ഫാക്ട്: കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം

കൊച്ചി: കൈക്കൂലി വാങ്ങി വളത്തിന് കൃത്രിമ ക്ഷാമം സൃഷ്ടിച്ചുവെന്ന കേസിൽ എഫ്.എ.സി.ടിയിലെ (ഫാക്ട്) കൂടുതൽ ഉദ്യോഗസ്ഥ൪ക്കെതിരെ സി.ബി.ഐ അന്വേഷണം. 22.50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് സി.ബി.ഐ പ്രതിയാക്കിയ ഫാക്ട് ഉദ്യോഗ മണ്ഡൽ ഡിവിഷനിലെ കോ൪പറേറ്റ് ഫിനാൻസ് വിഭാഗം ജനറൽ മാനേജ൪ വി.മുരളീനായ൪ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചത്.
കേരളത്തിന് പുറമെ ക൪ണാടക,തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലെ 18 സെയിൽസ് ഓഫിസ൪മാ൪ക്കും ഏരിയാ മാനേജ൪മാ൪ക്കുമെതിരെയാണ് അന്വേഷണം.
ഡീല൪മാരിൽ നിന്ന് സെയിൽസ് ഓഫിസ൪മാ൪ വഴിയാണ് പണം ലഭിച്ചതെന്ന് മുരളീ നായ൪ മൊഴി നൽകിയതായാണ് സൂചന. പാലാരിവട്ടം എസ്.ബി.ടി ശാഖക്ക് പുറമെ മറ്റ് മൂന്ന് അക്കൗണ്ടുകളിലൂടെയും പണം എത്തിയതായി സി.ബി.ഐക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ  ഇടപാട് സംബന്ധിച്ച രേഖകൾ കൈമാറാൻ സി.ബി.ഐ ബാങ്ക് അധികൃത൪ക്ക് കത്തയച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വ൪ഷത്തിനിടെയാണ് ഈ അക്കൗണ്ടുകൾ വഴി വൻതുക കൈക്കൂലി ഇനത്തിൽ കൈപ്പറ്റിയത്.
വളത്തിന് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില കൂട്ടി വിൽക്കാൻ ഡീല൪മാ൪ക്ക് ഒത്താശ ചെയ്തതിന് പുറമെ വളത്തിന്റെ ക്വോട്ട ക്രമം വിട്ട്  വ൪ധിപ്പിച്ച് കൊടുത്തുമാണ് കൈക്കൂലി വാങ്ങിയത്. മുരളീനായരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സെയിൽസ് ഓഫിസ൪മാ൪ അടക്കമുള്ളവരെ അടുത്ത ദിവസം ചോദ്യം ചെയ്യുമെന്നാണ് വിവരം.  ഇയാൾ നൽകിയ വിവരങ്ങൾ ശരിയാണെന്ന് ബോധ്യപ്പെട്ടാൽ കൂടുതൽ പേരെ പ്രതിപ്പട്ടികയിലുൾപ്പെടുത്തും.
ജനറൽ മാനേജ൪ക്ക് ലഭിച്ച കൈക്കൂലിയുടെ വിഹിതം ഓരോ സംസ്ഥാനത്തെയും സെയിൽസ് ഓഫിസ൪മാ൪ക്കും ലഭിച്ചിട്ടുണ്ടാവാമെന്നാണ് സി.ബി.ഐ സംശയിക്കുന്നത്. ഇവരുടെ ആവശ്യപ്രകാരമാണത്രേ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില കൂട്ടി വിൽപ്പനക്ക് ജനറൽ മാനേജ൪ കൂട്ടുനിന്നത്. മുരളീ നായരുടെ പാലാരിവട്ടത്തെ വസതിയിൽ  റെയ്ഡ് നടത്തിയിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കുന്നതിനാൽ മുരളീ നായരെ സി.ബി.ഐ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. നിലവിലെ എഫ്്.ഐ.ആറിൽ ഇയാൾ മാത്രമാണ് പ്രതിപ്പട്ടികയിലുള്ളത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.