ചന്ദ്രശേഖരന്‍ വധത്തിലും സി.പി.എം വര്‍ഗീയ കലാപത്തിന് ശ്രമിച്ചെന്ന്

കോഴിക്കോട്: തലശ്ശേരി ഫസൽ വധക്കേസിലെ പോലെ, ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ അന്വേഷണവും വഴിതിരിച്ചുവിട്ട് സി.പി.എം വ൪ഗീയ കലാപത്തിന് കോപ്പുകൂട്ടിയതായി പൊലീസ് കണ്ടെത്തൽ. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ അറസ്റ്റിലായ ടി.കെ. രജീഷ്, കൊടി സുനി എന്നിവരിൽനിന്ന് ലഭിച്ച ചില നി൪ണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസും രഹസ്യാന്വേഷണ വിഭാഗവും നടത്തിയ വിശദമായ അന്വേഷണത്തിലാണ് എൻ.ഡി.എഫിനെ മറയാക്കി വ൪ഗീയ കലാപം അഴിച്ചുവിടാൻ ഉന്നത തലത്തിൽ പാ൪ട്ടിയിലെ ചില൪ ഗൂഢാലോചന നടത്തിയതായി  കണ്ടെത്തിയത്.
കൊല്ലപ്പെട്ട ചന്ദ്രശേഖരന് വള്ളിക്കാട് ഭാഗത്തെ ഒരു മുസ്ലിം സ്ത്രീയുമായി ബന്ധമുണ്ടായിരുന്നതായും ഇതിന്റെ പേരിൽ എൻ.ഡി.എഫുകാ൪ ചന്ദ്രശേഖരനെ വകവരുത്തിയതാണെന്നും വരുത്തിത്തീ൪ക്കാൻ ചില൪ തിരക്കഥ മെനഞ്ഞെന്നുമാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച കൊടി സുനിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തതിനുശേഷം ഇതു സംബന്ധിച്ച കൂടുതൽ അന്വേഷണം നടക്കും.
ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് നടത്തിയ വള്ളിക്കാട് യാത്രയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് പാ൪ട്ടിയിലെ ഉന്നത൪ തുടക്കം മുതലേ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞദിവസം വടകര മേഖലയിൽ നടന്ന പാ൪ട്ടിയുടെ പൊതുയോഗത്തിലും ഒരു സംസ്ഥാന നേതാവ് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ചന്ദ്രശേഖരന്റെ അവിഹിത ബന്ധത്തിന് സമുദായ സ്നേഹികളായ എൻ.ഡി.എഫുകാ൪ കണക്കുതീ൪ക്കുകയായിരുന്നുവെന്ന് സി.പി.എമ്മിലെ ചില൪ അണികൾക്കിടയിൽ വ്യാപക പ്രചാരണം നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇതത്രയും വ്യാജമാണെന്ന് സ്ഥിരീകരിച്ചു. തുട൪ന്ന് വ്യാജപ്രചാരണത്തിന്റെ വേരുകൾ തേടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചില നേതാക്കളുടെ നേതൃത്വത്തിൽ കൊലപാതകത്തിന് വ൪ഗീയ നിറം പകരാൻ ശ്രമം നടന്നതായി കണ്ടെത്തിയത്.
അക്രമികൾ സഞ്ചരിച്ച ഇന്നോവ കാറിൽ 'മാഷാ അല്ലാഹ്' എന്ന സ്റ്റിക്ക൪ പതിച്ചത് പ്രതി മുഹമ്മദ് ഷാഫിയുടെ ബുദ്ധിയിൽനിന്ന് ഉദിച്ചതാണെന്ന മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. കൊടി സുനിയുടെ നി൪ദേശം ശിരസാവഹിക്കുന്നതല്ലാതെ ഇങ്ങനെയൊരു ഗൂഢാലോചന നടത്താനുള്ള ബുദ്ധിയൊന്നും ഷാഫിക്കില്ലെന്ന് പൊലീസ് പറയുന്നു. ചന്ദ്രശേഖരന് മുസ്ലിം സ്ത്രീയുമായി ബന്ധമുണ്ടെന്ന കഥ മെനഞ്ഞതും കാറിൽ 'മാഷാ അല്ലാഹ്' സ്റ്റിക്ക൪ ഒട്ടിച്ചതും  കൊലക്ക് പിന്നിൽ വ൪ഗീയ തീവ്രവാദികളാവാമെന്ന ചില നേതാക്കളുടെ ആദ്യ പ്രസ്താവനകളും കൂട്ടിവായിച്ചാൽ ഗൂഢാലോചനയുടെ ചിത്രം തെളിയുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
ചന്ദ്രശേഖരന് വഴിവിട്ട ബന്ധമുണ്ടായിരുന്നതായും കൊല നടത്തിയാൽ കുറ്റം തീവ്രവാദികളുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാൻ കഴിയുമെന്നും കണ്ണൂ൪ ജില്ലയിലെ ചില നേതാക്കൾ ധരിപ്പിച്ചതായി ടി.കെ. രജീഷ് മൊഴിനൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇനി കൊടി സുനിയെ കൂടി വിശദമായി ചോദ്യം ചെയ്തശേഷം ഗൂഢാലോചനക്കാരായ നേതാക്കളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
തലശ്ശേരി ഫസൽ വധക്കേസ് അന്വേഷണം വിഴിതിരിച്ചുവിട്ട് രണ്ട് സമുദായങ്ങൾക്കിടയിൽ കലാപം സൃഷ്ടിക്കാൻ സി.പി.എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ശ്രമിച്ചതായി എറണാകുളം സി.ജെ.എം കോടതിയിൽ സി.ബി.ഐ നൽകിയ കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. കൊടി സുനിയുടെ മൊഴിയിൽ കാരായി രാജന്റെ പേര് പറഞ്ഞിട്ടുണ്ട്. ഫസൽ വധക്കേസിലെ അന്വേഷണം വഴിതിരിച്ചുവിടാൻ ഗൂഢാലോചന നടത്തിയവ൪ തന്നെയാവും ചന്ദ്രശേഖരൻ വധക്കേസിലും അട്ടിമറി ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. അക്രമികൾ സഞ്ചരിച്ച ഇന്നോവ കാ൪ മണിക്കൂറുകൾക്കകം കണ്ടെത്തിയതാണ് ഗൂഢാലോചന പൊളിയാൻ കാരണമായതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.