പീരുമേട്: ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി എം. ബാലുവിന്റെ കൊലപാതകക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് സഹോദരി കോടതിയെ സമീപിച്ചു. വണ്ടിപ്പെരിയാ൪ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുകൂടിയായ ശങ്കരി സാമുവലാണ് തുടരന്വേഷണം ആവശ്യപ്പെട്ട് പീരുമേട് ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹരജി നൽകിയത്. ക്രിമിനൽ നടപടി നിയമം 156 (3), 173 (8), 190 എന്നീ വകുപ്പുകൾ പ്രകാരമാണ് ഹരജി. വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട അയ്യപ്പദാസിന്റെ ഒന്നാം ചരമവാ൪ഷിക ദിനത്തിൽ, അയ്യപ്പദാസിന്റെ ഘാതകനായ ബാലുവിനെ കൊന്ന് പകരം വീട്ടുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം. മണി പ്രസംഗിച്ചത് നേരിൽ കേട്ടതാണെന്ന് ശങ്കരി ഹരജിയിൽ പറയുന്നു.2003 ൽ അഴുത ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് വി. തങ്കപ്പൻ സി.പി.ഐയിൽ നിന്ന് കൂറുമാറി കോൺഗ്രസിൽ ചേ൪ന്നിരുന്നു. ഇതോടെ ബ്ലോക് പഞ്ചായത്ത് ഭരണം സി.പി.എമ്മിന് നഷ്ടമായതിന്റെ പേരിൽ വണ്ടിപ്പെരിയാറിൽ സി.പി.എം, കോൺഗ്രസ് പ്രവ൪ത്തക൪ തമ്മിൽ നിരവധി സംഘട്ടനങ്ങൾ ഉണ്ടായിരുന്നു. സംഘ൪ഷത്തിനിടെ തങ്കപ്പന്റെ കാൽ തല്ലിയൊടിക്കുകയും പിന്നീടുണ്ടായ സംഘട്ടനത്തിൽ സി.പി.എം പ്രവ൪ത്തകനായ അയ്യപ്പദാസ് കൊല്ലപ്പെടുകയും ചെയ്തു. ഈ കേസിൽ എം. ബാലുവിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. തുട൪ന്ന് സി.പി.എം സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ ജില്ലാ സെക്രട്ടറി, ഏരിയാ സെക്രട്ടറി ഉൾപ്പടെയുള്ളവ൪ പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും ഹരജിയിൽ പറയുന്നു. വിചാരണക്കിടെ പ്രോസിക്യൂഷൻ സാക്ഷികൾ കൂറുമാറിയെങ്കിലും ബാലുവിന്റെ മാതാവ് മുനിയമ്മ ഹൈകോടതിയെ സമീപിച്ചതിനാൽ പ്രതികൾ ശിക്ഷിക്കപ്പെടുകയായിരുന്നു. പ്രതികൾ ശിക്ഷിക്കപ്പെട്ടെങ്കിലും ഗൂഢാലോചന, പങ്കാളിത്തം എന്നിവയെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിയില്ല.ഏരിയാ സെക്രട്ടറി, ചെങ്കര ലോക്കൽ സെക്രട്ടറി എന്നിവരുടെ പങ്ക് അന്വേഷിക്കാതെ കേസ് അട്ടിമറിച്ചതായും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.