കണ്ണൂ൪: പൊലീസ് സേനയെ പുതിയ സംവിധാനങ്ങളും ഉപകരണങ്ങളും നൽകി ആധുനികവത്കരിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ.
മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ സായുധ പൊലീസ് കോൺസ്റ്റബിൾമാരുടെ 20ാമത് ബാച്ചിന്റെ പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദു൪ബല ജനവിഭാഗങ്ങൾക്കും വീട്ടമ്മമാ൪ക്കും സംരക്ഷണം ഉറപ്പാക്കുന്നതിന് പുതിയ നിയമം കൊണ്ടുവരാൻ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു.
ചെറുപ്രായത്തിൽ പൊലീസ് സേനയിൽ വന്നെത്തുന്നവ൪ക്ക് സംരക്ഷണം നൽകാൻ സ൪ക്കാ൪ പ്രതിജ്ഞാബദ്ധമാണ്. ഡ്യൂട്ടിക്കിടയിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അവരെ സഹായിക്കാൻ സ൪ക്കാറിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജയിംസ് മാത്യു എം.എൽ.എ, തളിപ്പറമ്പ് നഗരസഭാ ചെയ൪പേഴ്സൻ റംല പക്ക൪, ആംഡ് പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പി ആ൪. ശ്രീലേഖ, ഡി.ഐ.ജി ഇ.ജെ. ജയരാജ്, ജില്ലാ പൊലീസ് സൂപ്രണ്ട് രാഹുൽ ആ൪. നായ൪, കെ.എ.പി കമാൻഡന്റ് ടി. സുനിൽബാബു എന്നിവ൪ സംബന്ധിച്ചു.
166 കോൺസ്റ്റബിൾമാരാണ് ഒമ്പതുമാസത്തെ പരിശീലനം പൂ൪ത്തിയാക്കി സായുധ പൊലീസ് സേനയുടെ ഭാഗമായത്.
പരേഡ് കമാൻഡന്റ് നാൾട്ടൺ ജൂഡ് ഡിസൂസ, സെക്കൻഡ് കമാൻഡന്റ് പി. ഷിജിത്ത് എന്നിവ൪ പാസിങ് ഔട്ട് പരേഡ് നയിച്ചു. പരിശീലന കാലയളവിൽ മികച്ച പ്രകടനം കഴ്ചവെച്ചതിന് ബെസ്റ്റ് ഔട്ട്ഡോ൪ ട്രോഫിക്ക് വയനാട് വൈത്തിരി സ്വദേശി അനിൽകുമാ൪, ബെസ്റ്റ് ഷൂട്ട൪ ട്രോഫിക്ക് വയനാട് തൃശ്ശിലേരിയിലെ ഐ.എസ്. സുധീഷ്, ബെസ്റ്റ് ഇൻഡോ൪ ട്രോഫിക്ക് പയ്യന്നൂ൪ അന്നൂരിലെ ഹിതേഷ് രാമചന്ദ്രൻ, ബെസ്റ്റ് ഓൾറൗണ്ട൪ ട്രോഫിക്ക് ആറളം കീഴ്പ്പള്ളിയിലെ ടി.എസ്. അഭിലാഷ് എന്നിവ൪ അ൪ഹരായി. മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട പൊലീസ് കോൺസ്റ്റബിൾ കെ.വി. വിനോദ്കുമാറിന്റെ പേരിലാണ് ബെസ്റ്റ് ഓൾറൗണ്ട൪ ട്രോഫി ഏ൪പ്പെടുത്തിയത്.
ഇവ൪ക്ക് മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ ട്രോഫി സമ്മാനിച്ചു. പരിശീലനം പൂ൪ത്തിയാക്കിയ പൊലീസ് കോൺസ്റ്റബിൾമാരുടെ കുടുംബാംഗങ്ങളും പാസിങ് ഔട്ട് പരേഡിന് സാക്ഷ്യംവഹിക്കാനെത്തിയിരുന്നു.
കെ.എ.പി ബറ്റാലിയനിൽ പുതുതായി നി൪മിച്ച ബാരക്കുകളുടെ ഉദ്ഘാടനവും മന്ത്രി നി൪വഹിച്ചു. കെ.എ.പി ക്യാമ്പിൽ ട്രെയ്നികളായ പൊലീസുകാ൪ നി൪മിച്ച നീന്തൽകുളം അദ്ദേഹം സന്ദ൪ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.