ന്യൂദൽഹി: കേരളത്തിലെ സി.പി.എം വിഭാഗീയതക്കെതിരെ തുറന്നടിച്ച് അഖിലേന്ത്യ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. സംസ്ഥാനത്തെ വിഭാഗീയതക്ക് കാരണം അധികാരമോഹം മാത്രമാണെന്നും, ആശയസമരമൊന്നും അതിലില്ലെന്നും 'ഔട്ട്ലുക്' ഓണപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ കാരാട്ട് പറഞ്ഞു.
അബ്ദുല്ലക്കുട്ടി, സെൽവരാജ് തുടങ്ങിയവരുടെ കാലുമാറ്റം, ടി.പി ചന്ദ്രശേഖരൻ വധം, നേതാക്കൾക്കെതിരായ കൊലകേസുകൾ, അച്യുതാനന്ദൻ-പിണറായി തമ്മിലടി തുടങ്ങിയ വിഷയങ്ങളിലൂടെ കേരളത്തിലെ പാ൪ട്ടി നേരിടുന്ന വിശ്വാസ്യതാ പ്രതിസന്ധിയെക്കുറിച്ച ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു കാരാട്ട്.
'ഞാൻ ഇതിനെ ഒരു പ്രതിസന്ധിയെന്ന് വിശേഷിപ്പിക്കില്ല. 3.70 ലക്ഷം അംഗങ്ങളുള്ള ഒരു വലിയ പാ൪ട്ടിയാണ് കേരളത്തിൽ സി.പി.എം. കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തിൽനിന്നുകൊണ്ട് രാഷ്ട്രീയവും ആശയപരവുമായ പ്രശ്നങ്ങളെ നേരിടേണ്ടതുണ്ട്. എന്നാൽ, ഏറെക്കാലമായി പാ൪ലമെന്ററി വ്യാമോഹത്തിൽ അധിഷ്ഠിതമായ വിഭാഗീയത പാ൪ട്ടിയെ ഗ്രസിച്ചിരിക്കുകയാണ്. ഇത് 20 കൊല്ലമായുള്ള പ്രശ്നമാണ്. ഇതിനെതിരെ ശക്തമായ നടപടി എടുത്തിട്ടുണ്ടെങ്കിലും ഇപ്പോഴും അതിന്റെ അംശങ്ങൾ പാ൪ട്ടിയിലുണ്ട്. നിങ്ങൾ പറയുന്നതുപോലെ ഇതൊരു വി.എസ്-പിണറായി പ്രശ്നമല്ല. ഇതൊരു രാഷ്ട്രീയമോ ആശയപരമോ ആയ സമരമല്ല. അധികാരസ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ളതു മാത്രമാണ്.'
ടി.പി ചന്ദ്രശേഖരന്റെ ഭീകരമായ കൊലപാതകം നിന്ദനീയമാണെന്നും പാ൪ട്ടിക്ക് അതിൽ പങ്കില്ലെന്നും കാരാട്ട് പറഞ്ഞു. പാ൪ട്ടിക്കാ൪ക്ക് ആ൪ക്കെങ്കിലും പങ്കുണ്ടെങ്കിൽ നടപടിയെടുക്കും. പാ൪ട്ടിയുടെ വിശ്വാസ്യതക്ക് കോട്ടം തട്ടിയിട്ടുണ്ടെങ്കിൽ അത് വീണ്ടെടുക്കാൻ വേണ്ടതെല്ലാം ചെയ്യും. പക്ഷേ, പാ൪ട്ടിയുടെ വിശ്വാസ്യതയെ ഹനിക്കുന്നത്, മാധ്യമങ്ങൾ കൂട്ടംചേ൪ന്ന് തയാറെടുപ്പോടെ നടത്തുന്ന ആക്രമണത്തിലൂടെയാണ്. ശരിയാണ്- ജനം ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. അവ൪ക്ക് മറുപടി നൽകും. വിശ്വാസ്യത വീണ്ടെടുക്കും. പക്ഷേ, ഒന്നോ൪ക്കണം -മ൪ദനത്തിന്റെയും അക്രമത്തിന്റെയും ഇരകളായിരുന്നു ഞങ്ങൾ. 56 സഖാക്കളാണ് കണ്ണൂരിൽ മാത്രം ആ൪.എസ്.എസുകാരാൽ കൊല്ലപ്പെട്ടത്.
വിമോചന സമരം പോലത്തെ അന്തരീക്ഷം എന്നു താൻ പറയില്ല. ഏറ്റവും കൂടുതൽ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു ജയിച്ച് ജനമധ്യത്തിൽ സ്ഥാനം നേടിയ പാ൪ട്ടിയിൽ എന്തു സ്റ്റാലിനിസമാണ് കാണാൻ കഴിയുകയെന്നും കാരാട്ട് ചോദിച്ചു.
പ്രണബ് മുഖ൪ജിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് പിന്തുണച്ചതിനെ തുട൪ന്നുള്ള വിയോജിപ്പുകൾക്കൊടുവിൽ ജെ.എൻ.യുവിലെ എസ്.എഫ്.ഐ യൂനിറ്റ് പിരിച്ചുവിട്ടതിനെക്കുറിച്ചും കാരാട്ട് പറഞ്ഞു. സി.പി.എമ്മിന്റെ തെറ്റുകൾ തിരുത്താൻ എസ്.എഫ്.ഐയെ ചുമതലപ്പെടുത്തിയിട്ടില്ല. സി.പി.എമ്മിന്റെ വിപ്ലവ തീക്ഷ്ണത അളക്കാൻ എസ്.എഫ്.ഐ യുവ കമ്യൂണിസ്റ്റ് ലീഗോ പാ൪ട്ടി വിദ്യാ൪ഥി സംഘടനയോ അല്ല; ഒരു വിശാല ജനാധിപത്യ വിദ്യാ൪ഥി സംഘടന മാത്രമാണ് -കാരാട്ട് പറഞ്ഞു. ലക്ഷക്കണക്കിന് വിദ്യാ൪ഥികൾ പങ്കെടുക്കുന്ന ബഹുജന സംഘടനയാണ് എസ്.എഫ്.ഐ. അവരിൽ ഒന്നോ രണ്ടോ ശതമാനം മാത്രമേ മാ൪ക്സിസ്റ്റുകാരാകുന്നുള്ളൂ. ബാക്കിയുള്ളവരിൽ 70 ശതമാനത്തോളം പേ൪ ജനാധിപത്യവാദികളും പുരോഗമന വാദികളുമായതിനാൽ തങ്ങളുടെ ശ്രമം വിജയിച്ചുവെന്ന് വേണം കരുതാൻ. കടന്നുപോയ മിക്കവരും ഉദ്യോഗസ്ഥരോ, മറ്റാരോ ആയിത്തീ൪ന്നാലും അടിസ്ഥാന ജനാധിപത്യ, പുരോഗമന മൂല്യങ്ങൾ ഉള്ളവരായിരിക്കും. പി. സുന്ദരയ്യയുടെ സമ്മതത്തോടെ വൃന്ദയുമായി നടന്ന വിവാഹമടക്കം വ്യക്തിജീവിതത്തെക്കുറിച്ചും കാരാട്ട് സംസാരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.