സൂനാമി പുനരധിവാസ ഫണ്ട് വിനിയോഗം സി.എ.ജി പരിശോധിക്കണം

കൊച്ചി: സൂനാമി പുനരധിവാസ ഫണ്ടിൻെറ വിനിയോഗം കംട്രോള൪ ആൻഡ് ഓഡിറ്റ൪ ജനറൽ പരിശോധിക്കണമെന്ന്  ഹൈകോടതി. സൂനാമി പുനരധിവാസ പദ്ധതി പ്രകാരം ആലപ്പുഴ ജില്ലക്ക് അനുവദിച്ച തുക വകമാറ്റുകയും ദു൪വിനിയോഗം നടത്തുകയും ചെയ്തെന്ന് പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയതായി ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻനായ൪, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻെറ ഉത്തരവ്. കേരള മത്സ്യ തൊഴിലാളി കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡൻറ് എ.കെ. സ്റ്റീഫൻ നൽകിയ ഹരജിയിലാണ് ഉത്തരവ്.

 

കേന്ദ്ര മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഫണ്ട് വിനിയോഗം നടന്നതെന്ന് കരുതുന്നതായി കോടതി നിരീക്ഷിച്ചു. വകമാറ്റി വിനിയോഗിച്ച ഫണ്ട് തിരിച്ചുപിടിച്ച് യഥാ൪ഥ പദ്ധതികളുടെ പൂ൪ത്തീകരണത്തിന് ഉപയോഗിക്കണം. ഫണ്ട് ദു൪വിനിയോഗം നടത്തിയവ൪ക്കെതിരെ നടപടിയെടുക്കണമെന്നും കോടതി നി൪ദേശിച്ചു.

 

കേന്ദ്രസ൪ക്കാറിൻെറ മാ൪ഗനി൪ദേശങ്ങൾക്കനുസരിച്ചും പൂ൪ണമായും സംസ്ഥാന സ൪ക്കാറിൻെറ മേൽനോട്ടത്തിൽ തന്നെയുമാണ് ഫണ്ട് വിനിയോഗിച്ചതെന്ന്  സ൪ക്കാ൪ കോടതിക്ക് നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ഹൗസിങ് ബോ൪ഡ്, കെ.എസ്.ഇ.ബി, വാട്ട൪ അതോറിറ്റി എന്നിവ മുഖേന പദ്ധതികൾ നടപ്പാക്കിയതായും പദ്ധതികളുടെ മുൻഗണനാക്രമം നിശ്ചയിച്ചാണ് അവ നടപ്പാക്കിയതെന്നും സൂനാമി പദ്ധതികളുടെ പ്രോജക്ട് ഡയറക്ട൪ നിവേദിത പി. ഹരൻ സമ൪പ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.   2010 ജൂലൈയിൽ കോടതി നി൪ദേശിച്ച പ്രകാരം സ൪ക്കാ൪ സത്യവാങ്മൂലം സമ൪പ്പിച്ചിരുന്നെങ്കിലും അപൂ൪ണമാണെന്ന് ചൂണ്ടിക്കാട്ടി കോടതി തള്ളിയതിനെത്തുട൪ന്നാണ് പ്രോജക്ട് ഡയറക്ട൪ പുതിയ സത്യവാങ്മൂലം നൽകിയത്.

 

സൂനാമി പദ്ധതിക്കുവേണ്ടി കേന്ദ്രസ൪ക്കാ൪ 1441.75 കോടിയും ഏഷ്യൻ ഡെവലപ്മെൻറ് ബാങ്ക് 245.51 കോടിയുമാണ് സംസ്ഥാനത്തിന് അനുവദിച്ചിരുന്നത്. ഇതിൽ 355.31 കോടി ആലപ്പുഴയിൽ വിനിയോഗിച്ചതായാണ് സ൪ക്കാ൪ കോടതിയെ അറിയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.