ഒൗറംഗാബാദ് ആയുധവേട്ട കേസില്‍ ശിക്ഷാവിധി ചൊവ്വാഴ്ച

മുംബൈ: 2006ലെ ഒൗറംഗാബാദ് ആയുധവേട്ട കേസില്‍ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമ (മകോക) കോടതി കുറ്റക്കാരെന്ന് കണ്ടത്തെിയവര്‍ക്കുള്ള ശിക്ഷ ചൊവ്വാഴ്ച വിധിക്കും. മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അബൂ ജുന്ദല്‍ എന്ന സബീഉദ്ദീന്‍ അന്‍സാരി അടക്കം 12 പേരെയാണ് കുറ്റക്കാരെന്ന് വിധിച്ചത്. പ്രതികള്‍ക്കെതിരെ ചുമത്തിയ ‘മകോക’ നിയമം തള്ളിയാണ് കോടതി വിധി. ശിക്ഷ സംബന്ധിച്ച ഇരുഭാഗത്തിന്‍െറയും വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. പരമാവധി ശിക്ഷയാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. രഹസ്യ വിവരത്തെ തുടര്‍ന്ന് 2006 മേയ് എട്ടിന് ഒൗറംഗാബാദിലെ ചന്ദ്വാഡ്-മന്‍മാഡ് ഹൈവേയില്‍ നടത്തിയ റെയ്ഡിലും അനുബന്ധ പരിശോധനയിലും 30 കിലോ ആര്‍.ഡി.എക്സും 10 എ.കെ 47 തോക്കുകളും 3200 വെടിയുണ്ടകളും കണ്ടത്തെിയെന്നാണ് എ.ടി.എസ് കേസ്. 21 പേരാണ് വിചാരണ നേരിട്ടത്. എട്ടുപേരെ കോടതി വെറുതെവിട്ടു.

എ.ടി.എസ് തകര്‍ത്തത് ജീവിതത്തിലെ പ്രധാന ദശകമെന്ന് അസീം
മുംബൈ: മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന (എ.ടി.എസ്) തകര്‍ത്തത് തന്‍െറ ജീവിതത്തിലെ പ്രധാന ദശകമെന്ന് 2006ലെ ഒൗറംഗാബാദ് ആയുധ വേട്ട കേസില്‍ ‘മകോക’ കോടതി  കുറ്റമുക്തനാക്കിയ അബ്ദുല്‍ അസീം. ആംബുലന്‍സ് ഡ്രൈവറായുള്ള സര്‍ക്കാര്‍ ജോലി സ്ഥിരമാക്കുന്ന ഉത്തരവ് കൈപ്പറ്റാന്‍ ഒരു മാസം ബാക്കിനില്‍ക്കെ 2006 ജൂണിലാണ് അസീമിനെ എ.ടി.എസ് അറസ്റ്റ് ചെയ്തത്. തോക്കും വെടിയുണ്ടകളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്ത ടാറ്റാ സുമോ ഓടിച്ചത് അബ്ദുല്‍ അസിം ആണെന്നായിരുന്നു എ.ടി.എസ് കേസ്.

ആയുധവേട്ടയുമായി ബന്ധപ്പെട്ട് പേര് പറഞ്ഞുകേട്ടതോടെ പൊലീസില്‍ ചെന്ന് കീഴടങ്ങുകയായിരുന്നുവെന്ന് അസീം പറയുന്നു. പ്രണയിനിയെ വിവാഹം ചെയ്യാനിരിക്കെയായിരുന്നു ജീവിതം കീഴ്മേല്‍മറിഞ്ഞ സംഭവം. 10 വര്‍ഷത്തിനു ശേഷം ജയിലില്‍നിന്നിറങ്ങുമ്പോള്‍ ജോലിയും പ്രണയിനിയെയും നഷ്ടപ്പെട്ടു. 2008ല്‍ പിതാവ് മരിച്ചപ്പോള്‍ അവസാനമായി കാണാനോ ഖബറടക്കത്തില്‍ പങ്കെടുക്കാനോ കഴിയാത്തത് നൊമ്പരപ്പെടുത്തുന്നു. ഇനിയെല്ലാം ഒന്നില്‍നിന്നു തുടങ്ങണമെന്ന് അസീം പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.