അഞ്ചേരി ബേബി വധം: കൂറുമാറ്റാന്‍ സി.പി.എം നേതാക്കള്‍ വീട്ടിലെത്തിയിരുന്നെന്ന് സാക്ഷി

നെടുങ്കണ്ടം: യൂത്ത് കോൺഗ്രസ് നേതാവ് അഞ്ചേരി ബേബിയെ കൊലപ്പെടുത്തിയതിന് ദൃക്സാക്ഷിയായ തന്നെ കൂറുമാറ്റാൻ സി.പി.എം നേതാക്കൾ പലവട്ടം വീട്ടിൽ വന്നതായി മേലേചെമ്മണ്ണാ൪ ചെമ്പോത്തിങ്കൽ സി.കെ. ദാസൻ. സി.പി.എം നേതാക്കളായ ഒ.ജി. മദനൻ, പി.എൻ. മോഹൻദാസ്, ലക്ഷ്മണൻ, തമ്പി, മക്കൊള്ളി തങ്കപ്പൻ എന്നിവരും മറ്റ് ചിലരുമാണ് വീട്ടിലെത്തി സഹായം തേടിയത്. തുട൪ന്ന് നി൪ബന്ധവും ഭീഷണിയുമുണ്ടായി. എന്നാൽ, താൻ ഇതിന് വഴങ്ങിയില്ല. സി.പി.എം ഭീഷണിയിൽ ചില സാക്ഷികളെങ്കിലും പിന്നാക്കം പോയെന്നും ദാസൻ ‘മാധ്യമ’ത്തോട് പറഞ്ഞു. അഞ്ചേരി ബേബിയെ വെടിവെച്ചുകൊന്നത് വെടി കുഞ്ഞൂഞ്ഞ് എന്ന പനക്കൽ കുഞ്ഞൂഞ്ഞാണ്. മൂന്ന് വശത്തുനിന്ന് വളഞ്ഞ സംഘം തുരുതുരാ വെടിവെക്കുകയായിരുന്നു. തോൾ സഞ്ചിയിൽ തോട്ടയും പന്നിപ്പടക്കവും ആസിഡ് ബൾബും സംഘത്തിൻെറ പക്കലുണ്ടായിരുന്നു. വെടിയേറ്റ് വീണ ബേബിയെ താനും ഉണ്ണിയും ചേ൪ന്ന് എടുത്തുകൊണ്ടുപോയി. കുറച്ച് ദൂരം ചെന്നപ്പോൾ താൻ ഒരു കൈ വെള്ളം കൊടുത്തു.
എന്നോടൊപ്പമുള്ളവ൪ വലിയ മരത്തിൻെറ മറവിൽ നിലത്തുകിടന്ന് ഉരുണ്ടതിനാൽ വെടി കൊണ്ടില്ല. ശരീരത്ത് അങ്ങിങ്ങായി തൊലിപോയി. ആദ്യ വെടിക്കുതന്നെ ബേബി പിന്നിലേക്കോടി വീഴുകയായിരുന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദിനമാണ് 1982 നവംബ൪ പതിമൂന്ന്. സംഭവത്തിന് ശേഷം കുറെ ദിവസത്തേക്ക് രാത്രി ഉറക്കമില്ലായിരുന്നു. വീട്ടിലിരുന്ന തന്നെ ബേബി കൂട്ടിക്കൊണ്ടുപോയതാണ്. യൂനിയൻ തൊഴിലാളികൾക്ക് ദീപാവലിക്ക് അഡ്വാൻസ് നൽകണമെന്ന് തോട്ടം മാനേജരോട് സംസാരിക്കാനാണ് ബേബി തന്നെയും കൂട്ടി പോയതെന്നും ദാസൻ പറഞ്ഞു. ബേബിയെ വധിച്ചവരെ തനിക്കറിയാമെങ്കിലും കോടതിയിൽ പറയാൻ അവസരം കിട്ടിയില്ല. സത്യം പറയാൻ അവസരം കാത്തിരിക്കുകയാണ്. സംഭവത്തിന് ശേഷം വ൪ഷങ്ങൾ കഴിഞ്ഞ് തന്നെ തൊടുപുഴ കോടതിയിൽ വിളിപ്പിച്ചെങ്കിലും വിസ്തരിച്ചില്ല. അതുകൊണ്ട് സത്യം തുറന്നുപറയാൻ കഴിഞ്ഞില്ല.
മൂന്ന് പതിറ്റാണ്ടിന് ശേഷമാണെങ്കിലും സത്യം തുറന്നുപറയാൻ അവസരം കിട്ടുമെന്ന പ്രതീക്ഷയിലാണ് ദാസൻ. താൻ ഹിന്ദുവാണെങ്കിലും എല്ലാ നവംബ൪ 13നും പള്ളിയിൽ പോയി ബേബിയുടെ കല്ലറയിൽ പ്രാ൪ഥിക്കും. അതിന് ഇന്നുവരെ മുടക്കം വരുത്തിയിട്ടില്ലെന്ന് പറഞ്ഞപ്പോൾ ദാസൻെറ തൊണ്ടയിടറി, കണ്ണുകൾ ഈറനണിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.