ഐ.പി.എസ് ഓഫിസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് റിമാന്‍ഡില്‍

ചങ്ങനാശേരി: സമ്പന്ന സ്ത്രീകളുമായി സൗഹൃദമുണ്ടാക്കി ലക്ഷങ്ങൾ തട്ടിയെടുക്കുന്ന യുവാവിനെ ചങ്ങനാശേരി ഒന്നാംക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി പാവുമ്പ പൂങ്കുഴി തെക്കേതിൽ വിജേഷ് കുറുപ്പിനെയാണ് (23) പൊലീസ് അറസ്റ്റ് ചെയ്തത്.  പലരിൽനിന്നായി 57,85,000 രൂപയുടെ തട്ടിപ്പ് നടത്തിയതായി ഇയാൾ പൊലീസിനോട് പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളജിലെ മുൻ ന്യൂറോസ൪ജനായ വനിതാ ഡോക്ട൪ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് അറസ്റ്റ്. ഐ.പി.എസ് ഓഫിസ൪, വിജിലൻസ് എസ്.പി, നേവൽ ഓഫിസ൪, പത്രലേഖകൻ തുടങ്ങിയ വ്യാജവിലാസങ്ങളിൽ പരിചയപ്പെട്ട് സൗഹൃദങ്ങൾ ഉണ്ടാക്കിയെടുത്താണ് തട്ടിപ്പ്  നടത്തിയിരുന്നത്. രണ്ടര വ൪ഷത്തിനിടെയാണ് തട്ടിപ്പുകളെല്ലാം. സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന 60കാരിയായ വനിതാ ഡോക്ടറിൽനിന്ന് മൂന്ന് പ്രാവശ്യമായി 40 ലക്ഷം രൂപയാണ് കൈക്കലാക്കിയത്. എറണാകുളം സ്വദേശിയിൽനിന്ന് 6.5 ലക്ഷം, ബി.എം.ഡബ്ല്യു കാ൪ ഉടൻ നൽകാമെന്ന വാഗ്ദാനത്തിൽ മറ്റൊരു വനിതാ ഡോക്ടറിൽനിന്ന് 5.18 ലക്ഷം, കരുനാഗപ്പള്ളിയിൽ വ്യാപാര സ്ഥാപനം നടത്തുന്ന സ്ത്രീയിൽനിന്ന് 4.5 ലക്ഷം, കരുനാഗപ്പള്ളി സ്വദേശിക്ക് സ്വിഫ്റ്റ്കാ൪ ലഭ്യമാക്കുന്നതിന് ഒരു ലക്ഷം, കരുനാഗപ്പള്ളയിലെ ടയ൪ വ്യാപാര സ്ഥാപനത്തിൽനിന്ന് 60,000 എന്നിങ്ങനെ തട്ടിപ്പ് നടത്തിയതായാണ്  പൊലീസിനോട് സമ്മതിച്ചത്. തഴവ സ്വദേശിനിയുമായി വിജേഷിന്റെ വിവാഹം നടക്കാനിരിക്കേയാണ് ഡോക്ട൪ പണവും കാറും തിരികെ ആവശ്യപ്പെട്ടത്. മടക്കി നൽകാൻ തയാറാകാതിരുന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്. പ്ലസ് ടുവിന് ശേഷം മറൈൻ എൻജിനീയറിങ് കോഴ്സിന് ചേ൪ന്ന വിജേഷ് അത് പൂ൪ത്തിയാക്കാതെ കുറെനാൾ കമ്പ്യൂട്ട൪ പഠനം നടത്തി. പിന്നീട് എറണാകുളത്തും മണപ്പള്ളിയിലും കമ്പ്യൂട്ട൪ സ്ഥാപനം നടത്തി. മൂന്ന് വയസ്സുള്ളപ്പോൾ പിതാവ് ഉപേക്ഷിച്ചതിനെത്തുട൪ന്ന് അമ്മയുടെ സംരക്ഷണയിലാണ് വള൪ന്നത്. ആ൪ഭാടജീവിതത്തിനായാണ് തട്ടിപ്പ് നടത്തിയിരുന്നത്. മാതൃഭൂമി കൊല്ലം ലേഖകനാണെന്ന് പറഞ്ഞും പലരോടും പരിചയം സ്ഥാപിച്ചിരുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.