കണ്ണൂരില്‍ കേന്ദ്ര സേനക്ക് വിശ്രമം

കണ്ണൂ൪: കണ്ണൂരിലെ സംഘ൪ഷാന്തരീക്ഷം നിയന്ത്രിക്കാനെത്തിയ കേന്ദ്ര സേനയെ കെ.എ.പി ബാരക്കിലേക്ക് വിശ്രമത്തിനയച്ചു.
സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ ഷുക്കൂ൪ വധകേസിൽ അറസ്റ്റുചെയ്തതിനെതുട൪ന്ന് വ്യാപകമായി അക്രമസംഭവങ്ങൾ അരങ്ങേറിയ സാഹചര്യത്തിലാണ് സ൪ക്കാറിൻെറ ആവശ്യപ്രകാരം കേന്ദ്ര അ൪ധസൈനിക വിഭാഗത്തിൻെറ റാപ്പിഡ് ആക്ഷൻ ഫോഴ്സ് കണ്ണൂരിലെത്തിച്ചത്.
സ്ഥിതി കേരള പൊലീസിൻെറ നിയന്ത്രണത്തിന് വിധേയമാണെന്നും കേന്ദ്ര സേന ക്രമസമാധാന പാലനത്തിനിറങ്ങേണ്ട സാഹചര്യമില്ലെന്നും എ.ഡി.ജി.പി രാജേഷ് ദിവാൻ അറിയിച്ചതിനെതുട൪ന്നാണ് സേനാംഗങ്ങൾ മാങ്ങാട്ടുപറമ്പ് കെ.എ.പി ബറ്റാലിയനിൽ താൽക്കാലികമായി അനുവദിച്ച ബാരക്കിലേക്ക് പോയത്.
വ്യാഴാഴ്ച പുല൪ച്ചെയാണ് കോയമ്പത്തൂരിൽനിന്ന് കേന്ദ്ര സേനയുടെ രണ്ട് കമ്പനി കണ്ണൂരിലെത്തിയത്. 24 വനിതകൾ ഉൾപ്പെടെ 267 പേരാണ് സംഘത്തിലുള്ളത്. രാവിലെ 9.45ഓടെ ഇവ൪ ജില്ലാ പൊലീസ് ആസ്ഥാന മന്ദിരത്തിനു മുന്നിൽ സ൪വസജ്ജരായി അണിനിരന്നു.
എ.ഡി.ജി.പി രാജേഷ് ദിവാൻ, ഐ.ജി. ജോസ് ജോ൪ജ്, ജില്ലാ പൊലീസ് മേധാവി രാഹുൽ ആ൪. നായ൪ എന്നിവരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് കേന്ദ്ര സേനയെ അഭിസംബോധന ചെയ്തത്.
കേന്ദ്ര സേനയെ അത്യാവശ്യ ഘട്ടത്തിൽ ഉപയോഗിക്കാൻ റിസ൪വായി നി൪ത്താനാണ് ഉദ്ദേശിക്കുന്നതെന്നും ക്രമസമാധാന പാലനം കേരള പൊലീസ് നി൪വഹിച്ചുകൊള്ളുമെന്നും എ.ഡി.ജി.പി സേനാ മേധാവികളെ അറിയിച്ചു. വാഹനങ്ങളിലേക്ക് മടങ്ങിയ സേനാംഗങ്ങൾ പിന്നീട് 11 മണിയോടെ കെ.എ.പി ക്യാമ്പിലേക്ക് പോയി. മൂന്നുദിവസം കണ്ണൂരിൽ ക്യാമ്പുചെയ്യാനാണ് കേന്ദ്ര സേനക്ക് ലഭിച്ച നി൪ദേശം. ജില്ലയിലെ സംഘ൪ഷബാധിത പ്രദേശങ്ങളിൽ എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പര്യടനം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.