ഉന്നതാധികാര സമിതി ലോവര്‍പെരിയാര്‍, ഇടുക്കി അണക്കെട്ടുകള്‍ സന്ദര്‍ശിച്ചു

ചെറുതോണി/കുമളി: സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയിലെ സാങ്കേതിക വിദഗ്ധരായ സി.ഡി. തട്ടെ, ഡി.കെ. മേത്ത എന്നിവരടങ്ങിയ സംഘം ലോവ൪പെരിയാ൪, ഇടുക്കി അണക്കെട്ടുകൾ സന്ദ൪ശിച്ചു.
തുട൪ച്ചയായുണ്ടാകുന്ന ഭൂചലനവും കാലപ്പഴക്കവും മൂലം അണക്കെട്ടുകൾക്ക് ബലക്ഷയമുണ്ടോയെന്ന് പഠനം നടത്തണമെന്ന് കേരളസ൪ക്കാ൪ ആവശ്യപ്പെട്ടതിനെ തുട൪ന്നാണ് കേന്ദ്രസംഘം എത്തിയത്.


മുല്ലപ്പെരിയാ൪ സെൽ ചെയ൪മാൻ എം.കെ. പരമേശ്വരൻനായ൪, ജലവിഭവ ചീഫ് സെക്രട്ടറി പി. ലതിക, വൈദ്യുതി ബോ൪ഡിൻെറ പ്രതിനിധികളായി ചീഫ് എൻജിനീയ൪ കറുപ്പൻകുട്ടി, അന്നമ്മ ജോൺ, ജയിംസ് വിൽസൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു.


വെള്ളിയാഴ്ച രാവിലെ ലോവ൪ പെരിയാറിലെത്തിയ സംഘം അണക്കെട്ടും വൈദ്യുതി നിലയവും സന്ദ൪ശിച്ച ശേഷം ബോ൪ഡ് ഉദ്യോഗസ്ഥരുമായി കരിമണൽ ഐ.ബിയിലെത്തി ച൪ച്ച നടത്തി. തുട൪ന്ന് ഇടുക്കി അണക്കെട്ടും സന്ദ൪ശിച്ചു. വൈദ്യുതി ബോ൪ഡിലെ ജീവനക്കാരും സാങ്കേതിക വിദഗ്ധരും അണക്കെട്ടിൻെറ ഇപ്പോഴത്തെ അവസ്ഥ വിശദീകരിച്ചു. സംഘം ശനിയാഴ്ച മുല്ലപ്പെരിയാറും തമിഴ്നാട്ടിലെ വൈഗ അണക്കെട്ടും സന്ദ൪ശിക്കും.


മുല്ലപ്പെരിയാ൪ അണക്കെട്ട് പരിശോധനക്കുള്ള ഉപകരണങ്ങൾ മഹാരാഷ്ട്രയിൽ നിന്ന് എത്തിച്ചിട്ടുണ്ട്. അണക്കെട്ടിൻെറ ഒൻപത് ഭാഗങ്ങൾ ചെറുതായി തുരന്ന് കോ൪ സാമ്പിൾ എടുത്ത് പരിശോധന നടത്തും. ഗാലറിയിൽ ചോ൪ച്ചയുണ്ടെന്ന റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിലും പരിശോധനകൾ നടക്കും. 26ന് പരിശോധന പൂ൪ത്തിയാകുമെന്നാണ് പ്രതീക്ഷ. കേരളവും തമിഴ്നാടും തമ്മിൽ ത൪ക്കമുള്ളതിനാൽ ഇപ്പോഴത്തെ പരിശോധന നി൪ണായകമാണ്.




 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.