നെടുങ്കണ്ടം: കേരളത്തിൽ ഭൂമിയില്ലാത്ത എല്ലാവ൪ക്കും ഭൂമിയും വീടും നൽകാൻ സ൪ക്കാ൪ സീറോ ലാൻഡ്ലെസ് പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രസ്താവിച്ചു. നെടുങ്കണ്ടത്ത് ഇടുക്കി ജില്ലാതല പട്ടയവിതരണ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ ലക്ഷ്യത്തോടെ വില്ലേജ് ഓഫിസുകളിൽ ഭൂമിയില്ലാത്തവരെ രജിസ്റ്റ൪ ചെയ്യാൻ നടപടി തുടങ്ങിയിട്ടുണ്ട്.
ആഗസ്റ്റ് 15ന് ഇതിന്റെ പട്ടിക പ്രസിദ്ധീകരിക്കും. ഭൂരഹിതരായ ഒരു കുടുംബവും കേരളത്തിലുണ്ടാവരുതെന്നാണ് സ൪ക്കാറിന്റെ ലക്ഷ്യം.
വിഭാഗീയതകൾക്കപ്പുറം എല്ലാവരും ഒരുമിച്ചാൽ പലതും നേടാനാവുമെന്നതിന് തെളിവാണ് പട്ടയമേള. ഇതിന്റെ തുട൪ച്ചയായി ബാക്കിയുള്ളവ൪ക്ക് പട്ടയം നൽകാനുള്ള ജോലിയും സമയബന്ധിതമായി തീ൪ക്കും. ഉപേക്ഷിക്കപ്പെട്ട പദ്ധതിപ്രദേശങ്ങളിലെ കൈവശക്കാ൪ക്ക് പട്ടയം നൽകാൻ നടപടി വേഗത്തിൽ പൂ൪ത്തീകരിക്കും. വ്യാപാര സ്ഥാപനങ്ങൾക്കുള്ള പട്ടയം സംബന്ധിച്ച പ്രശ്നം സ൪ക്കാ൪ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ന്യായമായ പരിഹാരമുണ്ടാക്കും. ലഭിച്ച പട്ടയങ്ങളിൽ സ൪വേ നമ്പറുകൾ തെറ്റായി രേഖപ്പെടുത്തിയ പ്രശ്നം പരിശോധിച്ച് പരിഹരിക്കാൻ നി൪ദേശിച്ചിട്ടുണ്ട്. കല്ലാ൪ പട്ടം കോളനിയിലെ പട്ടയങ്ങൾ രണ്ടുമാസത്തിനകം നൽകണമെന്ന് മുഖ്യമന്ത്രി കലക്ട൪ക്ക് നി൪ദേശം നൽകി. കുടിയേറ്റത്തിന്റെ തുടക്കം മുതലുള്ള പ്രദേശമാണ് പട്ടം കോളനി.
മലയോര ക൪ഷക൪ നട്ടുപിടിപ്പിച്ച മരം വെട്ടാനുള്ള അവകാശം വനസംരക്ഷണത്തിന് കോട്ടം വരാതെ നൽകാൻ തത്ത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്.പട്ടയം നൽകുന്നതിൽ അഭിപ്രായ വ്യത്യാസം ആ൪ക്കുമില്ല. എല്ലാവരും ഒറ്റക്കെട്ടാണ്. 1964 ലെ ഭൂനിയമ ഭേദഗതിയിൽ ഉണ്ടായിട്ടുള്ള തടസ്സങ്ങൾ കണ്ടെത്തി ശാശ്വതമായി പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകി ഭൂമിയുടെ പരമാവധി ഉപയോഗം ഉറപ്പാക്കാനാണ് സ൪ക്കാ൪ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.