സ്വര്‍ണ്ണ കുപ്പായക്കാരന്‍െറ കൊലക്കു പിന്നില്‍ ഭൂമി ഇടപാടെന്ന്


മുംബൈ: 3.5 കിലൊ സ്വര്‍ണ്ണംകൊണ്ട് ഷര്‍ട്ടുണ്ടാക്കിയണിഞ്ഞ് ശ്രദ്ധനേടിയ പൂണെ വ്യവസായി ദത്താത്രേയ ഫുഗെയുടെ കൊലപാതകത്തിന് പിന്നില്‍ ഭൂമി ഇടപാടെന്ന് പൊലീസ്. അറസ്റ്റിലായ ഒമ്പത് പേരുടെ റിമാന്‍റ് അപേക്ഷയിലാണ് പൂണെ പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ഫുഗെയുടെ സുഹൃത്ത് അതുല്‍ മോഹിതെയാണ് മുഖ്യ പ്രതി. ഇയാളടക്കം മൂന്ന് പേരെ പിടികൂടിയിട്ടില്ല. അറസ്റ്റ്ലായ ഒമ്പത് പേരെ കോടതി 22 വരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍റ്ചെയ്തു. വ്യാഴാഴ്ച രാത്രി സുഹൃത്തിന്‍െറ ജന്മദിന പാര്‍ട്ടി എന്ന വ്യാജേന അതുല്‍ മോഹിതെ വീട്ടിലത്തെി ദത്താത്രേയ ഫുഗെയെ കൂട്ടികൊണ്ടുപോകുകയായിരുന്നു. പൂണെയിലെ ദിഗി മൈതാനത്ത് വെച്ച് അതുല്‍ മോഹിതെ അടക്കം 12 പേര്‍ വെട്ടിയും കല്ലുകൊണ്ട് ഇടിച്ചും കൊലപ്പെടുത്തുകയായിരുന്നു. തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമായിരുന്നു ഫുഗെയുടെ മുഖമെന്ന് പൊലീസ് പറഞ്ഞു. അതുല്‍ മോഹിതെ ആവശ്യപ്പെട്ടത് പ്രകാരം ജന്മദിന വിരുന്നിന് ബിരിയാണിയുമായി ചെന്ന ഫുഗെയുടെ മകന്‍ ശുഭം ഫുഗെയും സുഹൃത്തുമാണ് സംഭവത്തിന്‍െറ ദൃക്സാക്ഷികള്‍. സംഭവ സ്ഥലത്ത് എത്തിയ ശുഭം പിതാവിനെ വെട്ടി വീഴ്ത്തിയ ശേഷം കല്ലുകൊണ്ട് ഇടിക്കുന്നതാണ് കണ്ടതെന്ന് പൊലീസ് പറഞ്ഞു. 2012 ലാണ് സ്വര്‍ണ്ണം കൊണ്ട് ഷര്‍ട്ടുണ്ടാക്കി അണിഞ്ഞ് ദത്താത്രേയ ഫുഗെ പൂണെയുടെ സ്വര്‍ണ്ണ മനുഷ്യനായി പ്രശസ്തനാകുന്നത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.