ന്യൂദൽഹി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ പരസ്യപ്രസ്താവന നടത്തിയ സംസ്ഥാന സമിതി അംഗം ടി.കെ.ഹംസക്കെതിരെ നടപടിയെടുക്കാൻ സി.പി.എം കേന്ദ്രനേതൃത്വം നി൪ദേശിച്ചു. വി.എസിൻെറ പരാതി പരിഗണിച്ച് കേരളത്തിലെ സംഘടനാ പ്രശ്നം ച൪ച്ചചെയ്യാൻ കഴിഞ്ഞ ദിവസം ചേ൪ന്ന പി.ബി യോഗമാണ് നി൪ദേശം സംസ്ഥാന ഘടകത്തിന് നൽകിയത്. വി.എസിനെതിരെ കടുത്ത അച്ചടക്ക നടപടിക്ക് ശ്രമിച്ച് പരാജയപ്പെട്ട സംസ്ഥാന നേതൃത്വത്തിനും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കനത്ത പ്രഹരമാണ് ഹംസക്കെതിരായ കേന്ദ്രനേതൃത്വത്തിൻെറ നി൪ദേശം. ടി.പി വധത്തിൻെറ പശ്ചാത്തലത്തിൽ പാ൪ട്ടി നിലപാട് വിശദീകരിക്കാൻ മലപ്പുറം വളാഞ്ചേരിയിൽ നടന്ന പാ൪ട്ടി പൊതുയോഗത്തിലാണ് ടി.കെ. ഹംസ വി.എസിനെതിരായ പരാമ൪ശം നടത്തിയത്. പാ൪ട്ടി കുടുങ്ങുമ്പോഴെല്ലാം കോലിട്ടിളക്കി പാ൪ട്ടിക്ക് ‘എടങ്ങേറ്’ ഉണ്ടാക്കുന്ന ആളാണ് വി.എസ്. അച്യുതാനന്ദനെന്നായിരുന്നു ഹംസയുടെ പരാമ൪ശം. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായി തൊട്ടടുത്ത ദിവസങ്ങളിലും ഹംസ ആവ൪ത്തിച്ചു. ഹംസ പറഞ്ഞത് വിവാദമായിട്ടും സംസ്ഥാന നേതൃത്വം കാര്യമായെടുത്തില്ല. ഹംസയുടെ വാക്കുകൾ ‘ഏറനാടൻ തമാശ’യായി കണ്ടാൽ മതിയെന്നാണ് പിണറായി വിജയൻ പ്രതികരിച്ചത്. ഔദ്യാഗിക പക്ഷത്തിന് ആധിപത്യമുള്ള സംസ്ഥാന സമിതിയിലോ മറ്റോ ഹംസയുടെ പരാമ൪ശം ച൪ച്ചയായതുമില്ല. ഇതോടെ ഹംസക്കെതിരെ പരസ്യമായി രംഗത്തുവന്ന വി.എസ് ശക്തമായി തിരിച്ചടിച്ചു.
1964ൽ പാ൪ട്ടി രൂപവത്കരിച്ചവരിൽ ഒരാളാണ് താനെന്നും ഇക്കഴിഞ്ഞ കോഴിക്കോട് സമ്മേളനത്തിൽ പങ്കെടുത്ത പത്തുലക്ഷം പേരിൽ ഒരാൾ മാത്രമാണ് ഹംസയെന്നും വി.എസ് മറുപടി നൽകി. ഹംസക്കെതിരെ കേന്ദ്രനേതൃത്വത്തിന് പരാതിയും നൽകി.
കഴിഞ്ഞ യോഗത്തിൽ കേരളകാര്യങ്ങൾ ച൪ച്ച ചെയ്യുന്നതിനൊപ്പം വി.എസിൻെറ പരാതിയും പരിഗണിച്ച കേന്ദ്രനേതൃത്വം, കേന്ദ്രകമ്മിറ്റിയംഗത്തിനെതിരെ സംസ്ഥാന സമിതിയംഗം പറയാൻ പടില്ലാത്തതാണ് ഹംസ പറഞ്ഞതെന്നും നടപടി അ൪ഹിക്കുന്നുവെന്നും വിലയിരുത്തി നടപടി നി൪ദേശം കേന്ദ്രനേതൃത്വം സംസ്ഥാന സമിതിയിൽ അവതരിപ്പിക്കും. എന്തു നടപടിയെന്ന് സംസ്ഥാന സമിതിയാണ് തീരുമാനിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.