കര്‍ണാടകയില്‍ ഹെഡ് കോണ്‍സ്റ്റബ്ളും ജീവനൊടുക്കി

ബംഗളൂരു: കര്‍ണാടകയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കടുത്ത മാനസിക സമ്മര്‍ദം നേരിടുന്നെന്ന ആരോപണങ്ങള്‍ക്കിടെ മറ്റൊരു ഉദ്യോഗസ്ഥന്‍കൂടി ജീവനൊടുക്കി. വിജയപുരയിലെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ (ഐ.ആര്‍.ബി) ഹെഡ് കോണ്‍സ്റ്റബ്ള്‍ അന്നറാവു സായ്ബന്നയാണ് (48) വെള്ളിയാഴ്ച ആത്മഹത്യ ചെയ്തത്. കലബുറഗി നഗരത്തിലെ താജ് സുല്‍ത്താന്‍പുറിലുള്ള കെ.എസ്.ആര്‍.പി ക്വാര്‍ട്ടേഴ്സില്‍ രാവിലെ തൂങ്ങിമരിക്കുകയായിരുന്നു.

സംസ്ഥാനത്ത് മൂന്നാഴ്ചക്കിടെയുണ്ടായ രണ്ടു ഡിവൈ.എസ്.പിമാരുടെ ആത്മഹത്യയും വനിതാ എസ്.ഐയുടെയും ഹാസന്‍ അസിസ്റ്റന്‍റ് കമീഷണറുടെയും ആത്മഹത്യാശ്രമങ്ങളും സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കെയാണ് പുതിയ സംഭവം. ഒരു വര്‍ഷം മുമ്പ് ഹെഡ് കോണ്‍സ്റ്റബ്ളായി സ്ഥാനക്കയറ്റം നല്‍കിയ അന്നറാവുവിനെ ഐ.ആര്‍.ബിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതില്‍ അസന്തുഷ്ടനായ അദ്ദേഹം കലബുറഗിയിലെ കെ.എസ്.ആര്‍.പി ബറ്റാലിയനിലേക്ക് തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് അപേക്ഷയും നല്‍കി.

ഇദ്ദേഹത്തിന്‍െറ സ്ഥലംമാറ്റത്തിനുള്ള അപേക്ഷ പരിഗണിക്കാത്തതില്‍ ഏതാനും ദിവസമായി മനോവിഷമത്തിലായിരുന്നെന്ന് ഭാര്യ സീതാഭായ് പറഞ്ഞു. അതേസമയം, അന്നറാവുവിനൊപ്പം സ്ഥലംമാറ്റിയ എട്ടു കോണ്‍സ്റ്റബ്ള്‍മാരുടെ കലബുറഗിയിലേക്ക് തിരികെ മാറ്റണമെന്ന അപേക്ഷ പരിഗണിക്കുകയും ചെയ്തു.
അന്നറാവു മദ്യപാനിയാണെന്നും ആരോഗ്യപ്രശ്നങ്ങള്‍ വേട്ടയാടിയിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. മേലുദ്യോഗസ്ഥരില്‍നിന്ന് തൊഴില്‍പരമായി പീഡനം നേരിട്ടിരുന്നതായി ഒരിക്കല്‍പോലും പരാതിപ്പെട്ടിട്ടില്ളെന്നും സ്ഥലംമാറ്റത്തിനുള്ള അപേക്ഷ പരിഗണിക്കാത്തതിന്‍െറ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നും ഭാര്യ വ്യക്തമാക്കി. നാലു മക്കളുണ്ട്.

പൊലീസ് ജീവനക്കാരുടെ മാനസിക സമ്മര്‍ദം കുറക്കുന്നതിന് വിദഗ്ധരുടെ സഹായത്തോടെ കൗണ്‍സലിങ്, യോഗ സെഷനുകള്‍ നിര്‍ബന്ധമാക്കാനുള്ള തയാറെടുപ്പിലാണ് സര്‍ക്കാര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.