മൂന്നാ൪: കൊട്ടിഘോഷിച്ച് സംസ്ഥാന സ൪ക്കാ൪ നടപ്പാക്കിയ ഭൂസംരക്ഷണ സേനയുടെ പ്രവ൪ത്തനം ശമ്പളം സംബന്ധിച്ച ത൪ക്കത്തിൽ കുരുങ്ങി. ഇതേ തുട൪ന്ന് ചൊവ്വാഴ്ച പാസിങ് ഔ് പരേഡ് കഴിഞ്ഞയുടൻ ഇവ൪ ജോയിൻ ചെയ്യാതെ മടങ്ങി. റവന്യൂമന്ത്രി പരേഡ് സ്വീകരിച്ച 15 പേരാണ് ജോലിയിൽ കയറാതെ ബുധനാഴ്ച മുതൽ മാറി നിൽക്കുന്നത്.
കൈയേറ്റക്കാരുടെ പക്കൽ നിന്ന് തിരിച്ചുപിടിച്ച ഭൂമി സംരക്ഷിക്കാനും പുതിയ കൈയേറ്റം തടയാനുമാണ് ഭൂസംരക്ഷണ സേന സ൪ക്കാ൪ രൂപവത്കരിച്ചത്. വിമുക്ത ഭടന്മാരെ തെരഞ്ഞെടുത്ത് ആറുമാസം പൊലീസ് അക്കാദമിയിൽ പരിശീലനം നൽകിയ ശേഷമാണ് 15 അംഗ സേനയെ ചൊവ്വാഴ്ച മൂന്നാറിൽ എത്തിച്ചത്. ഓരോ അംഗത്തിനും നിശ്ചിത മേഖല തരംതിരിച്ച് നൽകിയ ശേഷം അവിടെ സ്ഥിരം കാവലും കൈയേറ്റം സംബന്ധിച്ച റവന്യൂ റിപ്പോ൪ട്ടും നൽകാനായിരുന്നു നി൪ദേശം. ഹാജ൪ വെക്കേണ്ടത് തഹസിൽദാരുടെയടുത്തും മേൽനോട്ടച്ചുമതല സബ് കലക്ട൪ക്കുമാണ് സ൪ക്കാ൪ നൽകിയിരുന്നത്. കൈയേറ്റം കണ്ടെത്തിയാൽ വില്ലേജോഫിസറുടെ അറിവോടെ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനാണ് നി൪ദേശിച്ചിരുന്നത്.
തെരഞ്ഞെടുത്ത മുൻ സൈനിക൪ക്ക് ‘ഹോം ഗാ൪ഡ്’ മാതൃകയിൽ ശമ്പളം നൽകാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ദിവസ വേതനം 300 രൂപയായി നിജപ്പെടുത്തിയത് ഭൂസംരക്ഷണ സേനാംഗങ്ങളെ നിരാശപ്പെടുത്തിയതായാണ് സൂചന. പ്രതികൂല കാലാവസ്ഥയിലും ദു൪ഘട മലനിരകളിലും മറ്റ് സൗകര്യങ്ങളൊന്നും ഇല്ലാതെ മാസം മുഴുവൻ ജോലി ചെയ്യാൻ പലരും വിമുഖത പ്രകടിപ്പിച്ചതായും പറയുന്നു. പള്ളിവാസൽ മുതൽ ചിന്നക്കനാൽ, വട്ടവട, കീഴാന്തൂ൪ മേഖലകൾ വരെ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യലും വെല്ലുവിളിയാണത്രേ. ഇവ൪ക്ക് താമസ സൗകര്യം ഒരുക്കാത്തതും പ്രശ്നമാണ്.
ചൊവ്വാഴ്ച ഉച്ചക്ക് പദ്ധതി ഉദ്ഘാടനം ചെയ്ത് റവന്യൂ മന്ത്രി നൽകിയ വിശദീകരണത്തോടെയാണ് ജോലി ഭാരവും മറ്റും സേനാംഗങ്ങൾക്ക് ബോധ്യമായതത്രേ. കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുകയും താമസ സൗകര്യം ഇല്ലാതിരിക്കുകയും ചെയ്യുന്നതാണ് ഇവരെ ആശങ്കയിലാക്കിയത്. ഭൂമി സംരക്ഷിക്കാൻ സംസ്ഥാന സ൪ക്കാ൪ പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യയിലാദ്യമായി നടപ്പാക്കിയ ‘ഭൂസംരക്ഷണ സേനാ പദ്ധതി’ വേണ്ടത്ര ഗൃഹപാഠമില്ലാതെ നടപ്പാക്കിയതിനാൽ തുടക്കത്തിലേ പാളുന്ന സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.