ചുരം നവീകരണപ്രവൃത്തി ജനുവരി 17 മുതല്‍

കോഴിക്കോട്: ശബരിമല തീ൪ഥാടകരുടെ സൗകര്യം മാനിച്ച് താമരശ്ശേരി ചുരം റോഡിലെ നവീകരണപ്രവൃത്തി ജനുവരി 17ലേക്ക് മാറ്റിയതായി ജില്ലാ കലക്ട൪ ഡോ.പി.ബി. സലിം അറിയിച്ചു. ജനുവരി രണ്ടിന് തുടങ്ങാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
പ്രവൃത്തി ഒരുമാസംകൊണ്ട് പൂ൪ത്തിയാക്കും. പ്രവൃത്തി നടക്കുമ്പോൾ ചുരത്തിൽ ട്രക്ക്, ബസ് തുടങ്ങിയ ഹെവി വാഹനങ്ങളുടെ ഗതാഗതം നിരോധിക്കും. യാത്രക്കാരുടെ സൗകര്യത്തിനായി കെ.എസ്.ആ൪.ടി.സി ലക്കിടിയിലും അടിവാരത്തും പത്തുവീതം മിനി ബസുകൾ ഏ൪പ്പെടുത്തും. ട്രക്കുകൾക്കായി അഞ്ച് ബദൽ റോഡുകൾ നി൪ദേശിക്കും. ചുരത്തിലെ ഗതാഗത നിയന്ത്രണം നീട്ടിയത്  സംബന്ധിച്ച് തമിഴ്നാട്ടിലെയും ക൪ണാടകയിലെയും അതി൪ത്തി ജില്ലകളിലെ കലക്ട൪മാ൪ക്ക് വിവരം നൽകുമെന്ന് കലക്ട൪  അറിയിച്ചു. ജനുവരി ആദ്യത്തോടെ ദേശീയപാത വിഭാഗം പ്രധാന സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണത്തെക്കുറിച്ച് ബോ൪ഡ് സ്ഥാപിക്കും.
ആറ് ഹെയ൪പിൻ വളവുകളിൽ 60 സെൻറിമീറ്റ൪ ആഴത്തിൽ കോൺക്രീറ്റ് നീക്കുന്ന പ്രവൃത്തിയാണ് നടക്കുക. വളവിൽ ഇൻറ൪ലോക്ക് പതിക്കുന്നതും ചുരത്തിന് വീതി കൂട്ടുന്നതും കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിൻെറ അനുമതിക്ക് ശേഷമേ നടക്കൂ. 24 മണിക്കൂറും പ്രവൃത്തി നടത്തി ഫെബ്രുവരി 17ഓടെ പൂ൪ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
അടിവാരം കെ.എസ്.ആ൪.ടി.സി ബസ്സ്റ്റാൻഡിലും ലക്കിടിയിലെ പി.ഡബ്ള്യു.ഡി റസ്റ്റ്ഹൗസിനു സമീപവുമാണ് മിനിബസുകൾ പാ൪ക്കുചെയ്യുക. കെ.എസ്.ആ൪.ടി.സി ദീ൪ഘദൂര യാത്രക്കാ൪ക്ക് മിനിബസുകളിൽ അധികചാ൪ജ് ഈടാക്കില്ല. എന്നാൽ, അടിവാരം മുതൽ ലക്കിടിവരെ മാത്രം യാത്രചെയ്യുന്നവ൪ക്ക് ചാ൪ജ് ഈടാക്കും. സ്വകാര്യബസുകളിൽ ദീ൪ഘദൂര യാത്ര ചെയ്യുന്നവ൪ക്കും ടിക്കറ്റ് ആവശ്യമാണ്.
മൈസൂ൪-ഗോണികുപ്പ-തലശ്ശേരി, ബാവലി-മാനന്തവാടി-തലശ്ശേരി, കൽപറ്റ-നിലമ്പൂ൪, ഗുണ്ടൽപേട്ട-പാലക്കാട് -കോയമ്പത്തൂ൪, കൽപറ്റ-വൈത്തിരി-തരുവണ-കുറ്റ്യാടി എന്നിവയാണ് നി൪ദേശിക്കപ്പെട്ട ബദൽ റോഡുകൾ.
16.5 കോടി രൂപ ചെലവിൽ കൊടുവള്ളി മുതൽ ലക്കിടി വരെയുള്ള 30 കിലോമീറ്റ൪ നവീകരിക്കുന്നതിനുള്ള കരാ൪ മേൽമുറിയിലെ പി.എം.ആ൪ കൺസ്ട്രക്ഷൻസ് ഏറ്റെടുത്തെങ്കിലും ചുരം റോഡിലെ ഗതാഗതം നിയന്ത്രിക്കാനാവാത്തതിനാൽ അടിവാരംവരെ മാത്രമേ പ്രവൃത്തി പൂ൪ത്തീകരിക്കാനായുള്ളൂ. ചുരത്തിലൂടെ ഒരു ദിവസം പതിനായിരത്തോളം വാഹനങ്ങൾ കടന്നുപോകുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.