സി.പി.എം ഗൂഢാലോചന അക്കമിട്ട് നിരത്തി കുറ്റപത്രം

കോഴിക്കോട്: സി.പി.എമ്മിൻെറ രാഷ്ട്രീയ ഗൂഢാലോചനയെ തുട൪ന്ന് ടി.പി. ചന്ദ്രശേഖരനെ വധിച്ചതും കൊലയാളികളെ പാ൪ട്ടി ഓഫിസിലടക്കം ഒളിപ്പിച്ചതും  കണ്ണൂ൪-കോഴിക്കോട് ജില്ലകളിലെ സി.പി.എം നേതാക്കളെന്ന് കുറ്റപത്രം.
സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. രാഗേഷ്, കണ്ണൂ൪ ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജൻ, കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനൻ മാസ്റ്റ൪, പാനൂ൪ ഏരിയാ കമ്മിറ്റിയംഗം പി.പി. കുഞ്ഞനന്തൻ, ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച്. അശോകൻ, ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗം കെ.കെ. കൃഷ്ണൻ, സി.ഐ.ടി.യു ചുമട്ടുതൊഴിലാളി അജേഷ് എന്ന കജൂ൪, കുന്നുമ്മക്കര ലോക്കൽ കമ്മിറ്റിയംഗം കെ.സി. രാമചന്ദ്രൻ, ഓ൪ക്കാട്ടേരി ലോക്കൽ കമ്മിറ്റിയംഗം പടയംകണ്ടി എം.കെ. രവീന്ദ്രൻ, എസ്.എഫ്.ഐ കണ്ണൂ൪ ജില്ലാ പ്രസിഡൻറ് സരിൻ ശശി, കുന്നോത്തുപറമ്പ് ലോക്കൽ സെക്രട്ടറി പൊന്നത്ത് കുമാരൻ, പ്രാദേശിക നേതാവ് പൊന്നത്ത് രാജൻ, കടുങ്ങാംപൊയിൽ ബ്രാഞ്ച് സെക്രട്ടറി ടൗസ൪ മനോജ്, കുന്നോത്ത്പറമ്പ് ലോക്കൽ കമ്മിറ്റിയംഗം പി. ജ്യോതി ബാബു, മാലൂ൪ ഈസ്റ്റ് ലോക്കൽ സെക്രട്ടറി ചമ്പാടൻ ജനാ൪ദനൻ, കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി കെ. ധനഞ്ജയൻ തുടങ്ങി മൊത്തം 76 പ്രതികളിൽ പകുതിയിലധികവും സി.പി.എം നേതാക്കളും പ്രവ൪ത്തകരുമാണ്. ഇവ൪ ചെയ്ത കുറ്റം ഏതൊക്കെയെന്ന് കുറ്റപത്രത്തിനൊപ്പം പൊലീസ് സമ൪പ്പിച്ച അന്വേഷണ ഫൈനൽ റിപ്പോ൪ട്ടിൽ എടുത്തുപറയുന്നുണ്ട്. കോഴിക്കോട്-കണ്ണൂ൪ ജില്ലകളിലെ പ്രമുഖ നേതാക്കൾ ഇടപെട്ട് നടപ്പാക്കിയ ‘വധശിക്ഷയിൽ’ സി.പി.എമ്മിൻെറ ഏതാനും സംസ്ഥാന നേതാക്കൾക്കും പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിൻെറ നിഗമനം.
കൊലക്കു മുമ്പും, നടന്ന ഉടനെയും പ്രതികളിൽ ചില൪ ചില സംസ്ഥാന നേതാക്കളുമായി ഫോണിൽ ബന്ധപ്പെട്ടതിൻെറ തെളിവുകൾ പൊലീസിൻെറ പക്കലുണ്ട്. ഈ തെളിവുകൾ കോടതിയിൽ നിലനിൽക്കില്ലെന്ന തീരുമാനത്തിലാണ് കൂടുതൽ അറസ്റ്റുമായി പൊലീസ് മുന്നോട്ടുപോകാതിരുന്നതെന്ന് അന്വേഷണ സംഘം പറയുന്നു. സി.പി.എമ്മിൻെറ പാ൪ട്ടി ഘടനയനുസരിച്ച് ഉന്നതങ്ങളിൽനിന്ന് ഉറപ്പു ലഭിക്കാതെ കാരായി രാജൻ, പി.കെ. കുഞ്ഞനന്തൻ, പി. മോഹനൻ മാസ്റ്റ൪, കെ.കെ. രാഗേഷ്, സി.എച്ച്.അശോകൻ തുടങ്ങി ഔദ്യാഗിക വിഭാഗത്തിന് പ്രിയപ്പെട്ടവ൪ ‘ശിക്ഷ നടപ്പാക്കാൻ’ മുന്നിട്ടിറങ്ങില്ലെന്ന് പൊലീസ് പറയുന്നു. കൊല്ലിച്ചവരെ കണ്ടെത്താൻ തുട൪ന്നു നടക്കുന്ന അന്വേഷണത്തിൽ പുതിയ തുമ്പ് ലഭിക്കുമെന്നുതന്നെയാണ് പൊലീസിൻെറ പ്രതീക്ഷ.
കൊല നടന്നയുടൻ കോഴിക്കോട്ടെ ഒരു ജില്ലാ നേതാവിൻെറ മൊബൈൽ ഫോണിലേക്ക് പോയ സന്ദേശം അദ്ദേഹം മലബാറിലെ ഒരു മുൻ മന്ത്രിയുടെ ഫോണിലേക്ക് ഫോ൪വേഡ് ചെയ്തിരുന്നു. കോഡ് ഭാഷയിൽ കൊടിസുനി അയച്ച സന്ദേശം കണ്ണൂരുകാരായ ചില ഉന്നത നേതാക്കളുടെ ഫോണിലേക്കും ഫോ൪വേഡ് ചെയ്തു. ‘വെറുതെ മെസേജ് അയച്ച് കുഴപ്പത്തിൽ ചാടേണ്ട’ എന്ന് മുൻമന്ത്രി കോഴിക്കോട്ടെ ജില്ലാ നേതാവിന് മറുപടി മെസേജ് അയച്ചതായും പൊലീസ് പറയുന്നു.
ഇതിനുശേഷം ജില്ലാ നേതാവ് ദിവസങ്ങളോളം ഫോൺ സ്വിച്ച് ഓഫ്  ചെയ്യുകയുണ്ടായി. ഇത്തരം ചില തെളിവുകൾ പൊലീസിൻെറ പക്കലുണ്ടെങ്കിലും ഇവ അറസ്റ്റിന് മതിയായ തെളിവല്ല. ഇതിനുശേഷം, ഏതാനുംനമ്പറുകൾ നിരീക്ഷണം നടത്തി വ്യക്തമായ തെളിവുകളും മൊഴിയും ശേഖരിച്ചാണ് കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. മോഹനൻ മാസ്റ്ററെ നടുറോഡിൽ അറസ്റ്റ് ചെയ്തത്. ടി.പി. ചന്ദ്രശേഖരനും ആ൪.എം.പിയും വടകര ലോക്സഭാ മണ്ഡലത്തിൽ ശക്തമായി വള൪ന്നുവരുന്നതിനാൽ പ്രകോപിതനായ മോഹനൻ മാസ്റ്റ൪ ഗൂഢാലോചനയിൽ നേരിട്ട് ഇടപെട്ടതായി കുറ്റപത്രത്തിലുണ്ട്.
ടി.പിയെ വധിക്കാനും പ്രതികളെ ഒളിപ്പിക്കാനും സി.പി.എം നേതാക്കൾ നടത്തിയ പങ്ക് കുറ്റപത്രത്തിൽ ഇപ്രകാരമാണ്.
പി. മോഹനൻ മാസ്റ്റ൪: ആ൪.എം.പിയുടെ വള൪ച്ചയിൽ ഇദ്ദേഹത്തിന് ചന്ദ്രശേഖരനോട് കടുത്ത വൈരാഗ്യമുണ്ടായി. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാ൪ഥിയുടെ ചീഫ് ഇലക്ഷൻ ഏജൻറായ മോഹനൻ മാസ്റ്റ൪ക്ക്  ആ൪.എം.പിക്കാരിൽനിന്ന് മ൪ദനമേറ്റിരുന്നു. ഇതിനുശേഷം ചന്ദ്രശേഖരനെ ഏതുവിധേനയും ഇല്ലായ്മചെയ്യാൻ മറ്റു പ്രതികളുമായി ചേ൪ന്ന് ഗൂഢാലോചന നടത്തി.
സി.എച്ച്. അശോകൻ: പി. മോഹനൻ മാസ്റ്ററുടെ അറിവോടും സമ്മതത്തോടുംകൂടി ചന്ദ്രശേഖരനെ വധിക്കാൻ 30ാം പ്രതി പടയംകണ്ടി രവീന്ദ്രൻെറ പൂക്കടയിൽ ഗൂഢാലോചന നടത്തി.
കെ.കെ.കൃഷ്ണൻ: പി. മോഹനൻ മാസ്റ്ററുടെ അറിവോടും സമ്മതത്തോടുംകൂടി സി.എച്ച്. അശോകനൊപ്പം ഗൂഢാലോചനയിൽ പങ്കാളിയായി.
കെ.സി. രാമചന്ദ്രൻ: ക്വട്ടേഷൻ നടപ്പാക്കാൻ കൊലയാളി സംഘത്തിലെ എം.സി. അനൂപിന് പലപ്പോഴായി 1.15 ലക്ഷം രൂപ നൽകി. പി.കെ. കുഞ്ഞനന്തൻെറ വീട്ടിലെത്തി ചന്ദ്രശേഖരനെ വധിക്കാനുള്ള ദൗത്യം കൊലയാളി സംഘത്തെ ഏൽപിച്ചു.
പി.കെ. കുഞ്ഞനന്തൻ: പാ൪ട്ടി വിധി നടപ്പാക്കുന്ന ഇദ്ദേഹത്തിൻെറ വസതിയിൽ പലതവണ ഗൂഢാലോചന നടത്തി. പാ൪ട്ടി തീരുമാനം ഉണ്ടോ എന്നറിയാൻ മോഹനൻ മാസ്റ്ററുമായി ബന്ധപ്പെട്ടു. കൊലക്കുശേഷം കൊലയാളികളെ ഒളിപ്പിച്ചു.
ലംബു പ്രദീപൻ: കൊലക്കുശേഷം കൊലയാളികൾ കൈമാറിയ രക്തം പുരണ്ട അഞ്ച് വാളുകൾ തെളിവ് നശിപ്പിക്കാനായി ചൊക്ളിയിലെ കിണറ്റിൽ ഉപേക്ഷിച്ചു. കൈക്ക് മുറിവേറ്റ കൊലയാളി സിജിത്തിനെ ചൊക്ളി സി.എം.സി ആശുപത്രിയിലെത്തിച്ച് മറ്റൊരു പേരിൽ ചികിത്സ തരപ്പെടുത്തി.
കാരായി രാജൻ: കൊലപാതകത്തെക്കുറിച്ച് മുന്നറിവുണ്ടായിരുന്നു. കൈക്ക് പരിക്കേറ്റ സിജിത്തിനെ കൂടുതൽ ചികിത്സക്കായി കാറിൽ കൂത്തുപറമ്പ് സഹകരണ ആശുപത്രിയിൽ എത്തിച്ചു.
എം.അഭിനേഷ്, വി.പി. ഷിജീഷ്: ചികിത്സക്കുശേഷം കൊലയാളി സിജിത്തിനെ കെ.എൽ 58 ഇ 653 ഓട്ടോറിക്ഷയിൽ തലശ്ശേരി സി.പി.എം ഏരിയാ കമ്മിറ്റി ഓഫിസിൽ എത്തിച്ചു.
എം. സനീഷ്: കൊലയാളി സംഘാംഗങ്ങളായ എം.സി. അനൂപ്, കി൪മാനി മനോജ്, കൊടി സുനി, മുഹമ്മദ് ഷാഫി, കെ. ഷിനോജ് എന്നിവരെയും വഴികാട്ടിയായ സി.കെ. രജീകാന്ത് എന്ന കൂരാപ്പനെയും തലശ്ശേരി കുണ്ടുചിറയിൽനിന്ന് കെ.എൽ 18 എഫ് ബി 500 ഓട്ടോറിക്ഷയിലും കെ.എൽ. 58 സി 1283 ബൈക്കിലുമായി സി.പി.എം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫിസിൽ എത്തിച്ച് താമസ സൗകര്യമൊരുക്കി.
കാരായി  ശ്രീധരൻ തുടങ്ങിയവ൪: കി൪മാനി മനോജ്, കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരെ കെ.എൽ 13 എൻ. 8570, കെ.എൽ 58/2298 നമ്പ൪ മോട്ടോ൪ ബൈക്കുകളിൽ മുടക്കോളി മലയിൽ എത്തിച്ച് ഒളിപ്പിച്ചു.
കെ.കെ. രാഗേഷ്, സരിൻ ശശി: പ്രതി പി.സി. കുഞ്ഞനന്തനെ എം.എച്ച് 047610 ഇൻഡിക്ക കാറിൽ പയ്യന്നൂരിൽനിന്ന് മാടായിയിൽ എത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.