാണ് സൂചിപ്പിക്കുന്നത്. വിവിധ തത്വചിന്തകളെ ബഹുമാനിക്കാനും മതസഹിഷ്ണുത പുല൪ത്താനും കഴിയുന്ന പാരമ്പര്യമാണതിന് കാരണം. പരമ്പരാഗത കാലം തൊട്ടേ ഇവിടെയെത്തുന്ന സഞ്ചാരികൾക്കും കുടിയേറ്റക്കാ൪ക്കും നൽകിയ സ്വീകരണം അതിൻെറ തെളിവാണ്;  അദ്ദേഹം കൂട്ടിച്ചേ൪ത്തു. ഗവ൪ണ൪ ഡോ. എച്ച്. ആ൪. ഭരദ്വാജ് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി മുഖ്യപ്രഭാഷണം നടത്തി.
കേന്ദ്രമന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, ഇ. അഹമ്മദ്, എം.പിമാരായ പി.കെ. ബിജു, പി.സി. ചാക്കോ, കെ. രാധാകൃഷ്ണൻ എം.എൽ.എ എന്നിവ൪ സംബന്ധിച്ചു. മന്ത്രി കെ.സി. ജോസഫ് സ്വാഗതവും കലാമണ്ഡലം വൈസ് ചാൻസല൪ പി.എൻ. സുരേഷ് നന്ദിയും പറഞ്ഞു. പ്രധാനമന്ത്രിക്കായി കലാമണ്ഡലം ഗോപിയും ശിഷ്യൻ  കലാമണ്ഡലം കൃഷ്ണകുമാറും ഒരുക്കിയ ഗീതോപദേശം കഥകളിയും ‘അഷ്ടലക്ഷ്മി’  മോഹിനിയാട്ടവും അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.