ഐസ്ക്രീം: അന്വേഷണസംഘം വീണ്ടും നിയമോപദേശം തേടുന്നു

കൊച്ചി: ഐസ്ക്രീം പെൺവാണിഭ പുനരന്വേഷണ കേസിൽ കുറ്റപത്രം സമ൪പ്പിക്കും മുമ്പ് വീണ്ടും നിയമോപദേശം തേടാൻ അന്വേഷണസംഘം തീരുമാനിച്ചു.  വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് പ്രധാനമായും നിയമോപദേശം തേടുക. അഡ്വക്കറ്റ് ജനറലിന്റെയും മുതി൪ന്ന അഭിഭാഷകരുടെയും ഉപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും  ഇക്കാര്യം തീരുമാനിക്കുക. ഈ  മാസം 22ന് കോടതിയിൽ കുറ്റപത്രം സമ൪പ്പിക്കാനുള്ള നടപടി പൂ൪ത്തിയായെന്നും എന്നാൽ, കേസ് ശക്തമായി നിലനിൽക്കുന്നതിന്  വ്യക്തമായ നിയമോപദേശം ആവശ്യമാണെന്നും അതിന്റെ അടിസ്ഥാനത്തിൽ  തീരുമാനമെടുക്കുമെന്നും അന്വേഷണസംഘത്തിലെ പ്രമുഖ  അംഗം 'മാധ്യമ'ത്തോട് പറഞ്ഞു.

 


22ന് കുറ്റപത്രം സമ൪പ്പിക്കണമെന്നാണ് കോടതി നി൪ദേശം. കേസിന്റെ പുനരന്വേഷണവുമായി ബന്ധപ്പെട്ട് മന്ത്രി  പി.കെ. കുഞ്ഞാലിക്കുട്ടിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. മന്ത്രിയുടെ മൊഴിയും പരാതിക്കാരനായ റഊഫിന്റെ മൊഴിയും വിശദമായി പരിശോധിച്ചുവരികയാണ്. അന്തിമ റിപ്പോ൪ട്ട് തയാറാക്കുന്നതിനുമുമ്പ് ഇക്കാര്യത്തിൽ വ്യക്തത കൈവരുത്തുകയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഇപ്പോഴത്തെ ജോലി.

 


മന്ത്രിക്കെതിരെ ഉയ൪ന്ന ലൈംഗികാരോപണത്തേക്കാളുപരി  കേസിൽ സാക്ഷികളെയോ ജുഡീഷ്യറിയെയോ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ടോയെന്നതിനെക്കുറിച്ചാണ് പ്രധാനമായും പ്രത്യേകസംഘം അന്വേഷിച്ചത്. പെൺവാണിഭ കേസിൽ പ്രതിയാകാതിരിക്കാൻ ഇരകൾക്കും മുൻ അഡ്വക്കറ്റ് ജനറലിനുമടക്കം താൻ മുഖേന കൈക്കൂലി കൊടുത്തുവെന്ന റഊഫിന്റെ വെളിപ്പെടുത്തലിനെത്തുട൪ന്നാണ് മന്ത്രിയെ പ്രതിയാക്കി പൊലീസ് കേസെടുത്തത്. ഇതുസംബന്ധിച്ച് വ്യക്തമായ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥ൪ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

 


കഴിഞ്ഞ സ൪ക്കാറിന്റെ കാലത്ത് സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനായ ശാന്തി ഭൂഷണിൽനിന്ന് ഐസ്ക്രീം കേസിൽ നിയമോപദേശം തേടിയിരുന്നു. കേസ് ഡയറി അഭിഭാഷകനെ കാണിക്കണമെന്ന് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്വേഷണസംഘം മേധാവിയോട് ആവശ്യപ്പെട്ടത്  ഏറെ വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ നി൪ദേശം തള്ളിയാണ് അന്ന് അന്വേഷണസംഘം മുന്നോട്ടുപോയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.