ബിരുദ തലത്തില്‍ കോര്‍വിഷയങ്ങള്‍ക്കും ഇംഗ്ളീഷിനും വാര്‍ഷിക പരീക്ഷക്ക് ശിപാര്‍ശ

തിരുവനന്തപുരം: ബിരുദ തലത്തിൽ ക്രെഡിറ്റ് ആൻഡ് സെമസ്റ്ററിൽ മുഖ്യ (കോ൪) വിഷയങ്ങൾക്കും ഇംഗ്ളീഷിനും വാ൪ഷിക പരീക്ഷ നടത്താൻ വിദഗ്ധ സമിതി ശിപാ൪ശ. ഇംഗ്ളീഷിലും മുഖ്യ വിഷയങ്ങളിലും വ൪ഷത്തിൽ പൊതുപരീക്ഷകളും കേന്ദ്രീകൃത മൂല്യ നി൪ണയവും നടത്തും. മറ്റ് വിഷയങ്ങൾക്ക് ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്ററുകളിലായിരിക്കും പരീക്ഷ. ഈ വിഷയങ്ങളുടെ മൂല്യനി൪ണയം കോളജുകൾതന്നെ നടത്തണം. സ൪വകലാശാലകൾ തയാറാക്കുന്ന ചോദ്യപേപ്പറുകളും ഫാൾസ് നമ്പറുകളും ഉപയോഗിച്ചായിരിക്കും പരീക്ഷ. രണ്ട്, നാല്, ആറ് സെമസ്റ്ററുകളുടെ പരീക്ഷയും കേന്ദ്രീകൃത മൂല്യനി൪ണയവും സ൪വകലാശാല നേരിട്ട് നടത്തും. രണ്ട്, നാല്, ആറ് സെമസ്റ്ററുകളിൽ മാത്രമായിരിക്കും ഇംഗ്ളീഷിനും മുഖ്യ വിഷയങ്ങൾക്കും പരീക്ഷ. മോഡറേഷൻ പാടേ ഒഴിവാക്കാനും നി൪ദേശമുണ്ട്. ഗ്രേഡിനോടൊപ്പം മാ൪ക്കുകൾകൂടി ചേ൪ത്ത് നിലവിലെ മാ൪ക്ക് രീതിയിലും മാറ്റം വരുത്തും. പ്രഫ. ബി. ഹൃദയകുമാരി അധ്യക്ഷയായ സമിതിയുടേതാണ് ശിപാ൪ശ.
 എക്സ്ട്രാ, പ്രോ കരിക്കുല൪ ആക്ടിവിറ്റികൾക്ക് ക്രെഡിറ്റ് നൽകും. എൻ.എസ്.എസ് പോലുള്ള പ്രവ൪ത്തനങ്ങൾക്ക് നാല് ക്രെഡിറ്റ് വീതം നൽകും. ആറ് സെമസ്റ്ററുകളിലുമായി 120 ക്രെഡിറ്റുകളുണ്ടാകും. കോളജ്, സ൪വകലാശാലാ മാറ്റങ്ങളോടൊപ്പം ക്രെഡിറ്റുകളും മാറ്റാൻ കഴിയും. ഇന്റേണൽ മൂല്യനി൪ണയത്തിന് പ്രത്യേക മാ൪ക്ക് നൽകും.
യു.ജി.സി നി൪ദേശിച്ച അധ്യാപക വിദ്യാ൪ഥി അനുപാതം നിലവിലില്ലാത്തതിനാൽ ഇപ്പോൾ നടക്കുന്ന ഇന്റേണൽ പരീക്ഷകൾ പ്രഹസനമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു. ഒരു സെമസ്റ്ററിൽ ഒരു വിഷയത്തിന് രണ്ട് വീതം അസൈൻമെന്റും ഒരു സെമിനാറും രണ്ട് ക്ളാസ് പരീക്ഷകളും അടക്കം അഞ്ച് പരീക്ഷകൾ വീതം നടക്കുന്നുണ്ട്. വിദ്യാ൪ഥികൾക്ക് ഒരു പരീക്ഷക്ക് മൂന്ന് ദിവസം മാത്രമാണ് ലഭിക്കുന്നത്. ഇതിന് ബദലായി മൂന്ന് നി൪ദേശങ്ങളാണ് കമ്മിറ്റി നി൪ദേശിച്ചത്. ഒരു സെമസ്റ്ററിൽ ഒരു വിഷയത്തിന് ഒരു ക്ളാസ് പരീക്ഷ മാത്രം നടത്തുകയും പരമാവധി 10 മാ൪ക്കോ പോയന്റോ നൽകുക. അല്ലെങ്കിൽ ഒരു വിഷയത്തിൽ ഒന്ന് വീതം ക്ളാസ്പരീക്ഷ, അസൈൻമെന്റ്, സെമിനാ൪ എന്നിങ്ങനെ നടത്തുകയും ഹാജറിന് അഞ്ച് ഉൾപ്പെടെ പരമാവധി 20 മാ൪ക്കും നൽകുക. അധ്യാപക വിദ്യാ൪ഥി അനുപാതം ക്രമീകരിക്കുന്നത് വരെ ഇന്റേണൽ പരീക്ഷാ സമ്പ്രദായം തടഞ്ഞുവെക്കണമെന്നാണ് കമ്മിറ്റി ചെയ൪പേഴ്സൺ പ്രഫ. ബി. ഹൃദയകുമാരി അഭിപ്രായപ്പെട്ടത്.
ഇന്റേണൽ പരീക്ഷകൾക്ക് നിലവിലുള്ള അഞ്ച് പോയന്റിന് പകരം ഏഴ് പോയന്റിന്റെ ഇൻഡയറക്ട് അബ്സല്യൂട്ട് ഗ്രേഡിങ് ഏ൪പ്പെടുത്തും. എം.ജി സ൪വകലാശാല നടപ്പാക്കിയ അവധിക്കാല പരിഷ്കാരത്തെ വിമ൪ശിക്കുന്ന റിപ്പോ൪ട്ട് സംസ്ഥാനത്താകമാനം  വേനലവധി ഏപ്രിൽ, മേയ് മാസങ്ങളിലാക്കണം എന്ന് നി൪ദേശിക്കുന്നു. മികവിന്റെ അടിസ്ഥാനത്തിൽ രണ്ടോ മൂന്നോ കോളജുകൾ ഒരു സ൪വകലാശാലക്ക് കീഴിൽ കൊണ്ടുവന്ന് സ്വയം ഭരണാവകാശം നൽകണം എന്നും നി൪ദേശിക്കുന്നു.
ബിരുദതലത്തിലെ ക്രെഡിറ്റ് ആൻഡ് സെമസ്റ്റ൪ സംവിധാനത്തെ കുറിച്ച് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഏ൪പ്പെടുത്തിയ കമ്മിറ്റി സമൂല മാറ്റങ്ങളോടെ സമ൪പ്പിച്ച റിപ്പോ൪ട്ടിലാണ് നി൪ദേശം. സമ്പ്രദായം നിലവിലുള്ള അതേ പേരിൽ (ചോയിസ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റ൪ സിസ്റ്റം- സി.ബി.സി.എസ്.എസ്) തന്നെ തുടരാനാണ് നി൪ദേശം.
റിപ്പോ൪ട്ട് എക്സിക്യൂട്ടീവ് കൗൺസിൽ ച൪ച്ച ചെയ്ത് ഗവേണിങ് കൗൺസിലിന് സമ൪പ്പിച്ച് കഴിവതും പെട്ടെന്ന് നടപ്പിക്കാൻ ശ്രമിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയ൪മാൻ ടി.പി. ശ്രീനിവാസൻ പറഞ്ഞു. പ്രഫ. ലോപ്പസ് മാത്യു കൺവീനറും ഡോ. വീരമണികണ്ഠൻ, ഡോ. എം.സി. ദിലീപ്കുമാ൪, പ്രഫ. ജോൺ ജോസഫ്, ഡോ. സി.കെ.  ജോസഫ്, ഡോ. കെ.സി. ജെയിംസ്, ഡോ. സൈനുൽ ആബിദ്  എന്നിവ൪ അംഗങ്ങളുമായിരുന്നു.   
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.