പുല്‍ഗാവിലേത് എട്ടാമത്തെ ദുരന്തം

മുംബൈ: 16 വര്‍ഷത്തിനിടെ സൈനിക ആയുധപ്പുരകളിലുണ്ടാകുന്ന എട്ടാമത്തെ ദുരന്തമാണ് മഹാരാഷ്ട്രയിലെ പുല്‍ഗാവിലുള്ള സെന്‍ട്രല്‍ അമ്യൂണിഷന്‍ ഡിപ്പോയില്‍ ചൊവ്വാഴ്ചയുണ്ടായ തീപിടിത്തം. 2002 ഏപ്രില്‍ 28ന് രാജസ്ഥാനിലെ ഭരത്പുരിലുള്ള ആയുധപ്പുരക്ക് തീപിടിച്ചതാണ് ആദ്യത്തേത്. രണ്ടു പേര്‍ മരിക്കുകയും ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത തീപിടിത്തത്തില്‍ 376 കോടി രൂപയുടെ നഷ്ടമാണ് സൈന്യത്തിനുണ്ടായത്. ഈ ദുരന്തത്തിന് ഒരു വയസ്സു തികയുമ്പോഴാണ് ചണ്ഡിഗഢിലെ മാമൂണ്‍ കന്‍േറാണ്‍മെന്‍റില്‍ തീപിടിത്തമുണ്ടാകുന്നത്. ആളപായമുണ്ടായിട്ടില്ല. 15 കോടിയിലേറെ നഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. അതേ വര്‍ഷം മേയ് 24ന് ജയ്പുരിലെ ബര്‍ദ്വാലിലുള്ള ആയുധപ്പുരയിലും വന്‍ തീപിടിത്തമുണ്ടായി. ആളപായമില്ല.2002 ജനുവരി 11ന് ബികാനീറിലെ ഉദാസര്‍ സൈനിക മേഖലയിലെ സബ് ഡിപ്പോയിലാണ് പിന്നീട് തീപിടിത്തമുണ്ടായത്.

തീപിടിത്തത്തിനിടെ റോക്കറ്റ് പറന്നുവീണ് രണ്ട് ഗ്രാമീണരാണ് ദുരന്തത്തില്‍ മരിച്ചത്. അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഞ്ചാമത്തെ ദുരന്തം 2008 ഡിസംബര്‍ നാലിന് ഗുജറാത്തിലെ ഭുജിലുള്ള സൈനിക ആയുധപ്പുരയിലായിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് സ്ഫോടനമുണ്ടാകുകയായിരുന്നു. രണ്ട് സൈനികര്‍ മരിക്കുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാലാവധി കഴിഞ്ഞ പടക്കോപ്പുകളില്‍ പരിശോധന നടക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.ഭീകരാക്രമണമാണെന്ന് ആദ്യം സംശയിച്ച സംഭവമായിരുന്നു ഇത്.

2010 മാര്‍ച്ച് 26ന് ബര്‍ദ്വനിലെ പണാഗഢിലുള്ള സൈനിക ഡിപ്പോയിലാണ് പിന്നീട് തീപിടിത്തമുണ്ടായത്. ചെറിയ ആയുധങ്ങളും സ്ഫോടക വസ്തുക്കളും സൂക്ഷിച്ച ഷെഡിലായിരുന്നു തീപിടിത്തം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വിശാഖപട്ടണത്തെ നാവികസേനയുടെ നേവല്‍ ആംസ് ഡിപ്പോയില്‍ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. സ്ഫോടനത്തെ തുടര്‍ന്ന് തീപിടിത്തമുണ്ടാകുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്തെതന്നെ വലിയ സൈനിക ആയുധപ്പുരയാണ് ചൊവ്വാഴ്ച തീപിടിത്തമുണ്ടായ പുല്‍ഗാവ് സെന്‍ട്രല്‍ അമ്യൂണിഷന്‍ ഡിപ്പോ. 16 വര്‍ഷത്തിനിടെ നടന്ന വലിയ ദുരന്തവും ഇതാണ്. ഒരു ലഫ്. കേണലും മേജറും ജവാനുമടക്കം 16 പേരാണ് പുല്‍ഗാവ് തീപിടിത്തത്തില്‍ മരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.