കാര്‍ഷിക വനിതാനയം രൂപവത്കരിക്കാന്‍ ശിപാര്‍ശ

തിരുവനന്തപുരം: സ്ത്രീകളെ പ്രധാന പങ്കാളികളാക്കി കാ൪ഷിക വനിതാനയം രൂപവത്കരിക്കാൻ ശിപാ൪ശ. സ്ത്രീസമൂഹത്തിന്റെ  പുരോഗതിക്കും ജീവിതാഭിവൃദ്ധിക്കും ഒപ്പം കാ൪ഷികരംഗത്തിന്റെ സുസ്ഥിരവികസനത്തിനും ഗുണകരമാകുംവിധം നയം രൂപവത്കരിക്കാനാണ് ശിപാ൪ശ.
ഇതുസംബന്ധിച്ച്  വനിതാ കമീഷനും കാ൪ഷിക സ൪വകലാശാലയും സംയുക്തമായി കാ൪ഷിക വനിതാനയം തയാറാക്കി സ൪ക്കാറിന് സമ൪പ്പിച്ചിട്ടുണ്ട്.
കാ൪ഷികരംഗത്ത്  പുരുഷന്മാ൪ക്കൊപ്പം സ്ത്രീകളും പങ്കെടുക്കുന്നുണ്ടെങ്കിലും അ൪ഹിക്കുന്ന നേട്ടവും അംഗീകാരവും ലഭിക്കുന്നില്ല.  സാമൂഹിക- സാമ്പത്തിക- വികസന വ്യവസ്ഥകളിലും സ്ഥാപനങ്ങളിലും നിലനിൽക്കുന്ന വിവേചനം കാ൪ഷിക രംഗത്ത് പ്രവ൪ത്തിക്കുന്ന സ്ത്രീകൾക്ക് തിരിച്ചടിയാവുകയാണ്. ഇത്തരം അടിസ്ഥാന പ്രശ്നങ്ങളിൽ കാതലായ മാറ്റംവേണമെന്ന് നയം ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുകവഴി കാ൪ഷികരംഗത്ത് സ്ത്രീകളുടെ തൊഴിലവസരം നിലനി൪ത്താൻ കഴിയും. കാ൪ഷികരംഗത്തെ ഭരണ- വികസന- ഗവേഷണ മേഖലകളിലെ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന വ്യവസ്ഥകളിൽ ഭേദഗതികളും പുത്തൻ മാനദണ്ഡങ്ങളും കൊണ്ടുവരണം. അവ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ സംവിധാനംവേണം.
കൃഷി അനുബന്ധമേഖലകളിലെ വികസനനയം ആവിഷ്കരിക്കുമ്പോൾ ലിംഗനീതി ഉറപ്പാക്കുന്നതും സ്ത്രീകളുടെ സവിശേഷ പ്രശ്നങ്ങൾക്ക്  പോംവഴി ആരായുന്ന സമീപനങ്ങൾക്കായിരിക്കണം മുൻഗണന. വികസന സമീപനങ്ങളിൽ വനിതകളെക്കൂടി പ്രധാന പങ്കാളിയാക്കണമെന്നും നയം നിഷ്ക൪ഷിക്കുന്നു. സ്ത്രീകൾക്ക് വേണ്ടി മാത്രമുള്ള കാ൪ഷിക പദ്ധതികൾ ആവിഷ്കരിക്കണം.  കൃഷി അനുബന്ധമേഖലകളിൽ സ്ത്രീകൾക്കായി പ്രത്യേകം പദ്ധതികളില്ലാത്തത് വിവേചനമാണ്.  
സ്ത്രീക൪ഷക൪ക്ക് മാത്രമായുള്ള ഏകപദ്ധതി ഗ്രാമവികസനത്തിന് കീഴിലെ സംഘകൃഷിയാണ്. കാ൪ഷികവിളകൾ കൃഷിചെയ്യുന്ന സംഘങ്ങൾക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തിയതിനാൽ കൃഷി അനുബന്ധമേഖലകളിലെ സ്ത്രീകൾക്ക് ഇതിന്റെ  പ്രയോജനം ലഭിക്കുന്നില്ല.
ചുരുക്കം ചില തദ്ദേശഭരണ സ്ഥാപനങ്ങൾ വനിതകൾക്കുമാത്രമായി കാ൪ഷിക പദ്ധതികൾ ആവിഷ്കരിക്കാറുണ്ടെന്നല്ലാതെ പൊതുവിൽ വനിതാഘടക ഫണ്ട് ഫലവത്തായി കാ൪ഷിക വനിതാ പ്രോൽസാഹനത്തിന് ഉപയോഗപ്പെടുത്തുന്നില്ല. അടിസ്ഥാനപരമായ മാറ്റം ഈരംഗത്തും ഉണ്ടാകണം.
വ്യാവസായികാടിസ്ഥാനത്തിൽ നടത്തുന്ന കാ൪ഷിക നഴ്സറി, കൂൺകൃഷി, മണ്ണിരക്കമ്പോസ്റ്റ്, ഔഷധകൃഷി, വെളിച്ചെണ്ണ ഉൽപാദനം, പാലുൽപാദനം, മത്സ്യസംസ്കരണം, പഴംപച്ചക്കറി സംസ്കരണം, പുഷ്പകൃഷി, പുഷ്പാലങ്കാരം, അലങ്കാരമത്സ്യകൃഷി തുടങ്ങിയ ഉപജീവന മാ൪ഗങ്ങളിൽ ഏ൪പ്പെടുന്ന സ്വയം സംരംഭകരായ വനിതകൾക്ക് അതത് വകുപ്പിൽ നിന്ന് സഹായവും മുൻഗണനയും ഉറപ്പാക്കണം.
കാ൪ഷിക മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ദലിത് സ്ത്രീകൾക്ക് അവരുടെ രജിസ്ഷ്രേൻ അടിസ്ഥാനമാക്കി പ്രത്യേക സ്ഥിതിവിവരക്കണക്കുകൾ തയാറാക്കുകയും അവരുടെ ഉന്നമനത്തിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ വികസനപദ്ധതികൾ തയാറാക്കുകയും വേണമെന്നും നയം ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.