പഴയ വാഹനങ്ങളുടെ നിരോധം; നടപടി വിധി പഠിച്ച ശേഷമെന്ന് ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ പഴയ ഡീസല്‍ വാഹനങ്ങള്‍ ഘട്ടംഘട്ടമായി ഒഴിവാക്കണമെന്ന ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി വിശദമായി പഠിച്ചശേഷം മാത്രമേ തുടര്‍നടപടികള്‍ ആരംഭിക്കൂവെന്ന് ഡല്‍ഹി സര്‍ക്കാര്‍. 10 മുതല്‍ 15 വര്‍ഷം വരെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ അംഗീകാരം റദ്ദുചെയ്യണമെന്നും തലസ്ഥാന മേഖലയില്‍ പ്രവേശിക്കുന്നത് തടയണമെന്നുമുള്ള വിധിയുടെ പശ്ചാത്തലത്തില്‍ ഗുഡ്സ് വാഹന ഉടമകള്‍ നിവേദനം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

10-15 വര്‍ഷം പഴക്കമുള്ള ട്രക്കുകള്‍ക്ക് പരിശോധിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് 30 ചരക്കുവാഹന സംഘടനകളുടെ പ്രതിനിധികള്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഗതാഗത മന്ത്രി സത്യേന്ദ്ര ജയിന്‍ എന്നിവരെ കണ്ട് ആവശ്യപ്പെട്ടത്.
പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള രണ്ടര ലക്ഷം ട്രക്കുകള്‍ ഡല്‍ഹിയിലുണ്ടെന്നും പ്രതിദിനം 80,000 ട്രക്കുകള്‍ പുറത്തുനിന്ന് ഡല്‍ഹിയില്‍ പ്രവേശിക്കുന്നുണ്ടെന്നും ഡല്‍ഹി ഗുഡ്സ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ പ്രസിഡന്‍റ് ത്രിലോചന്‍ സിങ് ധില്ലന്‍ പറഞ്ഞു.

ഇതിനു പുറമെ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത 1600 ആംബുലന്‍സുകളില്‍ 991 എണ്ണം പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വണ്ടികളാണ്. വിധി വിശദമായി പഠിച്ച് നിയമോപദേശം തേടിയ ശേഷം ഇക്കാര്യത്തില്‍ നടപടികള്‍ പ്രഖ്യാപിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. എന്നാല്‍, 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ ഒഴിവാക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പമില്ളെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.