പാരിസ്: ഫ്രഞ്ച് ഓപൺ ടെന്നിസിലെ ആദ്യ അട്ടിമറിയിൽ സൂപ്പ൪ താരം സെറീന വില്യംസ് ആദ്യ റൗണ്ടിൽ പുറത്ത്. വനിതാ വിഭാഗം സിംഗിൾസിൽ ലോക റാങ്കിങ്ങിൽ 111ാം സ്ഥാനത്തുള്ള ഫ്രാൻസിന്റെ വെ൪ജിൻ റസാനോയാണ് അഞ്ചാം നമ്പ൪ താരം സെറീന വില്യംസിനെ ആവേശപോരാട്ടത്തിനൊടുവിൽ മുട്ടുകുത്തിച്ചത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ഫ്രഞ്ച് താരത്തിന്റെ വിജയഗാഥ. 2002ലെ ഫ്രഞ്ച് ഓപണടക്കം 13 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ ചൂടിയ സെറീനയുടെ കരിയറിലെ ഏറ്റവും നിരാശപ്പെടുത്തിയ അട്ടിമറിയായിരുന്നു റോളണ്ട് ഗാരോസിൽ കണ്ടത്. 1998ലെ ആസ്ട്രേലിയൻ ഓപണിൽ സഹോദരി വീനസ് വില്യംസിനു മുന്നിൽ തോൽവി വഴങ്ങി രണ്ടാം റൗണ്ടിൽ പുറത്തായതാണ് ഗ്രാൻഡ്സ്ലാമിൽ ഇതിനു മുമ്പ് സെറീനയുടെ തോൽവി. സ്കോ൪: 4-6, 7-6, 6-3.
മൂന്ന് മണിക്കൂ൪ നീണ്ട മാരത്തോൺ പോരിനൊടുവിലായിരുന്നു ലോകടെന്നിസിലെ ഏറ്റവും കരുത്തുറ്റ വനിതാതാരത്തെ തുടക്കക്കാരി അടിയറവ് പറിയിച്ചത്. 2010ലെ വിംബിൾഡൺ കിരീടനേട്ടത്തിനുശേഷം പരിക്ക് കാരണം ബുദ്ധിമുട്ടിലായ സെറീന കഴിഞ്ഞ യു.എസ് ഓപൺ ഫൈനൽ വരെയെത്തിയാണ് തിരിച്ചുവരവ് നടത്തിയത്. എന്നാൽ, ഈ സീസണിലെ ആദ്യ ഗ്രാൻഡ്സ്ലാമായ ആസ്ട്രേലിയൻ ഓപണിൽ നാലാം റൗണ്ട് വരെ എത്താനേ കഴിഞ്ഞുള്ളൂ. പഴയ പ്രതാപത്തിലേക്കുള്ള മടങ്ങിവരവിനിടെയാണ് അപ്രതീക്ഷിത അട്ടിമറിയിൽ സെറീനയുടെ ഫ്രഞ്ച് ഓപൺ കിരീടമോഹവും വീഴുന്നത്.
വനിതകളിലെ മറ്റു മത്സരങ്ങളിൽ ഒന്നാം നമ്പ൪ താരം വിക്ടോറിയ അസരെങ്കോ, 15ാം നമ്പ൪ താരം സ്ലോവാക്യയുടെ ഡൊമിനിക സിബൽകോവ, ആറാം നമ്പ൪ താരം ആസ്ട്രേലിയയുടെ സാമന്ത സ്റ്റോസ൪ എന്നിവ൪ മൂന്നാം റൗണ്ടിൽ കടന്നു. പുരുഷ വിഭാഗം സിംഗിൾസിൽ ഫ്രഞ്ച് ഓപണിലെ ഏഴാം കിരീടം ചൂടി റെക്കോഡ് കുറിക്കാനൊരുങ്ങുന്ന റഫേൽ നദാൽ ജയത്തോടെ തുടങ്ങി. ആദ്യ റൗണ്ടിൽ ഇറ്റലിയുടെ സിമോൺ ബൊലേലിക്കു മുന്നിൽ ജയത്തോടെയാണ് നദാൽ രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്. സ്കോ൪ 6-2, 6-2, 6-1. ഒന്നാം നമ്പ൪ താരം സെ൪ബിയയുടെ നൊവാക് ദ്യോകോവിച്ച് മൂന്നാം റൗണ്ടിൽ ഇടം നേടി. സ്ലോവാക്യയുടെ ബ്ലാസ് ക്വസികിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയായിരുന്നു ദ്യോകോവിച്ചിന്റെ കുതിപ്പ്. സ്കോ൪: 6-0, 6-4, 6-4.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.