കേസ് നടത്തിപ്പ്: എ.ജി ഓഫിസും വനംവകുപ്പും തമ്മിലുള്ള തര്‍ക്കത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു

പാലക്കാട്: വനംവകുപ്പ് കേസുകൾ കൈകാര്യം ചെയ്യുന്നതിൽ വകുപ്പിൻേറയും അഡ്വക്കറ്റ് ജനറലിൻെറയും ഓഫിസുകൾ തമ്മിലുള്ള ശീതസമരത്തിൽ സംസ്ഥാനസ൪ക്കാ൪ ഇടപെടുന്നു. ഇതിൻെറ ഭാഗമായി കേസ് നടത്തിപ്പിനാവശ്യമായ രേഖകൾ വനംവകുപ്പ് ഉദ്യോഗസ്ഥ൪ നേരിട്ട് എ.ജിയുടെ ഓഫിസിന് കൈമാറുന്നത് അവസാനിപ്പിക്കും. പകരം ഉദ്യോഗസ്ഥ൪ നൽകുന്ന രേഖകൾ വനം സെക്രട്ടറിയുടെ ഓഫിസിൽ നിന്ന് എ.ജിയുടെ ഓഫിസിന് നൽകും. ഇക്കാര്യം തീരുമാനിക്കാൻ ശനിയാഴ്ച തിരുവനന്തപുരത്ത് വനംവകുപ്പിലെ ഉന്നതരുടെ യോഗം ചേരും.
നെല്ലിയാമ്പതി മിന്നാമ്പാറ എസ്റ്റേറ്റ് കേസിൽ കൈവശക്കാ൪ക്ക് അനുകൂലവിധി ഉണ്ടായതിനെച്ചൊല്ലി  വനംവകുപ്പ് ഉദ്യോഗസ്ഥരും അഡ്വക്കറ്റ് ജനറൽ ഓഫിസും തമ്മിൽ അഭിപ്രായ  വ്യത്യാസം ഉടലെടുത്തിരുന്നു.
നിയമ വകുപ്പിൻെറ  അനാസ്ഥയാണ് കേസ് തോൽക്കാൻ ഇടയാക്കിയതെന്ന് നിക്ഷിപ്ത  വനം കസ്റ്റോഡിയൻ  ഉൾപ്പെടെയുള്ളവ൪ ആരോപിച്ചു. വിധി വന്ന് രണ്ട് മാസത്തിനകം സുപ്രീംകോടതിയിൽ പ്രത്യേകാനുമതി ഹ൪ജി നൽകാൻ കഴിയാതിരുന്നത് യഥാസമയം അഡ്വക്കറ്റ ്ജനറൽ ഓഫിസിൽ നിന്ന് നിയമോപദേശം ലഭിക്കാത്തതിനാലാണെന്നും വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ൪ പരാതി ഉന്നയിച്ചിരുന്നു.
എന്നാൽ,  മുൻ സ൪ക്കാറിൻെറ  കാലത്ത് ഹൈകോടതിയിൽ എത്തിയ മിന്നാമ്പാറ കേസിൻെറ പ്രധാനരേഖയായ  ബി-2 പ്ളാൻ യഥാസമയം  വനംവകുപ്പ്  ഉദ്യോഗസ്ഥ൪ തന്നില്ലെന്ന് എ.ജിയുടെ ഓഫിസ്  തിരിച്ചടിച്ചു.
സത്യവാങ്മൂലവും വസ്തുതാ റിപ്പോ൪ട്ടും രേഖകളും സമ൪പ്പിക്കുന്നത് പാലക്കാട് ഈസ്റ്റേൺ സോണിലെ നിക്ഷിപ്ത  വനം കസ്റ്റോഡിയൻെറ ചുമതലയാണ്.  ഇദ്ദേഹമാണ്  ഇതുവരെ അഡ്വക്കറ്റ് ജനറൽ മുഖേന കേസുകൾ കൈകാര്യം ചെയ്തിരുന്നത്.
ത൪ക്കം ഉയ൪ന്ന സാഹചര്യത്തിൽ ഇനി വനംവകുപ്പിൻെറ കേസുകൾ വാദിക്കണമെങ്കിൽ വനം സെക്രട്ടറി രേഖകളും സത്യവാങ്മൂലവും നൽകണമെന്ന്  അഡ്വക്കറ്റ് ജനറലിൻെറ ഓഫിസ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ്  വനം സെക്രട്ടറി, വകുപ്പിലെ ഉന്നത  ഉദ്യോഗസ്ഥ൪,  കേസ് വാദിക്കുന്ന സ്പെഷൽ പ്രോസിക്യൂട്ട൪ തുടങ്ങിയവരുടെ യോഗം ശനിയാഴ്ച ചേരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.