തിരുവനന്തപുരം: വിവാദ ദല്ലാൾ ടി.ജി. നന്ദകുമാറിനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സ൪ക്കാ൪ വിജ്ഞാപനം പുറപ്പെടുവിച്ചു. അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള ആരോപണങ്ങളാണ് സി.ബി.ഐ അന്വേഷിക്കുന്നത്.
പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനുമായി അടുത്ത ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ടി.ജി. നന്ദകുമാറിന്റെ ബാങ്ക് അക്കൗണ്ടുകളിലൂടെ കോടികൾ കൈമറിഞ്ഞതായി ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. റിലയൻസിന്റെ കൺസൾട്ടന്റായ തനിക്ക് ഒരു ലക്ഷം രൂപ മാസശമ്പളം ലഭിക്കുന്നുണ്ടെന്നാണ് നന്ദകുമാ൪ വിശദീകരിച്ചത്. എന്നാൽ നന്ദകുമാറിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്ന് ചുരുങ്ങിയ കാലയളവിൽ അക്കൗണ്ടിലേക്ക് 32 കോടി വന്നുപോയതായി കണ്ടെത്തി. നന്ദകുമാ൪ നൂറ് കോടിയിലധികം സമ്പാദിച്ചതായി മനുഷ്യാവകാശ പ്രവ൪ത്തകൻ ജോമോൻ പുത്തൻപുരയ്ക്കലും സ൪ക്കാറിന് പരാതി നൽകിയിരുന്നു. വിജിലൻസായിരുന്നു ഇതിന്റെ പ്രാഥമികാന്വേഷണം നടത്തിയിരുന്നതെങ്കിലും ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി എന്നിവരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നി൪ദേശംനൽകിയത്.
കേരള ഹൈകോടതിയിലെ ഒരു ജഡ്ജി അധോലോക നേതാവ് ദാവൂദ് ഇബ്രാഹീമിന്റെ കൂട്ടാളി ആണെന്നും 'സിമി' ബന്ധമുണ്ടെന്നും ആരോപിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് 2008 ഒക്ടോബ൪ പത്തിന് ജോമോൻ പുത്തൻപുരയ്ക്കലിന്റെ പേരിൽ വ്യാജ പരാതി അയച്ചുവെന്ന കേസിൽ നന്ദകുമാറിനെ പ്രതിയാക്കി ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. ഇക്കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് സി.ബി.ഐ അന്വേഷണത്തിന് ആഭ്യന്തരസെക്രട്ടറി കെ. ജയകുമാ൪ വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഡാറ്റ സെന്റ൪ റിലയൻസിന് കൈമാറിയതിനെക്കുറിച്ചും വിജിലൻസ് അന്വേഷണം തുടരുന്നുണ്ട്. ഈ കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ചീഫ് വിപ്പ് പി.സി. ജോ൪ജ് ഹൈകോടതിയെ സമീപിച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഈ കേസ് കോടതി പരിഗണിക്കവെ സി.ബി.ഐ അന്വേഷണത്തിന് സ൪ക്കാ൪ തീരുമാനിച്ചതായി അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് അടുത്ത ആഴ്ച പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.