കാസ൪കോട്: മദ്യപിച്ച യാത്രക്കാരെ മാത്രമല്ല, ടി.ടി.ഇമാരെ വരെ പരിശോധിക്കാൻ റെയിൽവേ സംരക്ഷണ സേനക്ക് നി൪ദേശം. ഉദ്യോഗസ്ഥ൪ മദ്യപിച്ചത് പരിശോധിക്കാൻ ആ൪.പി.എഫിന് നിലവിൽത്തന്നെ വകുപ്പുണ്ടെങ്കിലും നടക്കാറില്ല. യാത്രക്കാരെയും ഉദ്യോഗസ്ഥരെയും പരിശോധിക്കാനുള്ള ആൾകോമീറ്റ൪ എല്ലാ സ്റ്റേഷനുകളിലും അടുത്ത ദിവസങ്ങളിൽ നൽകുമെന്ന് റെയിൽവേ സുരക്ഷാ കമീഷണറുടെ ഓഫിസിലെ ഉദ്യോഗസ്ഥൻ 'മാധ്യമ'ത്തോട് പറഞ്ഞു.
മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ബ്ധ്ര് അനലൈസ൪ ആ൪.പി.എഫ് സ്റ്റേഷനുകൾക്ക് അനുവദിക്കുന്നുണ്ടെങ്കിലും ഒരു സ്റ്റേഷനും വാങ്ങാറില്ല. ബ്ധ്ര് അനലൈസറിൽ കഴിച്ച മദ്യത്തിന്റെ അളവ് പ്രകടമാകാറില്ല. ഒരാൾ മദ്യം കഴിച്ചിട്ടുണ്ട് എന്നത് നടപടിക്കുള്ള കാരണമാകില്ല. ആൾകോമീറ്റ൪ മദ്യത്തിന്റെ അളവ് 30 ശതമാനം കാണിച്ചാൽ മാത്രമേ പിടികൂടാനാവൂ. 100 മില്ലി ഗ്രാം രക്തത്തിൽ 30 മില്ലി ഗ്രാം മദ്യം എന്നാണ് നടപടിയെടുക്കാവുന്ന മദ്യത്തിന്റെ അളവ്. കേരള മോട്ടോ൪ വാഹന നിയമം 185 പ്രകാരം ശരീരത്തിൽ കുറ്റകരമാകുന്ന മദ്യത്തിന്റെ അളവും ഇതുതന്നെ.
മദ്യം ഒരാളുടെ സമനില തെറ്റിക്കാൻ തുടങ്ങുന്ന ഘട്ടമാണ് ഇതെന്ന് നിയമം പറയുന്നു. ഇയാൾ മറ്റ് യാത്രക്കാ൪ക്ക് ഭീഷണിയാണെന്നാണ് ഈ അളവ് സൂചിപ്പിക്കുന്നത്. ഇയാളെ പിടികൂടിയശേഷം ഡോക്ടറുടെ പരിശോധനാ റിപ്പോ൪ട്ട് കൂടിയുണ്ടെങ്കിലേ തുട൪നടപടിയെടുക്കാനാവൂ. ടി.ടി.ഇമാ൪ യാത്രക്കാരുടെ കൂടെ ചേ൪ന്ന് മദ്യപിച്ചിട്ടുണ്ടെന്ന് തോന്നിയാൽ യാത്രക്കാ൪ക്ക് പരാതിപ്പെടാം.
ആക്രമിച്ച് രക്ഷപ്പെടുന്നവരെ തിരിച്ചറിയാൻ വീഡിയോ കാമറകൾ സ്ഥാപിക്കുന്നത് വേഗത്തിലാക്കാനുമുണ്ട് നി൪ദേശം. കോഴിക്കോട്ടും മംഗലാപുരത്തും ഇതിന് നടപടി തുടങ്ങിയതായി സ്റ്റേഷൻ അധികൃത൪ പറഞ്ഞു. കോഴിക്കോട് ബാഗേജ് സ്കാനിങ് യന്ത്രം സ്ഥാപിക്കാനും നടപടി തുടങ്ങി. ആയുധങ്ങൾ, കള്ളപ്പണം എന്നിവ കണ്ടെത്താനാണിത്.
സംസ്ഥാന പൊലീസിനെ റെയിൽവേ സ്റ്റേഷനുകളിൽനിന്ന് പിൻവലിക്കാൻ ആ൪.പി.എഫ് ആക്ട് ഭേദഗതി ചെയ്യാൻ സംസ്ഥാനങ്ങളോട് കേന്ദ്രം അഭിപ്രായം ചോദിച്ചിട്ടുണ്ട്. ഇതിനെ തമിഴ്നാട്, ഗുജറാത്ത്, ഒഡിഷ എന്നീ സംസ്ഥാനങ്ങൾ എതി൪ത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.