അമ്പലപ്പുഴ: ആലപ്പുഴയിൽ മത്സ്യബന്ധന ബോട്ടിൽ ചരക്കുകപ്പൽ ഇടിച്ച് അഞ്ച് മത്സ്യത്തൊഴിലാളികൾ മരിക്കാനിടയായ സംഭവത്തിൽ ചെന്നൈയിൽ അറസ്റ്റിലായ ‘പ്രഭുദയ’ കപ്പലിൻെറ ക്യാപ്റ്റൻ ആന്ധ്രപ്രദേശ് വിശാഖപട്ടണം ലോസൺബേ കോളനിയിൽ ഗോൾഡൺ ചാൾസ് പെരേരയെ (48) അമ്പലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് വി. ഉദയകുമാ൪ റിമാൻഡ് ചെയ്തു. മൂന്നാം പ്രതിയായ ക്യാപ്റ്റനെ മാ൪ച്ച് 27 വരെയാണ് ആലപ്പുഴ സബ്ജയിലിലേക്ക് റിമാൻഡ് ചെയ്തത്. ക്യാപ്റ്റനെ പൊലീസ് കസ്റ്റഡിയിൽ വിടണമെന്നുകാട്ടി അമ്പലപ്പുഴ പൊലീസ് വ്യാഴാഴ്ച അപേക്ഷ നൽകും.
കേസ് അന്വേഷിക്കുന്ന ആലപ്പുഴ ഡിവൈ.എസ്.പി മഹേഷ് കുമാറിൻെറ നേതൃത്വത്തിൽ ചൊവ്വാഴ്ച ഉച്ചക്ക് 2.10ഓടെ ചെന്നൈയിൽനിന്ന് വൻ പൊലീസ് സന്നാഹത്തോടെയാണ് ഇയാളെ കോടതിയിൽ എത്തിച്ചത്. കേസ് കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ടിൽ കപ്പലിടിച്ച് മത്സ്യത്തൊഴിലാളികൾ മരിക്കാനിടയായ സംഭവം നരഹത്യയാണെന്ന് പൊലീസ് കോടതിയിൽ സമ൪പ്പിച്ച റിപ്പോ൪ട്ടിൽ പറയുന്നു. രണ്ടാം പ്രതിയായ നാവികൻ മയൂ൪ വീരേന്ദ്രകുമാറിനെ (24) പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തശേഷം തെളിവെടുപ്പിനായി സംഭവം നടന്ന ചേ൪ത്തല അന്ധകാരനഴി മനക്കോടം ഭാഗത്ത് കടലിൽ കൊണ്ടുപോകാനാണ് പൊലീസ് തീരുമാനം.
കപ്പലിലെ സെക്കൻഡ് ഓഫിസ൪ പ്രശോഭിൻെറ (24) പിതാവ് മകനെ വധിക്കാൻ ശ്രമിച്ചെന്നുകാണിച്ച് ക്യാപ്റ്റനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിട്ടുണ്ട്. ഇതിൻെറ പേരിൽ ക്യാപ്റ്റനെ ഒന്നാം പ്രതിയാക്കി മറ്റൊരു കേസ് അമ്പലപ്പുഴ പൊലീസ് എടുത്തിട്ടുണ്ട്. ഇതിൻെറ റിപ്പോ൪ട്ടും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.