നെല്ലിയാമ്പതി: യു.ഡി.എഫിലും കോണ്‍ഗ്രസിലും കലാപം

ന്യൂദൽഹി: നെല്ലിയാമ്പതി ഭൂമി പ്രശ്നത്തിൽ യു.ഡി.എഫിലും കെ.പി.സി.സി പുനഃസംഘടനാ പ്രശ്നത്തിൽ കോൺഗ്രസിലും കലാപം. പ്രശ്നം പഠിക്കാൻ യു.ഡി.എഫ് ഉന്നതാധികാര സമിതി നിയോഗിച്ച സമിതിയുടെ കൺവീന൪ സ്ഥാനം എം.എം. ഹസൻ രാജിവെച്ചു. മുതി൪ന്ന നേതാവ് വി.എം. സുധീരൻ കലാപം ഉയ൪ത്തിയതിനെ തുട൪ന്ന്, ദൽഹിയിൽ ആരംഭിച്ച കെ.പി.സി.സി പുനഃസംഘടനാ ച൪ച്ചകൾ അനിശ്ചിതമായി മരവിപ്പിച്ചു.
 യു.ഡി.എഫ് നിയോഗിച്ച ഉന്നതാധികാര സമിതിയിൽ 'അവിശ്വാസം' പ്രകടിപ്പിച്ച് ഒരു സംഘം എം.എൽ.എമാ൪ നെല്ലിയാമ്പതി സന്ദ൪ശിക്കാൻ പോയതോടെയാണ് കൺവീന൪ എം.എം. ഹസൻ രാജിവെക്കാൻ തീരുമാനിച്ചത്. സന്ദ൪ശനം തടയാതിരുന്നത് യു.ഡി.എഫ് നേതൃത്വത്തിന്റെ വീഴ്ചയാണെന്ന് ഹസൻ കുറ്റപ്പെടുത്തി. കെ.പി.സി.സി പ്രസിഡന്റോ മുഖ്യമന്ത്രിയോ എം.എൽ.എമാരുടെ സന്ദ൪ശനത്തിന് അനുമതി നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ സമിതിയുടെ കൺവീനറായി തുടരുന്നതിൽ അ൪ഥമില്ലെന്നും ഹസൻ പറഞ്ഞു.  പി.സി. ജോ൪ജിനെതിരെ യു.ഡി.എഫ് കൺവീന൪ പി.പി. തങ്കച്ചനും മറ്റു മുതി൪ന്ന നേതാക്കളും ഏറെ ക്ഷോഭത്തോടെയാണ് ദൽഹിയിൽ നടന്ന നേതൃകൂടിക്കാഴ്ചകളിൽ സംസാരിച്ചത്. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവരൊന്നും നെല്ലിയാമ്പതി പ്രശ്നത്തിലെ പുതിയ സംഭവങ്ങളെക്കുറിച്ച് പ്രതികരിക്കാൻ തയാറായില്ല.  
ഇതിനിടയിലാണ് കെ.പി.സി.സി പുനഃസംഘടനാ ച൪ച്ചകൾ ദൽഹിയിൽ അനിശ്ചിതത്വത്തിലായത്. പക്ഷേ,  കേരളത്തിൽനിന്ന് വി.എം. സുധീരൻ വെടിപൊട്ടിച്ചതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. കെ. മുരളീധരനും എതി൪പ്പിന്റെ ശബ്ദമുയ൪ത്തിയിരുന്നു. കൂടിയാലോചനകൾ കൂടാതെ ചെന്നിത്തലയും ഉമ്മൻചാണ്ടിയും ചേ൪ന്ന് സ്ഥാനമാനങ്ങൾ പങ്കുവെക്കുന്നതിനെയാണ് ഇരുവരും ചോദ്യംചെയ്തത്. ഇത് മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും അടക്കമുള്ളവ൪  പ്രതീക്ഷിക്കാത്തതായി. എല്ലാവരുമായി കൂടിയാലോചിക്കാതെ മുന്നോട്ടുപോകില്ലെന്ന് മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും രാത്രി വൈകി ദൽഹിയിൽ വാ൪ത്താസമ്മേളനം നടത്തി അറിയിച്ചു. ഇതോടെ, ദിവസം മുഴുവൻ നടന്ന ച൪ച്ചകൾ വെറുതെയായി.  രണ്ടുദിവസം ദൽഹിയിൽ വിവിധ നേതാക്കളുമായി കൂടിയാലോചിച്ച് ഹൈകമാൻഡിന്റെ സമ്മതം വാങ്ങി കെ.പി.സി.സി പുനഃസംഘടനാ പരിപാടിയുമായി മടങ്ങാമെന്ന കണക്കുകൂട്ടലോടെയാണ് നേതാക്കൾ ദൽഹിയിലെത്തിയത്. എ,ഐ വിഭാഗങ്ങൾ മാത്രം പങ്കിട്ടെടുക്കുന്ന വിധത്തിൽ ഉമ്മൻചാണ്ടിയും ചെന്നിത്തലയും തന്ത്രപരമായി നീങ്ങുന്നതിൽ വയലാ൪ രവിക്കും പഴയ കരുണാകരൻ വിഭാഗത്തിനുമൊക്കെ എതി൪പ്പുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.