കൊച്ചി: രാജ്യത്തെ ഉപഭോക്തൃ കോടതികൾക്ക് സിവിൽ കോടതിയുടെ പദവി നൽകാൻ കേന്ദ്രസ൪ക്കാ൪ തീരുമാനമെടുക്കുമെന്ന് കേന്ദ്ര ഭക്ഷ്യ -ഉപഭോക്തൃകാര്യ മന്ത്രി കെ.വി. തോമസ്. ഉപഭോക്താക്കളെ ചൂഷണംചെയ്യുന്നത് ശക്തമായി പ്രതിരോധിക്കാനാണ് ഈ പദവി നൽകുന്നത്. ഉപഭോക്തൃ നയം രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്തൃ സംരക്ഷണ നിയമത്തിൻെറ രജതജൂബിലി ആഘോഷവും കൃത്രിമ മരുന്നുകൾക്കെതിരെയുള്ള ദേശീയ കാമ്പയിനും എറണാകുളം ഐ.എം.എ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് കൺസ്യൂമ൪ ക്ളബ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴിയുള്ള ബോധവത്കരണ പരിപാടികൾ ഉൾപ്പെടെ വിവിധ പരിപാടികൾ സ൪ക്കാ൪ ആസൂത്രണം ചെയ്തിട്ടുണ്ട്. ഉപഭോക്തൃ കോടതികൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകിയും സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകിയും കേന്ദ്രസ൪ക്കാ൪ പ്രവ൪ത്തിച്ചുവരികയാണ്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേ൪ഡ്സ് വഴി ഗുണനിലവാരം ഉറപ്പാക്കുന്ന നടപടി ക൪ശനമായി നടപ്പാക്കും. ഹാൾമാ൪ക്ക് മുദ്ര ഉൾപ്പെടെയുള്ളവ ശക്തമാക്കും. ജനങ്ങളെ ചൂഷണം ചെയ്യുന്ന വാണിജ്യ തന്ത്രം ഇല്ലാതാക്കാൻ ആധുനിക പരിശോധനാ ലബോറട്ടറികൾ തുടങ്ങും. ശാസ്ത്രീയ ബന്ധമില്ലാത്ത വാഗ്ദാനങ്ങളുമായി കമ്പനികൾ നടത്തുന്ന പരസ്യപ്രചാരണങ്ങൾ പൂ൪ണമായും നിയന്ത്രിക്കും. മരുന്നുകളുടെ ന്യായവിലയേക്കാൾ കൂടുതൽ പണം ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജീവൻ രക്ഷാ മരുന്നുകൾക്ക് യഥാ൪ഥ വിലയേക്കാൾ 500 ഇരട്ടിയാണ് ഈടാക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ഹൈബി ഈഡൻ എം.എൽ.എ ചൂണ്ടിക്കാട്ടി. ഐ.എം.എ മുൻ ദേശീയ പ്രസിഡൻറ് ഡോ. പി.വി. ജോ൪ജ് അധ്യക്ഷത വഹിച്ചു. പാ൪ട്ട്ണ൪ഷിപ്പ് ഫോ൪ സെയ്ഫ് മെഡിസിൻസ് ഫൗണ്ട൪ ബിജോൺ മിസ്ര, ഇന്ത്യാ ഹെൽത്ത് പ്രോഗ്രസ് അഡൈ്വസ൪ രംഗ അയ്യ൪, ഐ.എം.എ കൊച്ചി ബ്രാഞ്ച് പ്രസിഡൻറ് ഡോ. എബ്രഹാം വ൪ഗീസ്, ഉപഭോക്തൃ മന്ത്രാലയം ജോയൻറ് സെക്രട്ടറി മനോജ് പരിദ എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.