ബ്യാരി സിനിമ നിയമവിരുദ്ധം -സാറാ അബൂബക്കര്‍

കാസ൪കോട്: ദേശീയ പുരസ്കാരം നേടിയ ‘ബ്യാരി’ സിനിമാ നി൪മാണം നിയമവിരുദ്ധമാണെന്ന് കഥാകാരി സാറാ അബൂബക്ക൪. കന്നടയിൽ രചിച്ച  ‘ചന്ദ്രഗിരിയുടെ തീരത്ത്’ എന്ന തൻെറ നോവലിനെ ആസ്പദമാക്കിയാണ് സിനിമ നി൪മിച്ചത്. ഇതിന് അനുമതി തേടിയിരുന്നില്ല. ഈ നോവലിനെ ആസ്പദമാക്കി  തമിഴിലെടുത്ത ‘ജമീല’ എന്ന സിനിമക്ക് കരാ൪ ഒപ്പിടുമ്പോൾ മറ്റ് ഭാഷകളിൽ 15 വ൪ഷത്തേക്ക് സിനിമ നി൪മിക്കാൻ അനുമതി നൽകില്ലെന്ന് ഉറപ്പ് നൽകിയിരുന്നുവെന്ന് സാറാ അബൂബക്ക൪ ‘മാധ്യമ’ത്തോട് പറഞ്ഞു.
2001ലാണ് ‘ജമീല’യുടെ സംവിധായകൻ പൊൻവണ്ണനുമായി കരാറുണ്ടാക്കിയത്. നാഷനൽ ഫിലിം ഡവലപ്മെൻറ് കോ൪പറേഷൻ സഹായത്തോടെ നി൪മിച്ച ചിത്രത്തിന് 2002ൽ മികച്ച തമിഴ് സിനിമക്കുള്ള അവാ൪ഡ് ലഭിച്ചു. മികച്ച കഥക്കുള്ള പുരസ്കാരവും നേടി. തൻെറ അനുമതി തേടാത്തതിനാൽ ഫിലിം ചേംബറിന് പരാതി നൽകിയിരുന്നു. മംഗലാപുരം കോടതിയിൽ ഹരജി നൽകിയപ്പോൾ   സംവിധായകൻ സുവീരനും നി൪മാതാവ് അൽത്താഫും തൻെറ മംഗലാപുരത്തെ വീട്ടിൽ വന്ന് കാലുപിടിച്ച് അപേക്ഷിച്ചതിനാൽ കേസുമായി മുന്നോട്ടു പോയില്ല. പിന്നീട് തൃശൂരിൽ വാ൪ത്താസമ്മേളനത്തിലാണ്  ബ്യാരിയുടെ കഥ തൻേറതാണെന്ന് പറഞ്ഞത്. ‘ചന്ദ്രഗിരിയുടെ തീരങ്ങളിൽ’  മലയാളം, കന്നട, ഹിന്ദി, തമിഴ്, ഒറിയ, ഇംഗ്ളീഷ് തുടങ്ങി എട്ട് ഭാഷകളിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. മംഗളൂരു, ബംഗളൂരു, കുവെംപു, ബിജാപൂ൪, ധാ൪വാഡ്, മൈസൂ൪ സ൪വകലാശാലകളിലെ കോളജുകളിൽ നോവൽ പാഠപുസ്തകമാണ്.
ബ്യാരി സിനിമയിൽ തൻെറ പേരുപോലും പരാമ൪ശിച്ചിട്ടില്ല.   പ്രതിഷേധമുണ്ടെങ്കിലും എഴുത്തിനെ ബാധിക്കുന്നതിനാൽ കോടതിയിൽ പോകുന്നില്ലെന്ന് സാറാ അബൂബക്ക൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.