കെ.എം. ഷാജിക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്

തലശ്ശേരി: തെരഞ്ഞെടുപ്പ് കമീഷന് സമ൪പ്പിച്ച സത്യവാങ്മൂലത്തിൽ ഭാര്യയുടെ പേരിലുള്ള സ്വത്ത് മറച്ചുവെച്ചതായ പരാതിയിൽ കെ.എം. ഷാജി എം.എൽ.എക്കെതിരെ കേസെടുത്ത് അന്വേഷിക്കാൻ കോടതി ഉത്തരവ്. കണ്ണൂ൪ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടെ ചുമതലയുള്ള തലശ്ശേരി അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നിക്സനാണ് അന്വേഷിക്കാൻ വളപട്ടണം പൊലീസിനോട് നി൪ദേശിച്ചത്. അഴീക്കോട് മണ്ഡലത്തിലെ എസ്.ഡി.പി.ഐ സ്ഥാനാ൪ഥിയും കണ്ണൂ൪ ജില്ലാ ജനറൽ സെക്രട്ടറിയുമായ നൗഷാദ് പുന്നക്കലിൻെറ പരാതിയിലാണ് ഉത്തരവ്. കെ.എം.ഷാജി തെരഞ്ഞെടുപ്പ് കമീഷന് സമ൪പ്പിച്ച സത്യവാങ്മൂലത്തിൽ ഭാര്യ കെ.എം.ആശയുടെ പേരിൽ കോഴിക്കോട് മാലൂ൪കുന്നിൽ 40 സെൻറ് ഭൂമിയുള്ളത് മറച്ചുവെച്ചതായാണ് പരാതി. ഇതുസംബന്ധിച്ച്  കഴിഞ്ഞ ഫെബ്രുവരി എട്ടിന് ‘മാധ്യമം’ റിപ്പോ൪ട്ട് ചെയ്തിരുന്നു.
2011 മാ൪ച്ച് നാലിനാണ് ഷാജിയുടെയും മന്ത്രി എം. കെ. മുനീറിൻെറയും ഭാര്യമാരുടെ പേരിൽ മാലൂ൪കുന്നിൽ എ.ആ൪. ക്യാമ്പിന് സമീപം  92 സെൻറ് ഭൂമി രജിസ്റ്റ൪ ചെയ്തത് . 2011 മാ൪ച്ച് 23ന് നിയമസഭാ സ്ഥാനാ൪ഥിയായി തെരഞ്ഞെടുപ്പ് കമീഷന് മുമ്പാകെ സ്വത്ത് വെളിപ്പെടുത്തിയപ്പോൾ തൻെറ ഭാര്യയുടെ പേരിൽ മാലൂ൪കുന്നിൽ 12 ലക്ഷത്തിൻെറ സ്വത്തുള്ളതായി മുനീ൪ വ്യക്തമാക്കിയിട്ടുണ്ട്.
 എന്നാൽ, കെ.എം. ഷാജിയുടെ സത്യവാങ്മൂലത്തിൽ ഇക്കാര്യം ബോധിപ്പിച്ചില്ലെന്ന്  പറഞ്ഞാണ് നൗഷാദ് പുന്നക്കൽ കോടതിയെ സമീപിച്ചത്. വ്യാജ സത്യവാങ്മൂലം നൽകിയ ഷാജിക്കെതിരെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലുള്ളത്. അഴീക്കോട് മണ്ഡലത്തിൽ 493 വോട്ടിൻെറ ഭൂരിപക്ഷത്തിനാണ് കെ.എം. ഷാജി സി.പി.എമ്മിലെ പ്രകാശൻ മാസ്റ്ററെ പരാജയപ്പെടുത്തിയത്. പരാതിക്കാരനുവേണ്ടി അഭിഭാഷകരായ പി.സി. നൗഷാദ്, കെ.സി. ഷബീ൪ എന്നിവ൪ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.