കോലഞ്ചേരി: വിവാദ വെളിപ്പെടുത്തലുകളെത്തുട൪ന്ന് നടന്ന യാക്കോബായ സഭയുടെ അടിയന്തര സുന്നഹദോസിൽ മെത്രാപ്പോലീത്തമാരുടെ ഭിന്നത മറനീക്കി. നേതൃത്വവുമായുള്ള അഭിപ്രായഭിന്നതയെത്തുട൪ന്ന് സഭയിലെ പകുതിയിലധികം മെത്രാപ്പോലീത്തമാരും സുന്നഹദോസിൽനിന്ന് വിട്ടുവിന്നു. 32 മെത്രാപ്പോലീത്തമാരുള്ള സഭയിൽ തിങ്കളാഴ്ച നടന്ന അടിയന്തര സുന്നഹദോസിൽ കാതോലിക്ക ബാവയടക്കം 14 പേ൪ മാത്രമാണ് പങ്കെടുത്തത്. എന്നാൽ, 19 പേ൪ പങ്കെടുത്തതായാണ് ഔദ്യാഗിക വിശദീകരണം.
വിശ്വാസികളിൽനിന്ന് പിരിച്ചെടുക്കുന്ന കോടിക്കണക്കിന് രൂപ കാതോലിക്ക ബാവയും അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ളവരും കൊള്ളയടിക്കുകയാണെന്ന് കുര്യാക്കോസ് മാ൪ ക്ളീമിസ് മെത്രാപ്പോലീത്ത ആരോപിച്ചിരുന്നു. തട്ടിപ്പ് ചോദ്യം ചെയ്യുന്നവരെ ഗുണ്ടകളെ വിട്ട് തല്ലിക്കുകയാണ് സഭാ നേതൃത്വം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. മെത്രാപ്പോലീത്തയാകുന്നതിനുവേണ്ടി 2008 ൽ താൻ മൂന്നുകോടി രൂപ സഭാ നേതൃത്വത്തിന് നൽകിയിരുന്നു. എന്നാൽ, അതിൻെറ കണക്കുകൾ സഭാ നേതൃത്വം വെളിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സഭയിലെ മുതി൪ന്ന മെത്രാപ്പോലീത്തമാരായ യൂഹാനോൻ മാ൪ പീലക്സിനോസ്, കുര്യാക്കോസ് മാ൪ ദിയസ്കോറസ്, തോമസ് മാ൪ തിമോത്തിയോസ് എന്നിവ൪ സുന്നഹദോസിൽ പങ്കെടുത്തില്ല. പങ്കെടുത്തവരിൽ നാലുപേ൪ നേതൃത്വത്തിനെതിരെ രൂക്ഷ വിമ൪ശം നടത്തി. സമീപകാലത്ത് സഭ നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രതിസന്ധിയെത്തുട൪ന്ന് വിളിച്ചുചേ൪ത്ത സുന്നഹദോസിൽനിന്ന് ഭൂരിഭാഗം മെത്രാപ്പോലീത്തമാരും വിട്ടുനിന്നതും നേതൃത്വത്തിന് തിരിച്ചടിയായിട്ടുണ്ട്. പങ്കെടുത്ത മെത്രാപ്പോലീത്തമാരുടെ രൂക്ഷമായ എതി൪പ്പിനെത്തുട൪ന്നാണ് കുര്യാക്കോസ് മാ൪ ക്ളീമിസ് മെത്രാപ്പോലീത്തക്കെതിരെയുള്ള നടപടി ലഘൂകരിച്ചതെന്നാണ് സൂചന. ഇതിനിടെ, വടക്കൻ മേഖലയിലെ ഒരു മെത്രാപ്പോലീത്ത നേതൃത്വത്തിനെതിരെ വിവാദ വെളിപ്പെടുത്തലുകളുമായി രംഗത്തുവരുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നേതൃത്വം ഇടപെട്ട് തടഞ്ഞു. പാത്രിയാ൪ക്കീസ് ബാവയെ ഇടപെടുവിച്ചാണ് തടഞ്ഞത്.
സഭയിലെ മുതി൪ന്ന മെത്രാപ്പോലീത്തയായിരുന്ന ഇദ്ദേഹത്തെ ഏറെ നാളായി നേതൃത്വം അവഗണിക്കുകയാണെന്നാണ് ആക്ഷേപം.
അതിനിടെ, സഭാ നേതൃത്വത്തിൻെറ ക്രമക്കേടുകൾ ചോദ്യം ചെയ്യുന്നവ൪ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് യാക്കോബായ സഭാ അൽമായ ഫോറം ഭാരവാഹികൾ ‘മാധ്യമ’ത്തോട് പറഞ്ഞു.
നേതൃത്വത്തിൻെറ വഴിവിട്ട പ്രവ൪ത്തനങ്ങൾ ചോദ്യം ചെയ്യുന്നവരെ അച്ചടക്ക നടപടി കാണിച്ച് ഒതുക്കാമെന്ന് കരുതേണ്ടെന്നും ഭാരവാഹികളായ മനോജ് കോക്കാട്ട്, പോൾ വ൪ഗീസ് പഴന്തോട്ടം എന്നിവ൪ പറഞ്ഞു.
കമീഷൻ റിപ്പോ൪ട്ട് വരുന്നതിനുമുമ്പെ തങ്ങൾക്കെതിരെ നടപടി പ്രഖ്യാപിച്ച സഭാ നേതൃത്വത്തിൻെറ നടപടി അഴിമതിക്കെതിരെ ശബ്ദിക്കുന്നവരെ നിശ്ശബ്ദമാക്കുന്നതിനുവേണ്ടിയാണ്. സഭാ നേതൃത്വത്തിൻെറ വിശ്വാസി ചൂഷണത്തിനെതിരെ വരും ദിവസങ്ങളിൽ പോരാട്ടം ശക്തമാക്കുമെന്നും അവ൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.