രാജ്യസഭ സ്തംഭിപ്പിച്ച് ആന്ധ്രക്കായുള്ള സ്വകാര്യ ബില്‍ സര്‍ക്കാര്‍ തടഞ്ഞു

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാനയുണ്ടാക്കിയ നിയമത്തില്‍ ഭേദഗതി നിര്‍ദേശിച്ച് കോണ്‍ഗ്രസ് എം.പി കൊണ്ടുവന്ന സ്വകാര്യ ബില്‍ പാസാക്കുന്നത് രാജ്യസഭ സ്തംഭിപ്പിച്ച് സര്‍ക്കാര്‍ തടഞ്ഞു. സഭയില്‍ പതിവായുണ്ടാകുന്ന ബഹളങ്ങളില്‍ നിന്ന് സ്വകാര്യ ബില്ലുകളെ മാറ്റിനിര്‍ത്താറുള്ള പതിവ് തെറ്റിച്ചാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും പാര്‍ലമെന്‍ററി കാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയും മന്ത്രിമാര്‍ അടക്കമുള്ള ബി.ജെ.പി അംഗങ്ങളെ നടുത്തളത്തിലിറക്കി തടഞ്ഞ് സര്‍ക്കാറിന് തിരിച്ചടി ഏല്‍ക്കുന്നത് തല്‍ക്കാലം ഒഴിവാക്കിയത്.

സ്വകാര്യ ബില്‍ അവതരണത്തിനുള്ളതായതിനാല്‍ സാധാരണഗതിയില്‍ പാര്‍ട്ടികള്‍ വെള്ളിയാഴ്ച ഉച്ചക്ക് ശേഷം സഭ സ്തംഭിപ്പിക്കാറില്ല. എന്നാല്‍, വിഭജനത്തെ തുടര്‍ന്ന് ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിക്കുന്നതിനുള്ള കോണ്‍ഗ്രസ് എം.പി കെ.വി.പി. രാമചന്ദ്ര റാവുവിന്‍െറ സ്വകാര്യ ബില്‍ പാസാക്കാനായി വെള്ളിയാഴ്ച ഉച്ചക്ക് ശേഷമുള്ള സ്വകാര്യ ബില്ലുകളുടെ കൂട്ടത്തിലുണ്ടായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന ആന്ധ്ര വിഭജിച്ചുകൊണ്ടുള്ള പുനഃസംഘടനാ ബില്ലില്‍ പ്രത്യേക പദവിക്ക് വ്യവസ്ഥ ഇല്ളെന്ന തടസ്സവാദം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും മോദി സര്‍ക്കാറും ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഇത്തരമൊരു ബില്‍ കൊണ്ടുവന്നത്. ഇതിന്മേല്‍ ചര്‍ച്ച നടത്തിയപ്പോള്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ തെലുഗുദേശം പാര്‍ട്ടി അടക്കം പിന്തുണച്ചിരുന്നു. ഇത് പാസാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ വെള്ളിയാഴ്ച ഉച്ചക്ക് ശേഷം നാട് പിടിക്കാറുള്ള മുഴുവന്‍ എം.പിമാരും സഭയില്‍ ഹാജരാകണമെന്ന് കോണ്‍ഗ്രസ് എല്ലാ എം.പിമാര്‍ക്കും വിപ്പും നല്‍കി.

കോണ്‍ഗ്രസിന്‍െറ സ്വകാര്യ ബില്‍ പാസാകുന്നത് മോദി സര്‍ക്കാറിന് തിരിച്ചടിയാകുമെന്ന് കണ്ട ജെയ്റ്റ്ലിയും നഖ്വിയും ഭഗവത് മാനിന്‍െറ വിഷയമുന്നയിക്കാനും സഭയുടെ നടുത്തളത്തിലിറങ്ങാനും സ്വന്തം എം.പിമാരെ ശട്ടംകെട്ടി. ലോക്സഭാംഗമായ കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ഇതിനായി രാജ്യസഭയിലത്തെുകയും ചെയ്തു. കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയും സി.പി.എം നേതാവ് സീതാറാം യെച്ചൂരിയും ഇത് ചോദ്യം ചെയ്തെങ്കിലും ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ നിസ്സഹായത പ്രകടിപ്പിച്ചു. ബില്‍ അവതരിപ്പിക്കാതെ മാന്‍ വിഷയം ഉന്നയിക്കാന്‍ അനുവദിക്കില്ളെന്ന് കുര്യന്‍ കൗറിനോട് പറഞ്ഞു.

പഞ്ചാബും കേന്ദ്രവും ഭരിക്കുന്നത് എന്‍.ഡി.എ ആയിരിക്കെ മാനിനെ അറസ്റ്റ് ചെയ്യാതെ ആ ആവശ്യമുന്നയിച്ച് സഭ സ്തംഭിപ്പിക്കുന്നത് ബില്‍ അട്ടിമറിക്കാന്‍ വേണ്ടിയാണെന്ന് കുറ്റപ്പെടുത്തിയ യെച്ചൂരിയും ശര്‍മയും ജെയ്റ്റ്ലി ഇതിന് മറുപടി പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, നടുത്തളത്തില്‍ ബി.ജെ.പി അംഗങ്ങള്‍ മുദ്രാവാക്യം വിളി തുടര്‍ന്നതോടെ ഉപാധ്യക്ഷന്‍ സഭ നിര്‍ത്തിവെച്ചു. ബില്‍ രണ്ടാഴ്ചക്ക് ശേഷം പാസാക്കാനായി രാജ്യസഭയുടെ അജണ്ടയില്‍ സ്വാഭാവികമായി വീണ്ടും എത്തുമെന്ന് ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ പിന്നീട് ‘മാധ്യമ’ത്തോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.