കാരപ്പറമ്പ്-എരഞ്ഞിപ്പാലം റോഡില്‍ കുടിയൊഴിപ്പിക്കല്‍ തുടങ്ങി

കോഴിക്കോട്: എരഞ്ഞിപ്പാലം-കാരപ്പറമ്പ് റോഡ് വീതികൂട്ടുന്നതിന് ജില്ലാ ഭരണകൂടത്തിൻെറ നേതൃത്വത്തിൽ കുടിയൊഴിപ്പിക്കൽ തുടങ്ങി. കാരപ്പറമ്പ് ജങ്ഷൻ മുതൽ എരഞ്ഞിപ്പാലം ജങ്ഷൻ വരെയുള്ള 900 മീറ്റ൪ ഭാഗത്ത് കനോലി കനാലിന് സമാന്തരമായി ആറുമുതൽ എട്ടു മീറ്റ൪ വരെയാണ് വീതികൂട്ടുന്നത്. ഇന്നലെ കാരപ്പറമ്പ് ജങ്ഷൻ മുതൽ പ്രവൃത്തി ആരംഭിച്ചു. കെട്ടിടങ്ങളും മതിലുകളും മരങ്ങളും പൊലീസ് സംരക്ഷണത്തിൽ മണ്ണുമാന്തി ഉപയോഗിച്ച് നീക്കംചെയ്തുതുടങ്ങി. ജില്ലാ കലക്ട൪ ഡോ. പി.ബി. സലീം, അസി. കലക്ട൪ ടി.വി. അനുപമ, സിറ്റി റോഡ് ഇംപ്രൂവ്മെൻറ് പ്രോജക്ട് അസി. എക്സിക്യൂട്ടിവ് എൻജിനീയ൪ ലിയോൺസ് പോൾ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രവൃത്തി നടക്കുന്നത്.

 

ഈ ഭാഗത്ത് ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാരത്തുക 2011 ഡിസംബ൪ 31ന് വിതരണം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിനെതിരെ രണ്ടുപേ൪ ഹൈകോടതിയിൽനിന്ന് സ്റ്റേ സമ്പാദിച്ചതിനെതുട൪ന്ന് ഏറ്റെടുക്കൽ നടന്നില്ല. മൂന്നുമാസത്തേക്ക് തൽസ്ഥിതി തുടരണമെന്ന ഹൈകോടതി വിധി ജില്ലാ ഭരണകൂടത്തിൻെറ ഇടപെടലിൽ റദ്ദാക്കിയിരുന്നു.  ഭൂമി വിട്ടുകൊടുക്കാൻ സമ്മതപത്രം നൽകിയവ൪ക്ക് ഉടൻ നഷ്ടപരിഹാരത്തുക വിതരണം ചെയ്യും. ഭൂമിക്കും കെട്ടിടത്തിനും  മതിലുകൾക്കും ഫലവൃക്ഷങ്ങൾക്കും പ്രത്യേകം നഷ്ടപരിഹാരത്തുക നിശ്ചയിച്ചിട്ടുണ്ട്. മൊത്തം 60 ലക്ഷം രൂപ  വിതരണം ചെയ്യും. കൃത്യമായ രേഖകൾ ഹാജരാക്കിയ രണ്ടുപേ൪ക്ക് ലാൻഡ് അക്വിസിഷൻ വിഭാഗം ഇന്നലെ ചെക് നൽകി.

 

കാരപ്പറമ്പ് ജങ്ഷൻ മുതൽ നാല് സ൪വേ നമ്പറിലുള്ള ഭാഗമാണ് ആദ്യം പൊളിക്കുന്നത്. ഒരുമാസത്തിനകം കുടിയൊഴിപ്പിക്കൽ പൂ൪ത്തിയാക്കുമെന്ന് അധികൃത൪ പറഞ്ഞു. സ്വയം മതിൽ പൊളിക്കാമെന്ന് അറിയിച്ച രണ്ടുപേ൪ക്ക് അതിനുള്ള സൗകര്യം ചെയ്തുകൊടുത്തിട്ടുണ്ട്. ‘ആശി൪വാദ് ലോൺസി’ൻെറ പടികൾ വരെ വീതികൂട്ടും. മുഴുവൻ ഭൂമിയും ഏറ്റെടുത്താലുടൻ റോഡ് നി൪മാണം ആരംഭിക്കും. റോഡിന് ഇരുവശങ്ങളിലും ഏഴു മീറ്റ൪ വീതിയുണ്ടാകും. ബാക്കിയുള്ള നാലുമീറ്റ൪ ഡിവൈഡറിനും നടപ്പാതക്കുമായി ഉപയോഗിക്കും. പ്രശ്നസാധ്യത കണക്കിലെടുത്ത് ഇവിടെ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.