കൊച്ചി: കള്ളവോട്ട് കേസിലെ പ്രതിയെ രക്ഷിക്കാൻ വസ്തുതകൾ മറച്ചുവെക്കുകയും ദു൪ബലമായ മൊഴി നൽകുകയും ചെയ്തുവെന്ന കേസിൽ പോളിങ് ഉദ്യോഗസ്ഥ൪ക്കെതിരെ എടുത്ത നിയമ നടപടി ഹൈകോടതി റദ്ദാക്കി. കണ്ണൂ൪ പെരിങ്ങളം അസംബ്ളി മണ്ഡലത്തിന് കീഴിലെ മൊകേരി ഗവ. ഹൈസ്കൂളിലെ ബൂത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചതിന് ശിക്ഷിക്കപ്പെട്ടയാളുടെ റിവിഷൻഹരജി തള്ളി, 2006ൽ ഹൈകോടതി സ്വമേധയാ എടുത്ത കേസാണ് ജസ്റ്റിസ് എം. ശശിധരൻ നമ്പ്യാ൪, ജസ്റ്റിസ് എൻ.കെ. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് റദ്ദാക്കിയത്. കള്ളവോട്ട് ചെയ്തതിന് അറസ്റ്റിലായ ഇ. അനൂപിനെ തലശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ആറ് മാസം തടവിന് ശിക്ഷിച്ചിരുന്നു.
പോളിങ് ഉദ്യോഗസ്ഥരായ തലശേരി സിവിൽ ഇലക്ട്രിക്കൽ ഡിവിഷൻ എൻജിനീയ൪ ഇ. പവിത്രൻ, കതിരൂ൪ കൃഷി ഓഫിസ് അസിസ്റ്റൻറ് കെ. വസന്ത, മാലൂ൪ എം.ജെ.എച്ച്.എസിലെ എൽ.ഡി ക്ള൪ക്ക് പി. ജി. ഗിരീഷ് കുമാ൪, തലശേരി ജനറൽ ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥൻ ടി. കെ. ഗോപകുമാ൪ എന്നിവരെ സാക്ഷികളായി കോടതി വിസ്തരിച്ചിരുന്നു.
എന്നാൽ, ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചെന്ന് ഉറപ്പില്ലെന്നുമുള്ള മൊഴിയാണ് ഇവ൪ നൽകിയത്. എങ്കിലും മറ്റ് തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ ശിക്ഷിക്കുകയായിരുന്നു.
വിധിക്കെതിരെ അനൂപ് നൽകിയ അപ്പീൽ സെഷൻസ് കോടതി തള്ളി. തുട൪ന്ന് ഹൈകോടതിയിൽ റിവ്യൂ ഹരജി സമ൪പ്പിച്ചു. ഈ ഹരജി തള്ളിയ ഹൈകോടതി ഇയാൾക്കെതിരെ ദു൪ബലമായ മൊഴി നൽകിയ സാക്ഷികളും പോളിങ് ഉദ്യോഗസ്ഥരുമായ ഇ. പവിത്രൻ, കെ. വസന്ത, പി. ജി. ഗിരീഷ് കുമാ൪, ടി. കെ. ഗോപകുമാ൪ എന്നിവ൪ക്കെതിരെ സ്വമേധയാ കേസെടുക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.