തൊടുപുഴ: സംസ്ഥാനത്ത് ഖനനാനുമതി നൽകുന്നത് നിരോധിച്ച മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് സമരം നടത്താൻ ക്വാറി ഉടമകൾ തീരുമാനിച്ചു. ക്രഷ൪ ഉടമകളുമായി യോജിച്ചായിരിക്കും സമരം നടത്തുക. ഇത് സംബന്ധിച്ച് ഈമാസം 15ന് എല്ലാ ജില്ലയിലും സംയുക്ത യോഗം ചേ൪ന്ന് തീരുമാനമെടുക്കും.ഈമാസം 20നോ 25നോ മുതൽ എല്ലാ ക്വാറികളും ക്രഷറുകളും അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ഇതിന് പുറമേ കലക്ടറേറ്റ് മാ൪ച്ച്, സെക്രട്ടേറിയറ്റ് മാ൪ച്ച് എന്നിവ നടത്താനും പദ്ധതിയുണ്ട്.
ഹരിയാന സ൪ക്കാറിനെതിരായ കേസ് സുപ്രീംകോടതിയിൽ നടക്കുമ്പോൾ തന്നെ ഇതിൽ കേരളത്തിന്റെ നിലപാട് വ്യക്തമാക്കണമെന്ന് ക്വാറി ഉടമകൾ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ,ഒരു നടപടിയും സ൪ക്കാ൪ സ്വീകരിച്ചില്ല. ഇതേ തുട൪ന്ന് 2010 മാ൪ച്ച് ഏഴിന് കേരളത്തിലെ ക്രഷ൪, ക്വാറി ഉടമകളുടെ പ്രതിനിധി സംഘം എം.പിമാരായ പി.സി. ചാക്കോ, പി.ടി. തോമസ് എന്നിവരുടെ നേതൃത്വത്തിൽ കേന്ദ്ര ഖനന വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് പ്രശ്നങ്ങൾ അവതരിപ്പിച്ചിരുന്നു.
മറ്റ് സംസ്ഥാനങ്ങളിൽ കൽക്കരി,ഗ്രാനൈറ്റ് തുടങ്ങിയ വൻകിട ഖനികളെയാണ് ഇത്തരം തീരുമാനം ബാധിക്കുന്നതെങ്കിൽ കേരളത്തിൽ ചെറുകിട പാറ ഉടമകളുടെ നിലനിൽപ്പ് തന്നെ അവതാളത്തിലാകുമെന്ന് പ്രതിനിധി സംഘം ധരിപ്പിച്ചിരുന്നു. എന്നാൽ, ഒരു നടപടിയും ഉണ്ടായില്ല. പാരിസ്ഥിതിക ആഘാത പഠനം നടത്തിയ ശേഷമേ ഖനനാനുമതി നൽകാവൂയെന്ന വിധി കഴിഞ്ഞ ഫെബ്രുവരിയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ശേഷവും ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട നടപടി സ൪ക്കാ൪ സ്വീകരിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. നിലവിൽ ശാസ്ത്രീയമായ പാരിസ്ഥിതിക ആഘാത പഠനം നടത്താൻ കഴിവുള്ള ഒരു ഏജൻസിയും സംസ്ഥാനത്തില്ല.
എൻവയൺമെന്റ് ഇംപാക്ട് അസസ്മെന്റ് കമ്മിറ്റി നിലവിലുണ്ടെങ്കിലും പഠന റിപ്പോ൪ട്ടിന്മേൽ തീരുമാനമെടുക്കാനുള്ള ശേഷിയേ ഇതിനുള്ളൂ. 2006ലെ കേന്ദ്ര സ൪ക്കാറിന്റെ എൻവയൺമെന്റ് ഇംപാക്ട് അസസ്മെന്റ് നോട്ടിഫിക്കേഷൻ പ്രകാരം കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കൺസൾട്ടന്റുകൾക്ക് മാത്രമേ പാരിസ്ഥിതിക ആഘാത പഠനം നടത്താനാകൂ. ഇതിന്റെ ചെലവ് ഖനി ഉടമകളാണ് വഹിക്കേണ്ടത്.
ഒരു ഖനി പ്രവ൪ത്തിക്കുന്നത് മൂലം പരിസ്ഥിതിക്ക് എന്തെല്ലാം ദോഷങ്ങളുണ്ടാകുമെന്നും ഖനിയിൽ നിന്ന് എന്തെല്ലാം നേട്ടങ്ങളുണ്ടാകുമെന്നുമാണ് പ്രധാനമായും പരിശോധിക്കേണ്ടത്.ഓരോ ഖനിയും പ്രത്യേകം പരിശോധിക്കണമെന്ന നിലപാടാണ് എൻവയൺമെന്റ് ആൻഡ് കൈ്ളമറ്റ് ചേഞ്ച് ഡിപ്പാ൪ട്ടുമെന്റ് സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, ഇത് ഖനി ഉടമകൾക്ക് വൻ ബാധ്യതയുണ്ടാക്കും. ഒരു പഞ്ചായത്ത് മൊത്തമായെടുത്തോ അല്ലെങ്കിൽ ഏതെങ്കിലും പ്രദേശം കേന്ദ്രീകരിച്ചോ പഠനം നടത്തുകയായിരിക്കും പ്രായോഗികമെന്ന് അഭിപ്രായം ഉയ൪ന്നിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സ൪ക്കാറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.