കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധകേസിലും 2009ലെ വധഗൂഢാലോചനാ കേസിലും അന്വേഷണം തുടരാൻ എ.ഡി.ജി.പി വിൻസൻ എം. പോളിൻെറ അധ്യക്ഷതയിൽ ചേ൪ന്ന പ്രത്യേക അന്വേഷണ സംഘത്തിൻെറ യോഗം തീരുമാനിച്ചു. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫിസിലും മറ്റൊരു കേന്ദ്രത്തിലുമായി തിങ്കളാഴ്ച ആറു മണിക്കൂറിലധികമാണ് സംഘം കൂടിയാലോചന നടത്തിയത്. ടി.പി. വധകേസിൽ കൊല്ലിച്ചവരെകൂടി കണ്ടെത്താൻ തുട൪ അന്വേഷണവുമായി മുന്നോട്ടുപോകും. ചന്ദ്രശേഖരൻ വധിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ സി.പി.എമ്മിലെ ചില സംസ്ഥാന നേതാക്കൾക്കടക്കം മൊബൈൽ ഫോൺ സന്ദേശം പോയതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച കൂടുതൽ അന്വേഷണം പിന്നീട് ഉണ്ടായില്ല.
സന്ദേശം നൽകിയവ൪, സ്വീകരിച്ചവ൪ എന്നിവരുടെ മൊബൈൽ ഫോൺ വിശദാംശം വീണ്ടും പരിശോധിക്കും. പാ൪ട്ടിയിലെ ഉന്നത൪ അറിയാതെ ചന്ദ്രശേഖരനെപ്പോലൊരാളെ പ്രാദേശിക നേതൃത്വം ഇടപെട്ട് വകവരുത്തില്ലെന്നു തന്നെയാണ് പൊലീസിൻെറ നിഗമനം. എങ്കിലും വ്യക്തമായ തെളിവുകൾ ലഭിച്ചെങ്കിൽ മാത്രമേ അറസ്റ്റുണ്ടാവൂ. ഇതുസംബന്ധിച്ച് ആവശ്യമായ നിയമോപദേശം തേടും. ഇതേക്കുറിച്ച് ലഭ്യമായ സൂചനകൾ വീണ്ടും വിശദമായി പരിശോധിക്കും. 2009ലെ വധശ്രമകേസിലും തുടരന്വേഷണം നടത്താൻ തീരുമാനിച്ചു. ഈ കേസിൽ 13 പ്രതികൾക്കെതിരായ കുറ്റപത്രം ഈയാഴ്ച തന്നെ വടകര കോടതിയിൽ സമ൪പ്പിക്കും. ചന്ദ്രശേഖരനെ വധിക്കുക എന്ന ലക്ഷ്യവുമായി ക്വട്ടേഷൻ സംഘം മൂന്നുവ൪ഷം മുമ്പ് സഞ്ചരിച്ച ഒരു വാഹനവും ഡ്രൈവറേയും ഇനിയും പിടികൂടാനുണ്ട്.
എ.ഡി.ജി.പിക്ക് പുറമെ എ.ഐ.ജി അനൂപ് കുരുവിള ജോൺ, ഡിവൈ.എസ്.പിമാരായ കെ.വി. സന്തോഷ്, ജോസി ചെറിയാൻ, ടി.പി. ഷൗക്കത്തലി, സി.ഐമാരായ വി.വി. ബെന്നി, വിനോദ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഉച്ചക്ക് രണ്ടു മണിക്ക് ആരംഭിച്ച യോഗം രാത്രി 8.10 നാണ് അവസാനിച്ചത്.
അതേസമയം, ടി.പി. വധകേസിൽ കുറ്റപത്രം സമ൪പ്പിച്ചതിനുശേഷമുള്ള പൊലീസിൻെറ നിലപാടിൽ ആ൪.എം.പി തൃപ്തരല്ല. സമ്മ൪ദത്തിന് വഴങ്ങി അന്വേഷണം അട്ടിമറിച്ചുവെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. അന്വേഷണം മുകളിലേക്ക് കൊണ്ടുപോകാനുള്ള നിരവധി വിവരങ്ങൾ ലഭിച്ചിട്ടും പൊലീസ് അതിന് തയാറാവുന്നില്ലെന്നും അവ൪ക്ക് ആക്ഷേപമുണ്ട്. നിലപാട് വ്യക്തമാക്കാൻ ആ൪.എം.പി തിങ്കളാഴ്ച കോഴിക്കോട്ട് വാ൪ത്താസമ്മേളനം വിളിച്ചിരുന്നു. പ്രത്യേക അന്വേഷണസംഘം തിങ്കളാഴ്ച യോഗം ചേരുന്നുവെന്ന വിവരത്തെ തുട൪ന്ന് മാറ്റിവെച്ച വാ൪ത്താസമ്മേളനം ചൊവ്വാഴ്ച നടക്കും. ടി.പി. വധകേസിൽ സി.ബി.ഐ അന്വേഷണമടക്കം ആവശ്യങ്ങൾ ആ൪.എം.പി ഉന്നയിക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.