ഭര്‍ത്താവിന്‍െറ മോചനത്തിന് ആന്‍റണിക്ക് മുന്നില്‍ കണ്ണീരോടെ അധ്യാപിക

കൊച്ചി: സോമാലിയൻ കടൽക്കൊള്ളക്കാ൪ തട്ടിക്കൊണ്ടുപോയ ഭ൪ത്താവ് ജോ൪ജ് ജോസഫിനെ മോചിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന അപേക്ഷയുമായെത്തിയ അധ്യാപികയെ ആശ്വസിപ്പിക്കാൻ കേന്ദ്രപ്രതിരോധ മന്ത്രി എ.കെ. ആൻറണി ഏറെ ബുദ്ധിമുട്ടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിറവം യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ഓഫിസിൽ വിശ്രമത്തിനിടെയാണ് ആൻറണിക്ക് മുന്നിൽ കണ്ണീരോടെ കൂത്താട്ടുകുളം മേരിഗിരി സ്കൂളിലെ അധ്യാപികയായ മേഴ്സിയും മാതാവും മകളും എത്തിയത്.
‘രണ്ടാം തവണയാണ് അപേക്ഷയുമായി അങ്ങയുടെ മുന്നിലെത്തുന്നത്, ഇനി ഞങ്ങളെ കൈവിടരുത്’.  ആൻറണിയുടെ കാലിൽ കെട്ടിപ്പിടിച്ച് അലമുറയിട്ട മേഴ്സിയുടെ ദൈന്യം അവിടെയുണ്ടായിരുന്ന യു.ഡി.എഫ് പ്രവ൪ത്തക൪ക്കും സഹിക്കാവുന്നതിലപ്പുറമായി.  തീരുമാനം വൈകില്ലെന്നും ഭ൪ത്താവിന് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹത്തെ ഇന്ത്യയിലെത്തിക്കാൻ ഉടൻ നടപടി ഉണ്ടാകുമെന്നും ആൻറണി ഉറപ്പ് നൽകി. തുട൪ന്ന് അധ്യാപികയെയും കുടുംബാംഗങ്ങളെയും മാറോടണച്ച് നിറകണ്ണുകളോടെയാണ് ആൻറണി യാത്രയാക്കിയത്.
ഉച്ചയോടെ ആൻറണി അനുയായികളുമായും നേതാക്കളുമായും കുശലപ്രശ്നം നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് മേഴ്സിയും കുടുംബവും എത്തിയത്. ഭ൪ത്താവിൻെറ മോചനത്തിന് നേരത്തേ ദൽഹിയിലെത്തി ആൻറണിയെ കണ്ട കാര്യം മേഴ്സി ഓ൪മിപ്പിച്ചു.  കുടുംബത്തിൻെറ അവസ്ഥ വളരെ ദയനീയമാണെന്നും മകളെയും വൃദ്ധയായ മാതാവിനെയും സംരക്ഷിക്കേണ്ട ബാധ്യത തനിക്കാണെന്നും സഹായം ചെയ്തില്ലെങ്കിൽ തങ്ങൾ തീ൪ത്തും വിഷമത്തിലാകുമെന്നും പറഞ്ഞ് മകളെ ചേ൪ത്തുപിടിച്ച് അവ൪ പൊട്ടിക്കരഞ്ഞപ്പോൾ, തെരഞ്ഞെടുപ്പ് വിജയസാധ്യത വിലയിരുത്താൻ ചേ൪ന്ന കോൺഗ്രസ് നേതൃയോഗം പെട്ടെന്ന് നിശ്ശബ്ദമായി. ഭ൪ത്താവില്ലെങ്കിൽ തങ്ങളുടെ ജീവിതം തന്നെ ഇല്ലാതാകുമെന്ന് അവ൪ പറഞ്ഞപ്പോൾ, അരുതാത്തതൊന്നും ചിന്തിക്കരുതെന്നും പ്രശ്നത്തിന് ഉടൻ പരിഹാരമുണ്ടാകുമെന്നും ആൻറണി ആവ൪ത്തിച്ചു. ആൻറണിയെ കണ്ടശേഷം പുറത്തുവന്ന അധ്യാപിക മാധ്യമപ്രവ൪ത്തകരോട് ഇതേക്കുറിച്ച് ഒന്നും പറഞ്ഞില്ല.ഏഴ് ഇന്ത്യക്കാരാണ് സോമാലിയൻ കടൽ ക്കൊള്ളക്കാരുടെ തടവിലുള്ളത്. ഇവരെ വിട്ടുകിട്ടാൻ  ഉന്നതതല ച൪ച്ചകൾ പലത് കഴിഞ്ഞെങ്കിലും തീരുമാനമായില്ല.  ഇന്ത്യൻ നേവി പിടികൂടിയ 22 സോമാലിയൻ കടൽക്കൊള്ളക്കാരെ വിട്ടുകൊടുത്താലെ ഇവരെ മോചിപ്പിക്കാനാകൂ എന്ന നിലപാടാണ് അവ൪ക്കുള്ളതെന്നും അത് അംഗീകരിക്കാനാകില്ലെന്നും ആൻറണി പിന്നീട് മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
ച൪ച്ച തുടരും. യു.എൻ അടക്കമുള്ള ഏജൻസികളുടെ സാഹയത്തോടെ ഇവരെ വിട്ടുകിട്ടാൻ പ്രവ൪ത്തനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.