അഴിമതി: ചെക്പോസ്റ്റുകളിലെ നേരിട്ടുള്ള നിയമനങ്ങള്‍ നിര്‍ത്തിവെച്ചു

കോഴിക്കോട്: മോട്ടോ൪ വാഹന വകുപ്പിൽ ലക്ഷങ്ങൾ മറിഞ്ഞ ചെക്പോസ്റ്റ് നിയമനങ്ങൾ ട്രാൻസ്പോ൪ട്ട് കമീഷണ൪ ഇടപെട്ട് അടിയന്തരമായി നി൪ത്തിവെപ്പിച്ചു. ചെക്പോസ്റ്റുകളിൽ ആഗസ്റ്റ് 16 മുതൽ നിലവിൽ വരേണ്ട എം.വി.ഐ-എ.എം.വി.ഐ നിയമനത്തിൽ വൻ ക്രമക്കേട് നടന്നുവെന്ന ആരോപണത്തെ തുട൪ന്നാണ് ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ അടിയന്തര ഇ-മെയിൽ സന്ദേശം വഴി ട്രാൻസ്പോ൪ട്ട് കമീഷണ൪ പി. ബാലസുബ്രഹ്മണ്യം സ്ഥലംമാറ്റം ആഗസ്റ്റ് 31 വരെ നി൪ത്തിവെപ്പിച്ചത്.
ജില്ലകളിലെ ചെക്പോസ്റ്റുകളിൽ ഇതുവരെ എം.വി.ഐ-എ.എം.വി.ഐമാരെ നിയമിച്ചിരുന്നത് ബന്ധപ്പെട്ട ആ൪.ടി.ഒമാരായിരുന്നു. വകുപ്പിൻെറ പ്രവ൪ത്തനം സുതാര്യമാക്കാനെന്ന പേരിൽ ചെക്പോസ്റ്റിൽ ട്രാൻസ്പോ൪ട്ട് കമീഷണ൪ നേരിട്ട് നിയമനം നടത്തണമെന്ന്  ജൂൺ അഞ്ചിന് ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി ഏലിയാസ് ജോ൪ജ് ഉത്തരവിറക്കിയിരുന്നു. ഇതിൻെറ മറവിൽ ട്രാൻസ്പോ൪ട്ട് കമീഷണറുടെ ഓഫിസിലെ സ്ഥലംമാറ്റ ലോബി ലക്ഷങ്ങൾ വാങ്ങി അഴിമതിക്കാരെയും അന്വേഷണം നേരിടുന്നവരെയും ചെക്പോസ്റ്റുകളിൽ നിയമിച്ചുവെന്നാണ് ആരോപണം.
ജോലിയിൽ മികവ് തെളിയിച്ച അഴിമതി രഹിതരുടെയും വിജിലൻസ് കേസിൽ പെടാത്തവരുടെയും പട്ടികയുണ്ടാക്കി ട്രാൻസ്പോ൪ട്ട് കമീഷണ൪ നേരിട്ട് ചെക്പോസ്റ്റുകളിൽ നിയമനം നടത്തണമെന്നാണ് സ൪ക്കാ൪ ഉത്തരവ്. എന്നാൽ, ആഗസ്റ്റ് 16ന് നിലവിൽവരത്തക്കവിധം പുറത്തിറക്കിയ പട്ടികയിൽ നിരവധി അന൪ഹ൪ കടന്നുകൂടി. ട്രാൻസ്പോ൪ട്ട് കമീഷണറുടെ ഓഫിസിലെ  അഡ്മിനിസ്ട്രേറ്റിവ് ഓഫിസ൪,  സീനിയ൪ സൂപ്രണ്ട്, മൂന്ന് ക്ള൪ക്കുമാ൪ എന്നിവ൪ ചേ൪ന്നാണ് ചെക്പോസ്റ്റ് നിയമനം സംബന്ധിച്ച പുതിയ ലിസ്റ്റ് തയാറാക്കിയതത്രെ. 50,000 മുതൽ ഒരു ലക്ഷം രൂപവരെ നൽകി മൂന്നുമാസത്തേക്ക് ചെക്പോസ്റ്റുകളിൽ നിയമനം നേടിയവരുമുണ്ട്. ഓരോ മൂന്നുമാസം കൂടുമ്പോഴും ചെക്പോസ്റ്റുകളിലെ ഉദ്യോഗസ്ഥരെ മാറ്റണമെന്ന് സ൪ക്കാ൪ നി൪ദേശിച്ചിരുന്നു.
പാലക്കാട് ജില്ലയിലെ വാളയാ൪-ഇൻ, വാളയാ൪-ഔ് ചെക്പോസ്റ്റുകളിലേക്ക് രണ്ടു ലക്ഷം രൂപ വരെ നിരക്കുള്ളതായി വകുപ്പിലെ ഉദ്യോഗസ്ഥ൪ പറയുന്നു. റമദാനും ഓണവും അടുത്തുവരുന്നതിനാൽ ഈ ചെക്പോസ്റ്റുകളിലൂടെ കോടിക്കണക്കിന് രൂപയുടെ ഉൽപന്നങ്ങൾ കേരളത്തിൽ എത്തുന്നുണ്ട്. ഉത്സവ കാലങ്ങളിൽ ചെക്പോസ്റ്റ് ഡ്യൂട്ടി കിട്ടാൻ ലക്ഷങ്ങളാണ് ചില ഓഫിസ൪മാ൪ മുടക്കുന്നത്. പാലക്കാട്, തിരുവനന്തപുരം, വയനാട്, കാസ൪കോട്, ഇടുക്കി ജില്ലകളിലാണ് കേരളത്തിലെ പ്രധാന ചെക്പോസ്റ്റുകൾ. ഒരുമാസം മുമ്പ് ഇവിടെ ചുമതലയേറ്റവരെ മാറ്റിയാണ് വിജിലൻസ് അന്വേഷണം നേരിടുന്നവരടക്കമുള്ളവരെ നിയമിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയത്.
ചെക്പോസ്റ്റ് നിയമനത്തിൽ വൻ അഴിമതി നടന്നതായി വകുപ്പിൽനിന്നുതന്നെ പരാതി ഉയ൪ന്നതിനെ തുട൪ന്നാണ് ലിസ്റ്റ് അടിയന്തരമായി മരവിപ്പിക്കാൻ ട്രാൻസ്പോ൪ട്ട് കമീഷണ൪ ഉത്തരവിട്ടത്. ഇതിന് പിന്നിലും കള്ളക്കളികൾ നടന്നതായി പറയുന്നു.
ചെക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് പല ആ൪.ടി.ഒമാ൪ക്കും ‘ചാകര’യാണ്. ഇത് പൊടുന്നനെനിന്നുപോയത് ആ൪.ടി.ഒമാരെ ചൊടിപ്പിച്ചതായാണ് വിവരം.
ഇതിനിടെ, ഒരേ നമ്പറിൽ രണ്ട് ഉത്തരവിറക്കി വിവാദമായ എം.വി.ഐമാരുടെ സ്ഥലംമാറ്റത്തിലും വിവാദം പുകയുകയാണ്. രണ്ടാമത്തെ ലിസ്റ്റ് പ്രകാരം കായംകുളത്തുനിന്ന് കാഞ്ഞങ്ങാടേക്ക് മാറ്റപ്പെട്ട എം.വി.ഐ ഇതുവരെ ചുമതല ഒഴിഞ്ഞില്ല. ആലപ്പുഴയിൽനിന്ന് കായംകുളത്തേക്ക് മാറ്റിയ ആൾ ചുമതലയേറ്റതോടെ കായംകുളത്ത് നിലവിൽ ഒന്നിനുപകരം രണ്ട് എം.വി.ഐമാരാണുള്ളത്. രണ്ടു മാസത്തിനകം അടൂരിൽ ഒഴിവുവരുന്ന തസ്തികയിൽ ഇദ്ദേഹം നിയമനം ഉറപ്പിച്ചിരിക്കയാണത്രെ. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.