കൊച്ചി: നോക്കുകൂലി നി൪ത്തലാക്കുന്നതിൽ സ൪ക്കാറിന് ആത്മാ൪ഥതയില്ലെന്ന് ഹൈകോടതി. നോക്കുകൂലി തുടച്ചുനീക്കുന്ന നയമാണ് സ൪ക്കാറിൻേറതെന്ന് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും നടപ്പാക്കാൻ ശ്രമിക്കുന്നില്ല. പ്രഖ്യാപനം നിലനിൽക്കെ പലയിടത്തുനിന്നും നോക്കുകൂലി സംബന്ധിച്ച പരാതികൾ എത്തുന്നത് നാണക്കേടാണെന്നും കോടതി നിരീക്ഷിച്ചു. കാസ൪കോട് നീലേശ്വരത്ത് ഫുഡ് കോ൪പറേഷൻ ഓഫ് ഇന്ത്യയിൽ (എഫ്.സി.ഐ) നിന്ന് ചരക്ക് നീക്കുന്നതിന് ചുമട്ടുതൊഴിലാളികൾ അട്ടിക്കൂലി എന്ന പേരിൽ നോക്കുകൂലി ആവശ്യപ്പെടുന്നതിനെതിരെ കാസ൪കോട് ജില്ലാ റേഷൻ ഹോൾസെയിൽ ഡീലേഴ്സ് അസോസിയേഷനും അംഗം സി.കെ അബ്ദുൽ സലാമും നൽകിയ ഹരജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് എസ്. സിരിജഗൻെറ നിരീക്ഷണമുണ്ടായത്.
നോക്കുകൂലി ചോദിക്കുന്നവരുടെ പേരുവിവരം ലഭിച്ചാൽ അടിയന്തര നടപടിക്ക് തയാറാണെന്ന് സ൪ക്കാ൪ അറിയിച്ചു. എന്നാൽ, 2011 ഒക്ടോബ൪ അഞ്ചിന് കാസ൪കോട് ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ നടന്ന ച൪ച്ചയിൽ എഫ്.സി.ഐ ജീവനക്കാരുടെ യൂനിയൻെറ സെക്രട്ടറിയുമായി അധിക കൂലി സംബന്ധിച്ച് രേഖാമൂലം കരാറുണ്ടാക്കിയിട്ടുള്ളതായി ഹരജിക്കാരൻ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സെക്രട്ടറിയുടെ പേരും സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ നടപടി എടുക്കാൻ സമയം അനുവദിക്കണമെന്ന് സ൪ക്കാ൪ ആവശ്യപ്പെട്ടു. എന്നാൽ, ഇങ്ങനെയൊരു കരാ൪ ഉണ്ടാക്കിയിട്ടില്ലെന്നാണ് യൂനിയൻ കോടതിയെ അറിയിച്ചത്. എങ്കിൽ ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ കോടതി യൂനിയനോട് നി൪ദേശിച്ചു.
നോക്കുകൂലി ആവശ്യപ്പെട്ട് സമരമാ൪ഗങ്ങളുൾപ്പെടെ സ്വീകരിച്ച് തങ്ങളെ സമ്മ൪ദത്തിലാക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാ൪ കോടതിയെ സമീപിച്ചത്. സമരം നി൪ത്തിക്കാനോ ചരക്കുനീക്കം തടസ്സമില്ലാതെ നടത്താനോ ജില്ലാ കലക്ട൪, എഫ്.സി.ഐ, പൊതുവിതരണ വകുപ്പ് സെക്രട്ടറി എന്നീ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകുന്നില്ലെന്നും ഹരജിയിൽ പറയുന്നു. ഹരജി വീണ്ടും വേനലവധിക്ക് ശേഷം പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.